1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2020

സ്വന്തം ലേഖകൻ: ദിനംപ്രതി മരണനിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,108 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം കോവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാല പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 18,761 പേരാണ് ഇതുവരെ രാജ്യത്ത് മരണപ്പെട്ടത്.

വെള്ളിയാഴ്ച ഒരു ദിവസത്തെ അമേരിക്കയിലെ മരണനിരക്കാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നത്. 503,177 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ വൈറസ് ബാധിതരുടെ എണ്ണം 1.7 ലക്ഷമായി വര്‍ദ്ധിച്ചു.അമേരിക്കയിലെ കോവിഡ് പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്കില്‍ ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയെക്കാള്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മരണനിരക്ക് കൂടുമ്പോഴും കോവിഡിനെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങള്‍ അമേരിക്കയില്‍ ഒരു ലക്ഷത്തില്‍ താഴെയായിരിക്കുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. ഒരു ലക്ഷത്തില്‍ താഴെയെന്ന കുറഞ്ഞ സംഖ്യയിലേക്കായിരിക്കും തങ്ങള്‍ പോവുകയെന്ന പ്രതീക്ഷയാണുള്ളതെന്ന് ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് പത്രത്തെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഡെട്രോയിറ്റിലും ന്യൂ ഒര്‍ലിയന്‍സിലും സ്ഥിതി നിയന്ത്രണാധീനമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19 വ്യാപനത്തിന് ശേഷം ആദ്യമായാണ് അമേരിക്കയില്‍ നിരക്ക് കുറയുന്നതെന്ന് വൈറ്റ് ഹൗസിലെ കൊറോണ വൈറസ് റസ്പോണ്‍സ് കോര്‍ഡിനേറ്റര്‍ ഡോ. ഡെബോറ ബിര്‍ക്സ് ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്കിലെ അവസ്ഥകള്‍ മെച്ചപ്പെട്ടതും ന്യൂയോര്‍ക്ക് നഗരപ്രദേശത്ത് ആളുകള്‍ സ്വീകരിച്ച നടപടികളുമാണ് ഇതിന് കാരണമെന്നും അവര്‍ വിശദീകരിച്ചു. അതേസമയം അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.

ചൈനയിലെ വുഹാനില്‍ ഡിസംബറില്‍ കൊറോണ വ്യാപനം തുടങ്ങിയതിന് ശേഷം ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമായി ഏകദേശം 15 ലക്ഷത്തിലേറെ പേരെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. ഒരാഴ്ചയ്ക്കുള്ളിലാണ് മരണസംഖ്യ ഇരട്ടിയായി വര്‍ധിച്ചത്.

സ്പെയിനിൽ ആകെ മരണം 15,200 കടന്നു. ഇറ്റലിയിൽ രോഗികളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. എന്നാൽ രോഗവ്യാപനത്തിന്റെ വേഗം കുറയുന്നതായി വിലയിരുത്തൽ. ഇതേ തോതിൽ കുറഞ്ഞാൽ മാസാവസാനത്തോടെ നിയന്ത്രണങ്ങളിൽ ഇളവ്.

മാൾട്ടയിലും സൊമാലിയയിലും ആദ്യമായി കോവിഡ് മരണം രേഖപ്പെടുത്തി. ഇത്യോപ്യയും ലൈബീരിയയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകം നേരിടാൻ പോകുന്നത് ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യമെന്നും ആഗോള വ്യാപാര വളർച്ച ഈ വർഷം മൂന്നിലൊന്നു കുറയുമെന്നും ലോക വ്യാപാര സംഘടനാ മേധാവി റോബർട്ടോ അസെവേദോ

കോവിഡ് ബാധിച്ചു സിംഗപ്പൂരിൽ 250 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. രാജ്യത്തു സ്ഥിരതാമസമായവരും ഇതിലുണ്ടെങ്കിലും രോഗികളിൽ പകുതിയോളം പേരും വിദേശ തൊഴിലാളികൾക്കുള്ള പൊതുതാമസസ്ഥലങ്ങളിൽ കഴിയുന്നവരാണ്. ആരുടെയും നില ഗുരുതരമല്ല.

യു.എ.ഇയിൽ കോവിഡ് ബാധിച്ച് നാലു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 20 ആയി. 376 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 3736 ആയി ഉയർന്നു. അതിനിടെ ഇന്ന് മാത്രം 177 പേർക്ക് രോഗം പൂർണമായും ഭേദപ്പെട്ടു. രോഗവിമുക്തി നേടിയവരുടെ എണ്ണം ഇതോടെ 588 ആയി. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 20,000 പേർക്ക് രാജ്യത്ത് പരിശോധന നടത്തിയിരുന്നു.

