1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2020

സ്വന്തം ലേഖകൻ: കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ റോഡുകളില്‍ തള്ളുന്ന വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങളില്‍ വന്ന് ഒരാഴ്ച പിന്നിടുമ്പോഴും മൃതദേഹം സംസ്‌കരിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഇക്വഡോറിലെ ജനങ്ങള്‍. പലരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കെട്ടിപ്പൊതിഞ്ഞ് വീട്ടിനുളളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് ബിബിസി പുറത്തുവിട്ട വീഡിയോയിൽ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് കാണാനാവുന്നത്.

മൃതദേഹത്തെ റോഡിലുപേക്ഷിച്ച് ആളുകള്‍ ഓടിപ്പോകുന്നതും വീട്ടില്‍ വെളുത്തതുണിയില്‍ പൊതിഞ്ഞ് മൃതദേഹം സൂക്ഷിച്ചുവെച്ചിരിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. മൃതദേഹത്തില്‍ നിന്ന് ദുർഗന്ധം വരാതിരിക്കാനായി പ്ലാസ്റ്റിക് കവര്‍ കൊണ്ട് ചിലര്‍ പൊതിഞ്ഞിട്ടുമുണ്ട്.

‘മരിച്ച കുടുംബാംഗങ്ങളുടെ മൃതദേഹം കഴിഞ്ഞ അഞ്ചുദിവസമായി ഞങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുകയാണ്. അയല്‍ക്കാരില്‍ നിന്ന് പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. കാരണം മൃതദേഹത്തില്‍ നിന്ന് വരുന്ന ദുർഗന്ധം അസഹനീയമാണ്.’ ഗ്വയാക്വിലിലെ ഒരു സ്ത്രീ പറയുന്നു.

കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ തെരുവില്‍ തള്ളിയ 300 മൃതദേഹങ്ങളാണ് അധികൃതര്‍ ശേഖരിച്ചത്. ഇക്വഡോറിലെ മരണസംഖ്യയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഔദ്യോഗിക കണക്കുകള്‍ വ്യക്തമല്ലെന്ന് മൃതദേഹം ശേഖരിക്കുന്ന ജീവനക്കാരന്‍ പറയുന്നു. ഒരിടത്തുനിന്നുമാത്രം അവര്‍ 10-15 മൃതദേഹങ്ങള്‍ ശേഖരിച്ചുവത്രേ. മരത്തില്‍ നിര്‍മിച്ച ശവപ്പെട്ടികള്‍ പോലും ഗ്വയാക്വിലില്‍ കിട്ടാനില്ല. പലരും കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാണ് മൃതദേഹം ഏറ്റുവാങ്ങുന്നത്.

നോക്കൂ, ആ കെട്ടിടത്തിന് പിറകില്‍ നിരവധി മൃതദേഹങ്ങള്‍ കൂട്ടിയിട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് മുഖം നോക്കിയാല്‍ മനസ്സിലാകില്ല. മുഖമെല്ലാം അഴുകി വികൃതമായിട്ടുണ്ട്. പുഴുവരിക്കുന്നുണ്ട്. സമീപത്തുള്ള ഒരു കെട്ടിടം ചൂണ്ടിക്കാട്ടി ഗ്വയാക്വില്‍ സ്വദേശിനി പറഞ്ഞു.

മുമ്പ് പ്രതിദിനം 35 പേര്‍ ഗ്വയാക്വിലില്‍ മരണപ്പെട്ടിരുന്നു. ഇപ്പോള്‍ അത് 150 ആണ്. തുടക്കത്തില്‍ മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ ആണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരിക്കുകയാണ്. ഞങ്ങള്‍ നടപടികള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ വലിയ ഒരു പ്രക്രിയ തന്നെ അതിനുവേണ്ടി വരും. ഇന്നെനിക്ക് ഉറപ്പുപറയാന്‍ സാധിക്കും ഒരു മൃതദേഹവും ഇനി ശേഖരിക്കാന്‍ ബാക്കിയില്ലെന്ന്. ഒരു സര്‍ക്കാര്‍ വക്താവ് ബിബിസിയോട് പറഞ്ഞു.

മഹാമാരിയോടുള്ള തങ്ങളുടെ വൈകിയ പ്രതികരണത്തിന് സര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറഞ്ഞിരുന്നു. ഇക്വഡോറിലെ കോവിഡ് 19 പ്രഭവകേന്ദ്രമാണ് ഗ്വയാക്വില്‍. 20 ലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്. തുറമുഖ പട്ടണമായ ഇവിടെയാണ് ഏററവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യയും കൂടുതലാണ്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് അധികൃതര്‍ ഇവിടെ കാര്‍ഡ്ബോര്‍ഡ് ശവപ്പെട്ടികള്‍ വിതരണം ചെയ്തിരുന്നു.

ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാലയുടെ തിങ്കളാഴ്ചയിലെ കണക്ക് അനുസരിച്ച് 7,466 പേര്‍ക്കാണ് ഇക്വഡോറില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 333 പേര്‍ അസുഖബാധിതരായി മരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.