1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2020

സ്വന്തം ലേഖകൻ: ലോകത്താകെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 3,947,818 ആയി. 271,719 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. 1,358,269 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 23 ലക്ഷം പേര്‍ ഇപ്പോഴും കോവിഡ് ബാധിതരാണ്. ഇതില്‍ 48,958 പേരുടെ നില അതീവ ഗുരുതരമാണ്.

സ്‌പെയിനിനെയും ഇറ്റലിയെയും മറികടന്ന് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും യുകെ രണ്ടാം സ്ഥാനത്തെത്തി. യുകെയില്‍ മരിച്ചവരുടെ എണ്ണം 30,000 കടന്നു. 2.07ലക്ഷം പേരിലാണ് ഇതുവരെ യുകെയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

യുഎസ്സില്‍ രോഗബാധിതരുടെ എണ്ണം 12,92,623 ആയി. ഇതുവരെ 76,928 പേരാണ് അമേരിക്കയില്‍ മാത്രം മരിച്ചത്. 16,995 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ് അമേരിക്കയില്‍.

കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യ ജര്‍മ്മനിയെയും ഫ്രാന്‍സിനെയും മറി കടന്നു. ഇതുവരെ 1.77ലക്ഷം പേര്‍ക്ക് റഷ്യയില്‍ കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 31ന് 2,330 കേസുകള്‍ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന റഷ്യയില്‍ ഏപ്രില്‍ 30 ഓടെ രോഗം സ്ഥിരീകരിച്ചവര്‍ 1.06 ലക്ഷമായി ഉയര്‍ന്നു.റഷ്യ പുതിയ ഹോട്ട്സ്പോട്ടായേക്കുമെന്ന സൂചനകളാണ് പുതിയ കണക്കുകൾ നൽകുന്നത്.

യുഎസിൽ കൊറോണ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 5,000 പിന്നിട്ടതോടെ അവിടെ പ്രത്യേക വിമാനമാർഗം നേരിട്ട് സഹായമെത്തിച്ച റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ റഷ്യയിലെ ജനങ്ങൾക്കായി എന്തുചെയ്തുവെന്നാണ് വിമർശകർ ചോദിക്കുന്നത്.

ഫ്രാൻസിനേയും ജർമനിയേയും മറികടന്ന് ലോകത്ത് ഏറ്റവുമധികം കൊറോണ ബാധിതരുള്ള അഞ്ചാമത്തെ രാജ്യമായി റഷ്യ മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം മാത്രം 11,231 പേര്‍ക്കാണ് റഷ്യയില്‍ കൊവിഡ് ബാധിച്ചത്. മരണം 1700 പിന്നിട്ടു. ആകെ കോവിഡ് ബാധിതർ 187,859.

റഷ്യൻ ആരോഗ്യ മന്ത്രാലയവും ചൈനീസ് ഭരണകൂടവും പുറത്ത് പറയുന്നതിനെക്കാൾ ഏറെ മരണങ്ങൾ ഇരുരാജ്യങ്ങളിലുമായി നടന്നിട്ടുണ്ടെന്നും യുഎസ് അടക്കമുള്ള രാജ്യങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നു. റഷ്യയിൽ മേയ് മാസത്തിൽ കൊറോണ കേസുകൾ കുത്തനെ ഉയരുമെന്നു തന്നെയാണ് മുന്നറിയിപ്പ്. മേയിൽ അവധിയാഘോഷത്തിനായി ജനം തെരുവിലിറങ്ങുന്നതോടെ കൊറോണ വൈറസ് വ്യാപനം അതിവേഗമാകുമെന്നാണ് വിലയിരുത്തൽ.

വികസ്വര രാജ്യങ്ങള്‍ക്ക് കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ മതിയായ പണം അനുവദിച്ചില്ലെങ്കില്‍ ലോകം കടുത്ത ക്ഷാമം നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സഭ ഘടകം. പല രാജ്യങ്ങളും ഇതിനകം തന്നെ ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം പറഞ്ഞു.

നമ്മള്‍ ഇപ്പോള്‍ നേരിടുന്നത് ഇരട്ടി മഹാമാരിയാണെന്നും ക്ഷാമം ബാധിച്ചേക്കാമെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബ്ലെസ്ലി പറഞ്ഞു. 10 കോടിയോളം ആളുകളെ ദിവസവും യുഎന്‍ ഫുഡ് ഏജന്‍സി സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവശ്യ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് തുടരാന്‍ കഴിഞ്ഞില്ലെങ്കില്‍ കൊറോണയ്ക്ക് പിന്നാലെ പട്ടിണി മൂലം മറ്റൊരു ദുരന്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ നമ്മള്‍ ഇപ്പോള്‍ വലിയ ക്ഷാമത്തിന്റെ വക്കിലാണ്. അതില്‍ സംശയമില്ലെന്നും ബ്ലെസ്ലി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.