1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2020

സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടിയും മരണം അഞ്ച് ലക്ഷവും കവിഞ്ഞു. രോഗം സ്ഥിരീകരിച്ച നാലിലൊന്ന് കേസുകളും അമേരിക്കയിലാണ്. ലോകത്താദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് 2019 ഡിസംബര്‍ 31 ന്. 2020 ഏപ്രിൽ രണ്ടിന് രോഗികള്‍ പത്ത് ലക്ഷം. മെയ് ഇരുപതോടെ രോഗികളുടെ എണ്ണം അരക്കോടിയിലെത്തി. പിന്നീടുള്ള 40 ദിവസങ്ങള്‍ക്കുള്ളിലാണ് അമ്പത് ലക്ഷം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതും രോഗബാധിതരുടെ എണ്ണം ഒരു കോടിയിലെത്തിയതും.

ചൈനയിലെ വുഹാനില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചതിന് ശേഷം ആറ് മാസമാകുമ്പോള്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടിയും മരണ സംഖ്യ അഞ്ച് ലക്ഷവും കവിഞ്ഞു. ലോകത്തെ കൊവിഡ് ബാധിതരില്‍ നാലിലൊന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ ഇപ്പോഴും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. ഇന്നലെ മാത്രം അര ലക്ഷത്തോളം പേര്‍ക്കാണ് യു എസില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ബ്രസീലിലും ഇന്ത്യയിലും റഷ്യയിലുമെല്ലാം രോഗവ്യാപനം ഉയരുക തന്നെയാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ ബ്രസീലില്‍ 56,000 ത്തിലധികം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

വൈറസിന്റെ വ്യാപനം വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മെയ് അവസാനം രോഗ വ്യാപനത്തില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും ജൂണില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കൊവിഡിന് 3 പുതിയ ലക്ഷണങ്ങൾ കൂടി

ലോകമാകെ ദുരിതം വിതയ്ക്കുന്ന കോവിഡിനു പുതിയ മൂന്നു ലക്ഷണങ്ങൾ കൂടി കണ്ടെത്തിയതായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). ഇതോടെ കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളുടെ എണ്ണം 12 ആയി.

മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ്, ഛർദി, വയറിളക്കം എന്നിവയാണു പുതുതായി ചേർത്ത ലക്ഷണങ്ങൾ. പനി അല്ലെങ്കിൽ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കിൽ ശരീരവേദന, തലവേദന, മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടൽ, തൊണ്ടവേദന തുടങ്ങിയവയാണു സിഡിസിയുടെ പട്ടികയിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.