
സ്വന്തം ലേഖകൻ: ലോക്ക് ഡൗണിന് ശേഷമുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച് വിമാനത്താവളങ്ങൾക്ക് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വിമാനത്താവള അതോറിറ്റി. നിയന്ത്രണങ്ങൾ ലഘൂകരിച്ച ശേഷം ആദ്യ ഘട്ടത്തിൽ മൂന്നിലൊന്ന് സീറ്റുകളിൽ യാത്ര അനുവദിച്ച് കൊണ്ടുള്ള സർവ്വീസുകൾ നടത്താൻ തയ്യാറാകണമെന്നാണ് അതോറിറ്റി നിർദ്ദേശം.
പ്രധാന മെട്രോ നഗരങ്ങളിലും തലസ്ഥാന നഗരങ്ങളിലുമായിരിക്കും ആദ്യഘട്ട സർവ്വീസ് പുനരാരംഭിക്കുക. ഒന്നിലധികം ടെർമിനലുകൾ ഉള്ള വിമാനത്താവളങ്ങൾ ആദ്യഘട്ടത്തിൽ ഒരു ടെർമിനൽ മാത്രമേ ഉപയോഗിക്കാവൂ.നിരവധി ബാഗേജ് കണ്‍വെയല്‍ ബെല്‍റ്റുകള്‍ ഉണ്ടെങ്കിൽ, സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
പ്രവർത്തനങ്ങൾ പൂർണരീതിയിൽ ആകുന്നത് വരെ പരിമിതമായ രീതിയിൽ ഭക്ഷണ പാനീയങ്ങളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും തുറക്കാം. തദ്ദേശസ്ഥാപനങ്ങളിൽ നിന്നോ സംസ്ഥാന ഭരണകൂടത്തിൽ നിന്നോ അനുമതി ലഭിച്ചാൽ മാത്രമേ വിമാനത്താവളങ്ങളിലെ ബാറുകളും റെസ്റ്റോറന്റുകളും മദ്യം വിൽക്കാൻ അനുവദിക്കാവൂയെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നുണ്ട്.
കോവിഡ് -19 ഹോട്ട്‌സ്‌പോട്ടുകളിൽ നിന്ന് എത്തുന്ന വിമാനങ്ങൾക്ക് വിമാനത്താവളങ്ങളിൽ വ്യത്യസ്ത പാർക്കിംഗ് സ്റ്റാൻഡുകളും ബാഗേജ് ബെൽറ്റുകളും അനുവദിക്കേണ്ടതുണ്ട്.രാജ്യത്തെ 100 ലധികം വിമാനത്താവളങ്ങൾ എയർപോർട്ട് അതോറിറ്റിക്ക് കീഴിലാണ്.അതേസമയം
പ്രധാന മെട്രോ നഗരങ്ങളായ ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികളാണ് നിയന്ത്രിക്കുന്നത്.കേരളത്തിൽ തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളാണ് എഎഐയുടെ കീഴിൽ ഉള്ളത്.കൊച്ചിയും കണ്ണൂരും സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിലാണ്.
അതിനിടെ മെയ് പകുതിയോടെ വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ എയർ ഇന്ത്യയും തുടങ്ങിയിരുന്നു. പൈലറ്റുമാരോടും കാബിന്‍ ക്രൂ അംഗങ്ങളോടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. 25 ശതമാനം മുതൽ 30 ശതമാനം വരെ സർവ്വീസുകൾ മെയ് പകുതിയോടെ പുനരാരംഭിക്കാനാണ് നീക്കം.
കാബിൻ ക്രൂ, പൈലറ്റുമാർ എന്നിവരുടെ വിവരങ്ങൾ അറിയിക്കണമെന്ന് കാണിച്ച് സ്റ്റാഫുകൾക്ക് അധികൃതർ മെയിൽ സന്ദേശം അയച്ചിരുന്നു. ക്രൂവിന് ആവശ്യമായ ക്രമീകരണങ്ങളും കർഫ്യൂ പാസുകളും ഉറപ്പാക്കാൻ എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറോടും (ഇഡി) ആവശ്യപ്പെട്ടിട്ടുണ്ട്.ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല