1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ മെയ് 15 വരെ ഭാഗികമായി ലോക്ക്ഡൗണ്‍ തുടരാമെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ശ്രദ്ധാ പൂര്‍വ്വമായ സമീപനം വേണമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു.

മെയ് 15ന് ശേഷമുള്ള കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങളില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനങ്ങളുടെ സവിശേഷത കൂടി പരിഗണിക്കുന്ന ദേശീയ നയമാണ് കേന്ദ്രം കൈക്കൊള്ളേണ്ടതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

“ഭാഗികമായ ലോക്ക്ഡൗണ്‍ മെയ് 15 വരെ തുടരാവുന്നതാണ് എന്നാണ് കേരളത്തിന്റെ അഭിപ്രായം. അന്നത്തെ സാഹചര്യം പരിശോധിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളാവുന്നതാണ്. തൊട്ടു മുമ്പത്തെ ആഴ്ചയില്‍ കോവിഡ് 19 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലകളില്‍ ആള്‍ക്കൂട്ടങ്ങള്‍, പൊതുഗതാഗതം തുടങ്ങിയവ നിയന്ത്രിച്ചും നിലനിര്‍ത്തിക്കൊണ്ടും ശാരീരിക അകലം പാലിച്ചും ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് പരിഗണിക്കാം എന്ന് കേരളം അഭിപ്രായപ്പെട്ടിട്ടുണ്ട്,” മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അന്തര്‍ ജില്ല- സംസ്ഥാന യാത്രകള്‍, പിപിഇ കിറ്റുകളുടെ ആവശ്യകത, മറ്റു സംസ്ഥാനങ്ങളിലെ മലയാളി നഴ്‌സുമാരുടെ സാഹചര്യങ്ങള്‍, ആരോഗ്യ സേതു ആപ്പ് തുടങ്ങിയ കാര്യങ്ങളിലും സര്‍ക്കാര്‍ കേന്ദ്രത്തോട് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അന്തര്‍ ജില്ല, അന്തര്‍ സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.

പി.പി.ഇ കിറ്റുകളുടെ ആവശ്യകത വര്‍ധിക്കുന്ന സാഹചര്യമായതിനാല്‍ അവയുടെ സമാഹാരണത്തിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാര്‍ക്ക് ശുചിത്വമുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഇക്കാര്യം പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ക് ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസ പാക്കേജ് വേണമെന്നും കേരളത്തെ ആരോഗ്യ സേതു ആപ്പില്‍ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.