1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2020

സ്വന്തം ലേഖകൻ: ലോകത്താകമാനം 4,041,441 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 276,911 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 1,403,867 പേര്‍ രോഗമുക്തി നേടി. അമേരിക്കയ്ക്ക് പുറമെ യൂറോപ്പിലാണ് കൊവിഡ് 19 കൂടുതല്‍ ജീവനുകള്‍ കവര്‍ന്നത്. സ്‌പെയിനില്‍ 26,478 പേരും ഇറ്റലിയില്‍ 30,201 പേരും യുകെയില്‍ 31,241 ആളുകളും ഫ്രാന്‍സില്‍ 26,230 പേരും മരണപ്പെട്ടു.

അമേരിക്കയിൽ സ്ഥിതി അതിസങ്കീര്‍ണമായി തുടരുകയാണ്. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1575 പേര്‍ മരിച്ചു. ഇരുപത്തി അയ്യായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മരണം 78,000 കടന്നു.

രാജ്യത്തെ കൂടുതല്‍ ആശങ്കയിലാക്കി പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ സ്വകാര്യ പരിചാരകരില്‍ ഒരാള്‍ക്ക് കൊവിഡ് 19. വൈറ്റ് ഹൗസിലെ ഉന്നത സുരക്ഷാവിഭാഗത്തില്‍ അംഗമായ യുഎസ് നേവി ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ട്രംപും കുടുംബവുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ഒരാളാണ് രോഗ ബാധിതന്‍. ട്രംപിന്‍റെ ഭക്ഷണകാര്യങ്ങളുടെ ചുമതലയ്ക്ക് പുറമെ അദേഹത്തിന്‍റെ യാത്രകളില്‍ നാട്ടിലും വിദേശത്തും പരിചാരക സംഘം അനുഗമിക്കാറുണ്ട്. പരിചാരകര്‍ക്ക് ഉള്‍പ്പടെ സാമൂഹിക അകലം വൈറ്റ് ഹൗസ് കര്‍ശനമായി ഏര്‍പ്പെടുത്തിയിട്ടില്ല. വൈറ്റ് ഹൗസില്‍ ചുരുക്കം പേര്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നത് എന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആലപ്പുഴ മേക്കാട്ടിൽ കുടുംബാഗം പരേതനായ പാസ്റ്റർ തോമസ് വർഗീസിന്റെ മകൻ ക്രൈസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും മേക്കാട്ടിൽ ഗ്രാഫിക്സ് പ്രിന്റിംഗ് പ്രസ് ഉടമയുമായ സുബിൻ വർഗീസ് (46) ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് മരിച്ചു.

അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്കില്‍ 14.7 ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്കില്‍ ഇത്രയും വര്‍ധനവ് രേഖപ്പെടുത്തുന്നത്. അതേസമയം കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രം കണ്ടെത്താന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

രോഗബാധിതരുടെ എണ്ണത്തിൽ റഷ്യ ജർമ്മനിയെയും ഫ്രാൻസിനെയും മറികടന്നു. ഇതോടെ രോഗവ്യാപന തോതില്‍ റഷ്യ രണ്ടാം സ്ഥാനത്തെത്തി. റഷ്യയില്‍ പതിനായിരത്തി അറുനൂറിലധികം പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതര്‍ 1,87,000 കടന്നു.

ഇറ്റലിയില്‍ രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും മരണനിരക്ക് കൂടുകയാണ്. രാജ്യത്ത് മരണനിരക്ക് യഥാര്‍ത്ഥത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലാണെന്ന് സൂചനയുണ്ട്. ഇവിടെ കെയര്‍ ഹോമുകളില്‍ മരിച്ചവരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ആദ്യം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് ഇറ്റലിയാണ്. എന്നാല്‍ മരണനിരക്ക് വലിയ തോതില്‍ ഉയരുകയായിരുന്നു. ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞതും മരണം വര്‍ധിക്കാന്‍ കാരണമായി.

എന്നാല്‍ ഇപ്പോള്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങളെല്ലാം ജനങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. തിരക്കേറിയ ഇടങ്ങളില്‍ പോലും ആരും മാസ്‌കുകള്‍ ധരിക്കുന്നില്ല. ഇത് വൈറസിന്റെ രണ്ടാം വരവിന് കാരണമാകുമെന്നാണ് സൂചന.

സൗത്ത് ആഫ്രിക്ക, ഈജിപ്ത്, മൊറോക്കോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളും കോവിഡ് ഭീതിയിലാണ്. രണ്ടായിരത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടയില്‍ ഇവിടെങ്ങളിലെല്ലാം റിപ്പോര്‍ട്ട് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.