
സ്വന്തം ലേഖകൻ: ൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 207. നാലു പേർ കൂടി മരിച്ചതോടെ ആറു ഗൾഫ് രാജ്യങ്ങളിലുമായി മരണസംഖ്യ 207 ആയി. ലഭ്യമായ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 18 ദിവസത്തിനിടെ 106 മലയാളികളാണ് മരിച്ചത്.
ഏപ്രിൽ 1ന് യുഎഇയിലാണ് ഗൾഫിൽ ആദ്യമായി മലയാളിയുടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. മേയ് 22ന് 51–ാം ദിവസം മരണം നൂറിലെത്തി. എന്നാൽ 100ൽ നിന്നും 207ലെത്തിയത് വെറും 18 ദിവസം കൊണ്ടാണ്.
ഈ മാസം ആറിനാണ് ഏറ്റവുമധികം പേർ മരിച്ചത്. 13 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്.
ഇതിനിടെ ഒരു ഡോക്ടറും രണ്ട് നഴ്സസും ഒരു ലാബ് ടെക്നീഷ്യനും ഉൾപ്പെടെ നാല് മലയാളി ആരോഗ്യ പ്രവർത്തകർക്കും മഹാമാരിയിൽ ജീവിതം നഷ്ടമായി. മാനസിക സമ്മർദ്ദം മൂലം ഹൃദയാഘാതം ഉണ്ടാകുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും എണ്ണം കുറവല്ല.
ഹൃദ്രോഗം അടക്കം ജീവിത ശൈലീ രോഗങ്ങൾ, വൃക്കരോഗം, ന്യുമോണിയ തുടങ്ങിയവയാണ് കോവിഡ് സ്ഥിരീകരിച്ചവരിലെ പ്രധാനമരണകാരണങ്ങളെന്ന് മരണ സർട്ടിഫിക്കേറ്റുകൾ വ്യക്തമാക്കുന്നു. കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ പ്രോട്ടോകോൾ അനുസരിച്ച് അതത് രാജ്യങ്ങളിൽത്തന്നെ സംസ്കരിക്കുകയാണ്.
അബുദാബിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട് ലൈൻ
കോവിഡ് രോഗവിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ അബുദാബിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട് ലൈൻ നിലവിൽ വന്നു. 909 നമ്പറിലാണ് ഇതുസംബന്ധിച്ച വിവരം അറിയിക്കേണ്ടത്. ഹോട്ട്ലൈൻ മുസഫയിലെ പൊലീസ് ഓപ്പറേഷൻ സെന്ററുമായി ബന്ധിപ്പിച്ച് രോഗികൾക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇത് ഉപയോഗപ്പെടുത്താമെന്ന് അബുദാബി പൊലീസ് അറിയിച്ചു. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് ഹോട്ട് ലൈന്റെ ചുമതല.
ഒമാനിൽ സന്ദർശക വിസാ കാലാവധി 15 വരെ നീട്ടി
സന്ദർശക വിസയിലെത്തി ഒമാനില്‍ കുടുങ്ങിയവരുടെ വിസ കാലാവധി 15 വരെ നീട്ടി. വിമാനത്താവളം അടച്ചതിനു ശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. മാര്‍ച്ചില്‍ വിമാനത്താവളം അടയ്ക്കും മുൻപ് സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവർക്കു പിഴ നൽകേണ്ടിവരും.
വിസിറ്റ്, എക്സ്പ്രസ് വിസകള്‍ സൗജന്യമായി പുതുക്കാനാകും. ലോക്ഡൗണിൽ വിദേശത്ത് കുടുങ്ങിയ താമസ വിസക്കാരുടെ വിസ ഓൺലൈന്‍ വഴി പുതുക്കാനും അവസരമുണ്ട്. അതേസമയം, വിമാനത്താവളം അടയ്ക്കും മുൻപ് സന്ദര്‍ശക വിസ കിട്ടിയിട്ടും രാജ്യത്തു വരാതിരുന്നവർക്ക് വേറെ വിസ എടുക്കേണ്ടിവരുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
യുഎഇയിൽ കൊടും ചൂട്; പ്രവാസികൾക്ക് മുന്നറിയിപ്പ്
യുഎഇ കൊടും ചൂടിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷകർ. വരും ദിവസങ്ങളിൽ ചിലമേഖലകളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. അന്തരീക്ഷ ഈർപ്പം കൂടും. പുലർച്ചെ മൂടൽ മഞ്ഞിനു സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പു നൽകി.
ഇന്നും നാളെയും തീരദേശ മേഖലകളിൽ കാറ്റ് ശക്തമാകും. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാം. ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയും. ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലും വടക്കൻ എമിറേറ്റുകളുടെ ചില മേഖലകളിലും നേരിയ തോതിൽ മഴ പ്രതീക്ഷിക്കുന്നതായും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല