1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2020

സ്വന്തം ലേഖകൻ: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 3,085,128 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ മൂലം 212,546 പേർ മരിച്ചു. 934,807 പേർ രോഗമുക്തി നേടി.

അമേരിക്കയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 1,010,604 ആണ് രോഗബാധിതരുടെ എണ്ണം. 56,821 പേര്‍ക്ക് കോവിഡ് ബാധ മൂലം ജീവന്‍ നഷ്ടമാവുകയും ചെയ്തു.

അതേസമയം വലിയ മരണത്തില്‍ നിന്നും രാജ്യം വിജയിക്കുന്നതിന്റെ ആദ്യസൂചനകള്‍ കണ്ടു തുടങ്ങി. മാര്‍ച്ച് ആദ്യത്തെ വ്യാപന മരണനിരക്കിനെ അപേക്ഷിച്ച് മിക്ക സംസ്ഥാനങ്ങളിലും മരണനിരക്ക് ആഴ്ചയുടെ ആദ്യം കുറവു വന്നിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ 367 പേര്‍ മാത്രമാണ് ഞായറാഴ്ച കോവിഡ് ബാധിച്ച് മരണമടഞ്ഞതെന്ന് ഗവര്‍ണര്‍ ക്യൂമോ പറഞ്ഞു. മാര്‍ച്ച് 31 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ന്യൂയോര്‍ക്കില്‍ ഇതുവരെ 16,966 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ന്യൂജഴ്‌സി സംസ്ഥാനത്ത് 75 പേര്‍ കൂടി മരിച്ചുവെന്ന് ഗവര്‍ണര്‍ ഫിലിപ്പ് ഡി. മര്‍ഫി ട്വിറ്ററിലൂടെ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 249 മരണങ്ങളില്‍ നിന്ന് കുത്തനെയുള്ള ഇടിവാണിത്. ഏപ്രില്‍ 5 ന് ശേഷം ന്യൂജഴ്‌സിയില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. ഇതുവരെ 5,938 പേരാണ് ഇവിടെ മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരും മരിച്ചവരും ഈ രണ്ടു സംസ്ഥാനങ്ങളിലാണ്.

ന്യൂജഴ്‌സിയിലെയും ന്യൂയോര്‍ക്കിലെയും ഗവര്‍ണര്‍മാര്‍ സംസ്ഥാനം എങ്ങനെ വീണ്ടും തുറക്കാമെന്നതിനെ പ്രതി സംഭാഷണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതിനെക്കുറിച്ച് ഇരു സംസ്ഥാനങ്ങളും ആലോചിക്കുന്നില്ലെങ്കിലും സ്‌റ്റേ അറ്റ് ഹോമില്‍ ഇളവ് അനുവദിച്ചേക്കാം. മെയ് അവസാനം വരെ നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന.

അതിനിടെ കൊറോണയുടെ പേരില്‍ ചൈനയ്ക്കെതിരെ അമേരിക്ക ഗൗരവമായ അന്വേഷണം നടത്തുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജര്‍മ്മനി ആവശ്യപ്പെടുന്ന 130 ബില്യണ്‍ യൂറോയേക്കാള്‍ കൂടുതല്‍ പണം ബീജിംഗില്‍ നിന്നുള്ള നഷ്ടപരിഹാരമായി ആവശ്യപ്പെട്ടേക്കുമെന്ന സൂചനയും ട്രംപ് നല്‍കി.

ലോകത്തെ കൊവിഡ് 19 കേസുകൾ 30 ലക്ഷത്തിലേക്കെത്തി നിൽക്കുമ്പോൾ ജസീന്ത ആർഡെന്റെ നേതൃത്വത്തിൽ കൊവിഡിനെ പിടിച്ചു കെട്ടിയ ന്യൂസിലാൻഡ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വലിയ ഇളവുകളാണ് ന്യൂസിലാൻഡ് നൽകിയിരിക്കുന്നത്. നാലാഴ്ച്ചത്തെ കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷമാണ് ന്യൂസിലാൻഡ് ലോക്ക് ഡൗണിൽ ഇളവുകൾ നൽകുന്നത്.

ന്യൂസിലാൻഡ് പൂർണമായും കൊവിഡ് മുക്തമായിട്ടില്ലെന്നും ജാ​ഗ്രത തുടരണമെന്നും ലോക ശ്രദ്ധ നേടിയ ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രി ജസീന്ത ആർഡെൻ പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട കേസുകൾ രാജ്യത്ത് വാക്സിൻ കണ്ടുപിടിക്കുന്നത് വരെ ഇനിയുമുണ്ടാകാൻ സാധ്യത ഉണ്ടെന്നും അവർ പറഞ്ഞു.

ആളുകൾക്ക് ജോലിക്ക് പോകാനും, പുറത്ത് പോയി സമയം ചിലവഴിക്കാനും, ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാനുമുള്ള അനുമതി ന്യൂസിലാൻഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. ജോലി സ്ഥലങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കാൻ ആരംഭിക്കുമെങ്കിലും വർക്ക് ഫ്രം ഹോം ചെയ്യാൻ സാധിക്കുന്നവർ അത് തന്നെ തുടരുന്നതായിരിക്കും നല്ലെതെന്നും സർക്കാർ അറിയിച്ചു. നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടെങ്കിലും അടുത്ത രണ്ടാഴ്ച്ചത്തേക്ക് മാളുകൾ, പബ്ബുകൾ എന്നിവിടങ്ങളിൾ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശമുണ്ട്.

മരണവും രോഗികളുടെ എണ്ണവും കുറയുന്നതോടെ ഇറ്റലി, ഓസ്ട്രേലിയ, ഇറാൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അയവു വരുത്തുന്നു. ചില രാജ്യങ്ങളിൽ നിയന്ത്രണം ഭാഗികമായി നീക്കി. മറ്റു ചില രാജ്യങ്ങൾ വരും ദിവസങ്ങളിൽ ഇളവു പ്രഖ്യാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.