1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2020

സ്വന്തം ലേഖകൻ: യൂറോപ്പിൽ ആകെ മരണം 75,000 കവിഞ്ഞു. ഇതിൽ 80 ശതമാനവും ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ്. യൂറോപ്പിൽ ആകെ രോഗികൾ 9 ലക്ഷം കവിഞ്ഞു. ബ്രിട്ടനിൽ 24 മണിക്കൂറിൽ 700 ലേറെ മരണം, ആകെ മരണം 10,000 കവിഞ്ഞു. ബ്രിട്ടനിലെ സ്ഥിതി മറ്റെല്ലാ യൂറോപ്യൻ രാജ്യങ്ങളിലേക്കാളും മോശമാകുമെന്ന് മുന്നറിയിപ്പുണ്ട്.

അമേരിക്കയിലെ ആകെ രോഗികൾ 5 ലക്ഷത്തിലേറെ വരും. സ്പെയിൻ, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങളിലെ ആകെ രോഗികളുടെ എണ്ണമാണിത്. ന്യൂയോർക്കിൽ മാത്രം മരണം 9,000 കടന്നു. രോഗികൾ 1.81 ലക്ഷം. അകലം പാലിക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങൾ 30 വരെ നീട്ടി. അരലക്ഷത്തോളം സൈനികരാണു കോവിഡ് പ്രതിരോധ രംഗത്തുള്ളത്.

ആകെ മരണം 21,000 കടന്നതോടെ കോവിഡ് മരണസംഖ്യയിൽ യുഎസ് ഇറ്റലിയെ (19,899) മറികടന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ്, 50 സംസ്ഥാനങ്ങളും ദുരന്തബാധിതമായി പ്രഖ്യാപിച്ചു.

കോവിഡ് വ്യാപനം സംബന്ധിച്ച മുന്നറിയിപ്പുകളെ അവഗണിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവരം മറച്ചുവയ്ക്കാനും ശ്രമിച്ചതായി റിപ്പോർട്ട്. രാജ്യത്തെ ഇന്റലിജൻസ് ഏജൻസികളും ആരോഗ്യവകുപ്പ് അധികൃതരും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരും നൽകിയ മുന്നറിയിപ്പുകൾ പ്രസിഡന്റ് അവഗണിച്ചെന്നാണു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്.

ബ്രിട്ടനിൽ മരണനിരക്ക് ഇനിയും വളരെ വർധിക്കുമെന്ന് ബ്രിട്ടിഷ് സർക്കാരിന്റെ ശാസ്ത്ര ഉപദേശക സമിതിയായ സെയ്ജിന്റെ ചുമതലയുള്ള വെൽകം ട്രസ്റ്റ് ഡയറക്ടർ സർ ജെറമി ഫരാർ പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ ജർമനിയെ മാതൃകയാക്കാമെന്നും അദ്ദേഹം പറഞ്ഞു. ജർമനി വ്യാപകമായ പരിശോധനയിലൂടെയും കൃത്യമായ ഐസലേഷനിലൂടെയും രോഗവ്യാപനം പിടിച്ചുനിർത്തി. മരണനിരക്കും നിയന്ത്രിച്ചു.

കോവിഡ് മൂലം ശ്വാസതടസ്സവും ചുമയും രൂക്ഷമായി ഐസിയുവിലായിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആശുപത്രി വിട്ടു. കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച പ്രധാനമന്ത്രി 3 ദിവസമാണ് ഐസിയുവിൽ കഴിഞ്ഞത്.

ആശുപത്രി വിട്ടെങ്കിലും ബക്കിങ്ങാംഷറിലുള്ള ഔദ്യോഗിക ഗ്രാമീണ വസതിയായ ചെക്കേഴ്സിൽ ഏതാനും ദിവസം വിശ്രമിച്ചതിനു ശേഷമായിരിക്കും ചുമതലകളിലേക്കു തിരിച്ചെത്തുക. വിദേശകാര്യമന്ത്രി ഡൊമിനിക് റാബിനാണു താൽകാലിക ചുമതല. എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും താനിപ്പോൾ ജീവനോടെയിരിക്കുന്നതിനു സെന്റ് തോമസ് ആശുപത്രിയിലെ ഡോക്ടർമാ‍ർ ഉൾപ്പെടെ ജീവനക്കാരോടു കടപ്പെട്ടിരിക്കുന്നെന്നും ജോൺസൻ പ്രസ്താവനയിൽ പറഞ്ഞു.

ദക്ഷിണ കൊറിയയിൽ ആകെ രോഗികൾ 10,000 കടന്നുവെങ്കിലും ഒരാൾക്കുപോലും രോഗം സ്ഥിരീകരിക്കാതെ ഉത്തര കൊറിയ. കോവിഡ് പ്രതിരോധത്തിനായി കടുത്ത നടപടികളുമായി മുന്നോട്ടു പോകാൻ ഭരണാധികാരി കിം ജോങ് ഉൻ അധ്യക്ഷത വഹിച്ച ഉന്നത യോഗത്തിൽ തീരുമാനം. രാജ്യത്തു കർശന പരിശോധനകൾ തുടരുന്നു. നിലവിൽ 500 പേർ ക്വാറന്റീനിൽ ഉണ്ടെങ്കിലും ആർക്കും രോഗമില്ലെന്ന് അധികൃതർ അറിയിച്ചു. സർക്കാർ മാധ്യമങ്ങൾ ഞായറാഴ്ച പുറത്തുവിട്ട ഉന്നത യോഗത്തിന്റെ ചിത്രങ്ങളിൽ കിം അടക്കം ആരും മുഖാവരണം ധരിച്ചിട്ടില്ല. അകലവും പാലിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.