പരിശോധനയുടെ വ്യാപ്തി വർധിച്ചതോടെയാണ് രോഗികളുടെ എണ്ണം പെട്ടെന്ന് ഉയർന്നത്. നിലവില്‍ തുടരുന്ന ചികിൽസാരീതികൾ ഫലപ്രദമാണ് എന്നതിന്റെ സൂചനയായാണ് അടുത്തദിവസങ്ങളിൽ രോഗം ഭേദമായവരുടെ എണ്ണത്തിലുണ്ടായ വർധന നൽകുന്ന സൂചനയെന്നും ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു.

സൌദിയില്‍ ഇന്ന് അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 52 ആയി. ഇന്ന് 382 പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചു. ഇതോടെ ഐകെ രോഗികളുട എണ്ണം നാലായിരം പിന്നിട്ട് 4033 ആയി. ഇന്ന് 35 പേര്‍ക്കാണ് രോഗമുക്തി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 720 ആയി. 3261 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. മരിച്ചവരില്‍ മൂന്ന് പേര്‍ വിദേശികളാണ്. രണ്ട് പേര്‍ ജിദ്ദയിലും ഒരാള്‍ മക്കയിലും. മദീനയിലും ജിദ്ദയിലും ഒരു സ്വദേശി പൌരനുമാണ് മരിച്ചത്.

കുവൈത്തിൽ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1154 ആയി ഉയർന്നു. ഇന്ന് 161 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 104 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 634 ആയി.

പുതിയ രോഗികളിൽ 101 ഇന്ത്യക്കാർ ഉൾപ്പെടെ 121 പേർ നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്. 133 പേർ ഇതുവരെ രോഗവിമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 1020 പേരാണ് ചികിത്സയിലുള്ളത്. 26 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതുവരെ കോവിഡ് ബാധിച്ച് ഒരാൾ മാത്രമാണ് രാജ്യത്ത് മരിച്ചത്.

ഡോക്റ്റർമാരും ആരോഗ്യവിദഗ്ദരും ഉൾപ്പെടെ പതിനഞ്ചുപേർ അടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീം ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ശനിയാഴ്ച കുവൈത്തിലെത്തി. രണ്ടാഴ്ച കുവൈത്തിൽ തങ്ങുന്ന സംഘം കോവിഡ് പ്രതിരോധപ്രവർത്തങ്ങളിൽ പങ്കുചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അസ്സ്വബാഹുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിൽ കോവിഡ് പ്രതിരോധ നടപടികളിൽ സഹകരണം ഉറപ്പു നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് റാപിഡ് റെസ്പോൺസ് സംഘം കുവൈത്തിൽ എത്തിയത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉറച്ച സൗഹൃദമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കർ ട്വീറ്റ് ചെയ്തു.

ഖത്തറില്‍ പുതുതായി 216 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2728 ആയി. 20 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗം ഭേദമായവര്‍ 247 ആയി. പുതിയ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2412 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതോടെ ആകെ 47751 പേരില്‍ ഇതിനകം കോവിഡ് പരിശോധനകള്‍ നടത്തി.

രോഗം സ്ഥിരീകരിച്ചവര്‍ക്കെല്ലാം ഏറ്റവും മികച്ച പരിചരണമാണ് ക്വാറന്‍റൈന്‍ സെന്‍ററുകളില്‍ ലഭ്യമാക്കുന്നതെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 8000 പേര്‍ക്ക് വരെ കിടക്കാവുന്ന പുതിയ ക്വാറന്‍റൈന്‍ സെന്‍റര്‍ കഴിഞ്ഞ ദിവസം ഉംസലാല്‍ അലിയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

ആഫ്രിക്കൻ രാജ്യങ്ങളിലും കോവിഡ് പടരുന്നു. 12,000 കേസുകളും 650 മരണവുമേ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളുവെങ്കിലും രോഗികളുടെ എണ്ണം ദിനംതോറും പെരുകുന്ന സാഹചര്യത്തിൽ വരുന്ന ആഴ്ചകളിൽ സ്ഥിതി ഗുരുതരമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. 52 ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടുതൽ രോഗികൾ ദക്ഷിണാഫ്രിക്കയിലാണ്, 2000. ഈജിപ്ത് (1700) അൾജീരിയ (1600), മൊറോക്കോ (1300) എന്നിവിടങ്ങളിലും രോഗം പടരുക തന്നെയാണ്.

യെമനിലും ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. 5 വർഷം നീണ്ട യുദ്ധത്തിൽ പാടേ തകർന്ന രാജ്യത്ത് രോഗം പടർന്നാൽ വൻ പ്രതിസന്ധിയുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി മുന്നറിയിപ്പു നൽകി. ഒരു ലക്ഷത്തോളം പേർ യുദ്ധത്തിൽ കൊല്ലപ്പെട്ട യെമനിൽ ജനങ്ങളിൽ പകുതിയും അനാരോഗ്യത്തിലും പട്ടിണിയിലുമാണ്. പുതിയ സാഹചര്യത്തിൽ സൈനിക നടപടികൾ രണ്ടാഴ്ചത്തേക്ക് നിർത്തിവയ്ക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യം. എന്നാൽ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഹൂതി വിമതർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.