1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2020

സ്വന്തം ലേഖകൻ: വിദേശത്ത് വച്ചു മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ കൊണ്ടു വരുന്നത് സംബന്ധിച്ച് ഉണ്ടായ തടസങ്ങൾ തീർന്നു. പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതു സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കി. വിദേശകാര്യ മന്ത്രാലയത്തിൻറെയും ആരോഗ്യമന്താലയത്തിൻറെയും അനുമതിയോടെ മൃതദേഹം കൊണ്ടു വരാം എന്ന് ഉത്തരവിൽ പറയുന്നു.

ഇതോടെ ഈ ദിവസങ്ങളിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ട മലയാളികൾ അടക്കമുള്ളവരുടെ മൃതദേഹങ്ങൾ നാട്ടിൽ തിരിച്ച് എത്തിക്കാൻ വഴിയൊരുങ്ങി. അതേസമയം കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം തിരിച്ചു കൊണ്ടു വരാൻ സാധിക്കില്ല. കൊവിഡ് രോഗികൾ മരണപ്പെട്ടാൽ ഏറ്റവും അടുത്തുള്ള പ്രദേശത്ത് തന്നെ സംസ്കരിക്കുന്നതാണ് പതിവ്.

ഇതിനിടെ വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. ഇന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബേ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിയുമായി ഇക്കാര്യത്തിൽ പ്രാഥമിക ആശയവിനിമയം നടത്തി. വിദേശത്ത് നിന്നും തിരികെ വരുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ കേരളം പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്ന് വിമാനസര്‍വീസുകള്‍ തുടങ്ങിയാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കൊവിഡ് കാലത്ത് ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ താല്‍ക്കാലിക സന്ദര്‍ശകരെയും, രോഗികളെയുമെങ്കിലും തിരികെ എത്തിക്കണമെന്ന് പല തവണ കേരളം കേന്ദ്രസര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.

പ്രവാസികളെ പരിശോധിക്കുന്നതിനായി കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളോടനുബന്ധിച്ചും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വരുന്നവരെ പരിശോധിക്കാനും ക്വാറന്റൈന്‍ ചെയ്യാനും ആ ഘട്ടത്തില്‍ എല്ലാ സൗകര്യങ്ങളും നല്‍കാനും ആലോചിച്ചിട്ടുണ്ട്. അതിനുള്ള താമസസൗകര്യം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

തിരിച്ചെത്തുന്നവരുടെ പരിശോധനയ്ക്കായി ആശുപത്രി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വരുന്നവരുടെ വിശദാംശങ്ങള്‍ പരിശോധിച്ച് ക്വാറന്റൈന്‍ ചെയ്യേണ്ട സ്ഥലം ആരോഗ്യവകുപ്പ് നിശ്ചയിക്കും. ഗതാഗതവകുപ്പ് യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളങ്ങള്‍ക്കു സമീപം ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ചുമതല തദ്ദേശസ്വയംഭരണ വകുപ്പും പൊതുമരാമത്ത് വകുപ്പും സംയുക്തമായി നിര്‍വഹിക്കും.

ക്വാറന്റൈന്‍ സെന്ററുകളില്‍ ആളുകളെ പരിശോധിച്ച് നെഗറ്റീവ് റിസള്‍ട്ടുള്ളവരെ വീടുകളിലേക്ക് നിരീക്ഷണത്തിന് അയക്കും. വിദേശങ്ങളില്‍നിന്നു വരുന്നവര്‍ നോര്‍ക്കയിലോ എംബസി മുഖേനയോ രജിസ്റ്റര്‍ ചെയ്യണം. വയോജനങ്ങള്‍, വിസിറ്റിങ് വിസയില്‍ പോയി മടങ്ങുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, കൊവിഡ് അല്ലാത്ത ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കാനാണ് ഉദ്ദേശ്യമെന്നും സംസ്ഥാനം അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.