
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് റദ്ദാക്കിയ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചേക്കും. മെയ് 17 മുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനുള്ള ആലോചനകള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
വാണിജ്യ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തയ്യാറെടുപ്പുകള്‍ പരിശോധിക്കാനായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും വ്യോമയാന വകുപ്പിന്റെ ഡയറക്ടര്‍ ജനറലും തിങ്കളാഴ്ച വിമാനത്താവളങ്ങള്‍ സന്ദര്‍ശിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യ ഘട്ടമെന്നോണം, 25 ശതമാനം റൂട്ടുകളിലാവും സര്‍വീസ് നടത്തുക. രണ്ടര മണിക്കൂറില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള യാത്രകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്നും നിര്‍ദ്ദേശമുണ്ട്.
കൊവിഡ് 19 രോഗികളെ കണ്ടെത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന ആരോഗ്യ സേതു ആപ്പ് യാത്രക്കാര്‍ നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം. സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള എല്ലാ ട്രെയിന്‍ യാത്രികരും ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഔദ്യോഗിക തലത്തില്‍നിന്നും നിര്‍ദ്ദേശം ലഭിച്ചാലുടന്‍ യാത്രകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ആഭ്യന്തര വിമാനങ്ങളെന്നാണ് വിവരം. താരതമ്യേന യാത്രക്കാര്‍ കൂടുതലുണ്ടാകുന്ന പ്രധാന റൂട്ടുകളായ ദല്‍ഹി, മുംബൈ, ബെംഗലൂരു എന്നിവിടങ്ങളിലേക്കാവും ആദ്യ ആഭ്യന്തര വിമാനങ്ങള്‍ പറക്കുക. ഗ്രീന്‍ സോണുകളിലേക്കായിരിക്കും മുഖ്യ പരിഗണനയും.
മെയ് 17ന് ശേഷം എ്‌പ്പോള്‍ വേണമെങ്കിലും യാത്രാനുമതി ലഭിച്ചേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിലും വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല