1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2020

സ്വന്തം ലേഖകൻ: ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. തൃശ്ശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീനും കുട്ടനാട് സ്വദേശി ജേക്കബ് തോമസുമാണ് ദുബായില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 46 വര്‍ഷമായി ദുബായി പോലീസിലെ മെക്കാനിക്കല്‍ മെയ്ന്‍റനന്‍സ് വിഭാഗം ജീവനക്കാരാനയാരുന്നു ഷംസുദ്ദീന്‍. ജേക്കബ് തോമസ് 20വര്‍ഷമായി പ്രവാസിയാണ്. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനഞ്ചായി.

ഗള്‍ഫിലാകെ 220 പേരാണ് ഇതുവരെ കൊവിഡ് രോഗം മൂലം മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം 36,633 ആയി.

സൌദിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു. ഇന്ന് ആറ് പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 127 ആയി ഉയര്‍ന്നു. 1172 പുതിയ കേസുകളും ഇന്ന് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 2049 ആയി. 12926 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

കുവൈത്തിൽ 215 പേർക്ക് കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2614 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 85 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1395 ആയി. പുതിയ രോഗികളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 198 പേർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്.

വിവിധ രാജ്യക്കാരായ 10 പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടനിൽ നിന്നും മടങ്ങിയെത്തിയ 7 കുവൈത്തികൾക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ പതിനഞ്ചായി. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന 55 വയസ്സുള്ള ബംഗ്ലാദേശ് പൗരനാണ് മരിച്ചത് .

ചികിത്സയിലുണ്ടായിരുന്നവരിൽ 115 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 613 ആയി. നിലവിൽ 1986 പേരാണ് കുവൈത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

ഖത്തറില്‍ 761 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഒറ്റ ദിവസം സ്ഥിരീകരിക്കപ്പെടുന്ന ഏറ്റവും കൂടിയ രോഗികളുടെ എണ്ണമാണിത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,525 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

വ്യാവസായിക മേഖലയ്ക്ക് പുറത്തുള്ള നിരവധി തൊഴിലാളികളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. അതേസമയം 59 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തി നേടിയവര്‍ 809 ആയി. 2,431 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയത്.

ഒമാനിൽ ഇന്ന് 74 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1790 ആയി. രോഗ മുക്​തരായവരുടെ എണ്ണം 325 ആയി ഉയരുകയും ചെയ്​തു. ഒമ്പതുപേർ മരണപ്പെടുകയും ചെയ്​തു. വെള്ളിയാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 39 പേർ വിദേശികളും 35 പേർ സ്വദേശികളുമാണ്​.

ഒമാനിലെ ഇന്ത്യൻ സ്​കൂളുകളിൽ കൂടുതൽ ഫീസിളവുകൾ പ്രഖ്യാപിച്ചു. കോവിഡ്​ മഹാമാരിയെ തുടർന്നുള്ള സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ചാണ്​ നടപടിയെന്ന്​ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​ പത്രകുറിപ്പിൽ അറിയിച്ചു. ഈ വർഷം മെയ്​ മുതൽ ആഗസ്​റ്റ്​ വരെ വിദ്യാർഥികൾ ട്യൂഷൻ ഫീസ്​ മാത്രം അടച്ചാൽ മതിയാകും. നാലുമാസക്കാലം മറ്റ്​ ഫീസുകൾ ഒന്നും അടക്കേണ്ടതില്ല.

മെയ്​ മുതൽ ആഗസ്​റ്റ്​ വരെ കാലയളവിൽ ട്യൂഷൻ ഫീസ്​ അല്ലാതെയുള്ള തുക ആരെങ്കിലും ഇതിനകം അടച്ചിട്ടുണ്ടെങ്കിൽ അവർക്ക്​ വരും മാസങ്ങളിൽ ആ തുക ഇളവ്​ ചെയ്​ത്​ നൽകും. ഇന്ത്യൻ സ്​കൂളുകളിലെ ഏതെങ്കിലും വിദ്യാർഥികൾക്കോ രക്ഷകർത്താക്കൾക്കോ കോവിഡ്​ ബാധിച്ചിട്ടുണ്ടെങ്കിൽ അവർക്ക്​ ഈ അധ്യയന വർഷം പൂർണമായും ട്യൂഷൻ ഫീസിൽ അമ്പത്​ ശതമാനം ഇളവ്​ നൽകും. നിലവിൽ നടക്കുന്ന ഒാൺലൈൻ ക്ലാസുകളിൽ ഫീസ്​ അടക്കാത്ത കുട്ടികളെയും ഇരിക്കാൻ അനുവദിക്കുമെന്നും സ്​കൂൾ ഡയറക്​ടർ ബോർഡ്​ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.