1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2020

സ്വന്തം ലേഖകൻ: ഏറെ നാള്‍നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ പ്രവാസികളുടെ ആദ്യ സംഘം നാട്ടിലെത്തി. വന്ദേഭാരത് മിഷനിലൂടെയാണ് പ്രവാസികളെ രാജ്യത്ത് തിരികെ എത്തിച്ചത്. യുഎഇയില്‍ നിന്നും 363 പേരാണ് ഇന്നലെ കേരളത്തില്‍ എത്തിയത്.

മുന്‍ നിശ്ചയിച്ച പ്രകാരം എല്ലാ പരിശോധനകള്‍ക്കും വിധേയരാക്കി മൂന്ന് മണിക്കൂറിന് ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിന് പുറത്തെത്തിയത്. പ്രാഥമിക പരിശോധനയില്‍ രോഗലക്ഷണം കണ്ടെത്തിയ 5പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രോഗികളായ രണ്ട് പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ അതത് ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകളിലുമാണ് എത്തിച്ചത്. ഗര്‍ഭിണികളും പ്രായമായവരും സ്വകാര്യ ടാക്സികളില്‍ വീടുകളിലേക്ക് മടങ്ങി.

182 പേരാണ് ദുബൈയില്‍ നിന്നും10.35ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം കോവിഡ് പ്രതിരോധത്തിനാവശ്യമായ ബോധവത്കരണ ക്ലാസ് നല്‍കിയാണ് യാത്രക്കാരെ പുറത്തേക്കെത്തിച്ചത്. ആരോഗ്യപ്രശ്നങ്ങളുള്ള മൂന്നു പേരെ ആശുപത്രിയിലേക്ക് മാറ്റി. കൂടെ ആളില്ലാതെ വീല്‍ചെയറിലായെത്തിയ കാസര്‍ഗോഡ് സ്വദേശിനിയെ മഞ്ചേരി മെഡി.കോളജിലേക്ക് കൊണ്ടുപോയി.

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ മടക്കയാത്രാ വിമാനം നാളെ പുറപ്പെടും. ദോഹയില്‍ നിന്നും ഖത്തരി സമയം 7.05 pm ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി രണ്ട് മണിയോടെ കൊച്ചിയിലെത്തും. ആദ്യ വിമാനത്തില്‍ നാടണയുന്നത് 183 പേരാണ്.

ആദ്യ യാത്രയില്‍ പരിഗണിച്ചിരിക്കുന്നത് ഗര്‍ഭിണികള്‍, പ്രായം കൂടിയവർ, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവരെയാണ്. മുഴുവന്‍ യാത്രക്കാരും ടിക്കറ്റുകള്‍ കൈപറ്റി. 766 ഖത്തരി റിയാല്‍ ടിക്കറ്റ് നിരക്ക്.
25 കിലോ ലഗേജായും അഞ്ച് കിലോ ഹാന്‍ഡ് ബാഗേജായും യാത്രക്കാര്‍ക്ക് കൊണ്ടുപോകാം. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പെ തന്നെ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തണം.
യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റുണ്ടാവില്ലെങ്കിലും താപനില പരിശോധനയുണ്ടാകും.

പ്രവാസികളുമായുള്ള വിമാനം റിയാദില്‍ നിന്ന് പുറപ്പെട്ടു. യാത്രക്കാര്‍ക്കാര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. 148 മുതിര്‍ന്നവരും നാല് കൈക്കുഞ്ഞുങ്ങളുമാണ് വിമാനത്തിലുള്ളത്. രാത്രി 8.35ന് വിമാനം കരിപ്പൂരിലെത്തും. അതേസമയം ബഹ്റൈനിൽ നിന്ന് പ്രവാസികളുമായുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഇന്ത്യന്‍ സമയം വൈകീട്ട് ഏഴു മണിക്കാണ് പുറപ്പെടുക. യാത്രക്കാരെല്ലാം വിമാനത്താവളത്തില്‍ എത്തി. മെഡിക്കല്‍ പരിശോധനകള്‍ ആരംഭിച്ചു. ഇന്ത്യന്‍ സമയം രാത്രി 11.30ന് വിമാനം കൊച്ചിയിൽ എത്തും.

ക്വാറന്‍റീന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ വിപുലമായ സജ്ജീകരണങ്ങളാണ് പ്രവാസികള്‍ക്കായി കേരളത്തില്‍ ഒരുക്കിയിട്ടുള്ളത്. യാത്രക്കാരെ പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റൂ.

യുഎഇയില്‍ ഇന്ന് രണ്ട് മലയാളികളടക്കം 9 പേര്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സെയ്തു മുഹമ്മദും(78) പാവറട്ടി സ്വദേശി ഹുസൈന്‍ (45) എന്നിവരാണ് ഇന്ന് മരിച്ചത്. സെയ്തു മുഹമ്മദ് അബുദാബിമുറൂറില്‍ കര്‍ട്ടന്‍ കട നടത്തിവരികയായിരുന്നു. പാലുവായ് ചെല്ലം കൊളത്തിന് സമീപം പാറാട്ട് വീട്ടില്‍ അലി അഹമദ് മകന്‍ ഹുസൈന്‍ പതിനാല് ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.