
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 71 ലക്ഷവും കടന്ന് മുന്നോട്ട്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തിലേറെ പേര്‍ക്കാണ്. അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നപ്പോള്‍ മരണ സംഖ്യ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പിന്നിട്ടു. 7,123,759 പേർക്കാണ് ലോകമൊട്ടാകെ രോഗബാധ. മുപ്പത്തിനാല് ലക്ഷത്തി അന്‍പത്തി മൂവായിരത്തിലേറെ പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ ചികിത്സയിലുള്ളതില്‍ രണ്ട് ശതമാനത്തോളം പേര്‍ ഗുരുതരാവസ്ഥയിലാണ്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 406,777 കോവിഡ് മരണങ്ങളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ അതില്‍ ഇരുപത്തി രണ്ടായിരത്തിലേറെ പേരും അമേരിക്കകാരാണ്.
ഇന്നലെ മാത്രം രാജ്യത്ത് എഴുനൂറ്റി അന്‍പതിലേറെ മരണങ്ങള്‍ സ്ഥിരീകരിച്ചതോടെ അമേരിക്കയില്‍ മരണ സംഖ്യ ഒരുലക്ഷത്തി പത്രണ്ടായിരം പിന്നിട്ടു. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മരണ സംഖ്യയില്‍ കുറവുണ്ടായെങ്കിലും അമേരിക്കയിലും ലാറ്റിനമേരിക്കയിലും മരണ നിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ്.
ബ്രസീലില്‍ ഇരുപത്തി ഏഴായിരം പേര്‍ക്കും പെറുവില്‍ നാലായിരം പേര്‍ക്കും ചിലിയില്‍ അയ്യായിരത്തിലേറെ പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേ സമയം ബ്രസീലില്‍ കോവിഡ് കണക്കുകള്‍ പുറത്ത് വിടേണ്ടന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. കോവിഡിനെ അതിജീവിച്ചുവെന്ന് കരുതി ആഘോങ്ങളരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാ ഇറ്റലിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഏഷ്യയിലും ആഫ്രിക്കയിലുമടക്കം രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതും മരണ സംഖ്യ ഉയരുന്നതും പല രാജ്യങ്ങളും സാമൂഹ്യവ്യാപനത്തിലേക്ക് കടക്കുകയാണന്ന സൂചനകളാണ് നല്‍കുന്നത്. ഇത് മുന്നില്‍ കണ്ട് പരിശോധനകള്‍ ഇരട്ടിയാക്കാന്‍ ഇറാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും മാക്സ് ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടന അഭ്യര്‍ഥിച്ചു.
സുരക്ഷിത രാജ്യം സ്വിറ്റ്സർലൻഡ്
കൊറോണ വൈറസിന്റെ കാര്യത്തിൽ ഇപ്പോൾ ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യം സ്വിറ്റ്സർലൻഡ് ആണെന്ന് റിപ്പോർട്ട്. ജർമ്മനി രണ്ടും, ഇസ്രയേൽ മൂന്നാം സ്ഥാനത്തും വരുന്ന പഠനത്തിൽ, ഇന്ത്യ 56–ാം സ്ഥാനത്താണ്. ഇന്ത്യക്ക് രണ്ട് സ്ഥാനങ്ങൾ പിന്നിലായി 58 സ്ഥാനത്താണ് അമേരിക്ക.
ഹോങ്കോങ് ആസ്ഥാനമായ ഡീപ് നോളജ് ഗ്രൂപ്പ് 200 രാജ്യങ്ങളെ താരതമ്യം ചെയ്‌താണ് പട്ടിക തയാറാക്കിയിട്ടുള്ളത്. കോവിഡ് തടയുന്ന ക്വാറന്റീൻ ഉൾപ്പെടെയുള്ള നടപടികൾ, മെഡിക്കൽ സിസ്റ്റത്തിന്റെ ഗുണനിലവാരം, സമ്പദ്‌വ്യവസ്ഥയുടെ പുനസ്ഥാപനം, ലോക് ഡൗൺ അടക്കം വിവിധ വിഷയങ്ങളിലെ സർക്കാർ കാര്യക്ഷമത തുടങ്ങിയ വിഭാഗങ്ങളിലെ 130 പാരാമീറ്ററുകളും 11,400 ലധികം ഡാറ്റാ പോയിന്റുകളും അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്.
റിപ്പോർട്ട് അനുസരിച്ച് ഇപ്പോൾ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള പ്രദേശങ്ങൾ സബ്-സഹാറൻ ആഫ്രിക്കയും, തെക്കേ അമേരിക്കയും, മിഡിൽ ഈസ്റ്റിലെയും ഏഷ്യാ പസഫിക്കിലെയും ചില രാജ്യങ്ങളാണ്. യുഎഇ, കാനഡ, ഹോങ്കോങ്, നോർവെ, ഡെൻമാർക്ക്, തായ്‌വാൻ, സൗദി അറേബ്യ, ഹങ്കറി, നെതർലാൻഡ്‌സ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് 11 മുതൽ 20 വരെയുള്ള സ്ഥാനങ്ങളിൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല