1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2020

സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിലെടുക്കുന്ന വിദേശികൾക്ക്‌ അവരുടെ രാജ്യങ്ങളിലേക്ക്‌ മടങ്ങാൻ പുതിയ സംവിധാനം ഒരുക്കി സൗദി അറേബ്യ. മടക്കം എന്നർഥം വരുന്ന ‘ഔദ’ എന്ന് പേരിട്ട പദ്ധതി പ്രകാരം നാട്ടിലേക്ക്‌ മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്‌ അബ്‌ഷിർ വഴി റജിസ്റ്റർ ചെയ്യാൻ കഴിയും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ്‌ പ്രകാരം അഭ്യന്തര മന്ത്രാലയമാണ്‌ ഇത്‌ പ്രഖ്യാപിച്ചത്‌.

എക്സിറ്റ്- റീഎൻട്രി വിസ, ഫൈനൽ എക്സിറ്റ് എന്നിവ അടിച്ചവർക്ക്‌ തങ്ങളുടെ രാജ്യത്തേക്ക്‌ യാത്ര ചെയ്യാൻ അനുമതി തേടി അപേക്ഷിക്കാനാകും. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച്‌ നടപ്പാക്കുന്ന പദ്ധതി പ്രവാസികൾക്ക്‌ കൂടുതൽ ഉപകാരപ്രദമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യാന്തര വിമാനങ്ങൾ നിലവിലെ വിലക്കിനു ശേഷം സർവീസുകൾ പുനരാരംഭിക്കുന്ന മുറയ്ക്ക്‌‌ ‌ പ്രവാസികളിൽ‌ നിന്ന് ലഭിച്ച യാത്രയ്ക്കുള്ള അഭ്യർ‌ത്ഥനകൾ പരിഗണിക്കും. അപേക്ഷകരുടെ മുൻഗണനാക്രമം അനുസരിച്ച്, യാത്രാ തീയതി, ടിക്കറ്റ് നമ്പർ, റിസർവേഷൻ വിശദാംശങ്ങൾ എന്നിവ വ്യക്തമാക്കുന്ന സന്ദേശം ഗുണഭോക്താവിന് ലഭിക്കും അതിലൂടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കഴിയും.

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അഭ്യര്‍ഥിച്ച പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, അഫ്ഗാനിസ്ഥാന്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളും ഈജിപ്തുമാണ് ആദ്യ ഘട്ട പട്ടികയില്‍ ഉള്ളത്. ഇതിനാല്‍ തന്നെ ഇന്ത്യക്കാര്‍ ഇപ്പോള്‍ രജിസ്ട്രേഷന്‍ നടത്തേണ്ടതില്ല. ഇന്ത്യയിലേക്ക് നിലവില്‍ വിമാന സര്‍വീസിന് അനുമതിയില്ലാത്തതിനാല്‍ ഇന്ത്യ പട്ടികയിലില്ല.

സൌദി എയര്‍‌ലൈന്‍സ് വഴിയാണ് യാത്ര. ഇന്ത്യക്കാര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. എന്നാല്‍ കേന്ദ്രം അനുവദിച്ചാലേ വിമാനം ഇറക്കാനാകൂ. മാനുഷിക പരിഗണനയില്‍ നാട്ടിലെത്തേണ്ട ആളുകള്‍ ഇപ്പോഴും സൌദിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും അനുമതി ലഭിച്ചാലേ ഇത്തരക്കാര്‍ക്കും നാടണയാനാകൂ.

സൗദിയില്‍ ഇന്ന് ഏഴ് മരണവും 1158 പുതിയ കേസുകളും സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 13930 ആയി. മരണം 121 ആയും ഉയര്‍ന്നു. നാല് പേര്‍ മക്കയിലും മൂന്ന് പേര്‍ ജിദ്ദയിലുമാണ് മരിച്ചത്. 113 പേര്‍ക്ക് ഇന്ന് രോഗമുക്തി ലഭിച്ചു ആകെ 1925 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 11884 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നുണ്ട്.

പരിശുദ്ധ റമദാനില്‍ സൗദി സ്വകാര്യ മേഖലയില്‍ ആറു മണിക്കൂറാകും തൊഴില്‍ സമയമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയം അഞ്ചു മണിക്കൂറായിരിക്കും. രാവിലെ പത്തു മുതല്‍ വൈകിട്ട് മൂന്നു വരെയായിരിക്കും റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയമെന്നും മന്ത്രാലയം അറിയിച്ചു.

യുഎഇയിലെ വ്യവസായിയും വയനാട് മാനന്തവാടി സ്വദേശിയുമായ ജോയി അറക്കല്‍(54) ദുബായില്‍ മരിച്ചു. ഇന്നോവ റിഫൈനിങ് ആന്‍ഡ് ട്രേഡിങ് ഉള്‍പ്പെടെ ഒട്ടേറെ കമ്പനികളുടെ ഉടമയാണ്. വിവിധ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയായിരുന്ന അദ്ദേഹത്തിന് വന്‍കിട നിക്ഷേപകര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് വിസ ലഭിച്ചിരുന്നു.

അറക്കല്‍ പാലസിന്റെ ഉടമയെന്ന നിലയിലും പ്രവാസി സമൂഹത്തിൽ ശ്രദ്ധേയനാണ്. നിരവധി ജീവകാരുണ്യ സംരംഭങ്ങള്‍ക്കും ഡയാലിസിസ്, ഭവനനിര്‍മ്മാണ പദ്ധതികള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടരുകയാണ്.

യു.എ.ഇയിൽ നാല് പ്രവാസികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മരിച്ച നാലുപേരും ഏഷ്യൻ രാജ്യത്ത് നിന്നുള്ള പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ മരണസംഖ്യ 56 ആയി. പുതുതായി 518 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണം ഇപ്പോൾ 8756 ആയി ഉയർന്നു. ഇന്ന് 91 പേർക്ക് രോഗം പൂർണമായും ഭേദമായതായും മന്ത്രാലയം അറിയിച്ചു.

വ്യാഴാഴ്ച ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ കുവൈത്തിൽ കോവിഡ് മരണ സംഖ്യ പതിനാലായി. കോവിഡ് ബാധിച്ചു ഒരു മാസക്കാലം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന 41 വയസ്സുള്ള കുവൈത്ത് പൗരനാണ് മരിച്ചത്. 151 പേർക്ക് കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചതായും കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2399 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 61 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1310 ആയി. പുതിയ രോഗികളിൽ 60 ഇന്ത്യക്കാർ ഉൾപ്പെടെ 132 പേർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്.

വിവിധ രാജ്യക്കാരായ 7 പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടൻ, യു എ ഇ തുർക്കി. ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നും മടങ്ങിയെത്തിയ 12 കുവൈത്തികൾക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുണ്ടായിരുന്നവരിൽ 55 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആകെ 498 പേരാണ് രോഗവിമുക്തി നേടിയത് . നിലവിൽ 1887 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 55 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 22 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഖത്തറില്‍ 623 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുന്ന ദിവസമാണിത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 7764 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് ഇവര്‍ക്ക് രോഗം പകരാന്‍ കാരണമായത്.

അതെ സമയം 61 പേര്‍ക്ക് കൂടി രോഗം ഭേദമായി‌. ഇതോടെ ആകെ രോഗം സുഖപ്പെട്ടവര്‍ 750 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ക്കെല്ലാം ക്വാറന്‍റൈന്‍ സെന്‍ററുകളില്‍ ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 3445 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയത്. ഇതോടെ ആകെ കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 73457 ആയി. ഇതുവരെ പത്ത് പേരാണ് ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.