1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2020

സ്വന്തം ലേഖകൻ: സൗദിയിൽ തുടർച്ചയായ ആറാം ദിവസവും മൂവായിരത്തിലധികം കോവിഡ് രോഗികൾ. ഇതുവരെ രേഖപ്പെടുത്തിയ പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്ന രോഗബാധിതരും മരണവും ആണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3733 പേർക്ക് പുതുതായി രോഗബാധയേൽക്കുകയും 38 പേർ മരിക്കുകയും ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.

2 പേരുടെ നില ഗുരുതരമാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 116021 ഉം മരണ സംഖ്യ 857 ഉം ആയി ഉയർന്നു.1738 പേരാണ് തീവ്ര പരിചരണ വിഭാഗത്തിൽ ഉള്ളത്. 35143 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. അതേസമയം 2065 പേർ പുതുതായി രോഗമുക്തി നേടിയതോടെ രാജ്യത്ത് ആകെ 80019 പേർ സുഖം പ്രാപിച്ചതായി മന്ത്രാലയ വക്താവ് അറിയിച്ചു. 68.97 ശതമാനമാണ് രോഗമുക്തി നേടുന്നവരുടെ നിരക്ക്. മരണ നിരക്ക് 0.74 ശതമാനവും.

22139 കോവിഡ് ടെസ്റ്റുകളാണ് ഒരു ദിവസം മാത്രം പൂർത്തിയാക്കിയത്. ഇതോടെ ആകെ 1019812 ടെസ്റ്റുകൾ പൂർത്തികരിച്ചു. 183 പ്രദേശങ്ങളിൽ രോഗം വ്യാപിച്ചതായും മന്ത്രാലയ വക്താവ് പറഞ്ഞു.

യുഎഇയ്ക്ക് ആശ്വാസം പകർന്ന് കോവിഡ് 19 ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നു. 1217 പേരാണ് ഇന്ന് മാത്രം രോഗം ഭേദമായി ആശുപത്രി വിട്ടത്. പുതുതായി 45,000 പേർക്ക് പരിശോധന നടത്തിയപ്പോൾ 479 രോഗബാധിതരെ മാത്രമേ കണ്ടെത്തിയുള്ളൂ എന്നും യുഎഇ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രണ്ടു പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത് 15,466 പേർ മാത്രം. മേയ് 30ന് ശേഷം ഇതാദ്യമായാണ് രോഗികളുട എണ്ണം ഇത്രയും കുറയുന്നത്. ഇന്ന് രോഗം ഭേദമായവരുടെ അനുപാതത്തിൽ യുഎഇയിൽ രോഗ മുക്തി നേടുന്നവരുടെ ശതമാനം 61.6 ആണ്.
നൂതനമായ മെഡിക്കൽ ടെസ്റ്റിംഗ് രീതികളുടെ സഹായത്താൽ ൾ ഉപയോഗിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് പരിശോധനയുടെ എണ്ണത്തിൽ വലിയ വർധനവും വരുത്തിയിരുന്നു. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുക, ആവശ്യമായ ചികിത്സ നടപ്പിലാക്കുക എന്നീ ലക്ഷ്യത്തോടെയാണ് രാജ്യവ്യാപകമായി ടെസ്റ്റുകളുടെ വ്യാപ്തി വർധിപ്പിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.

സൗദിയില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് വിമാന സര്‍വീസുകളുടെ വര്‍ധിപ്പിച്ച നിരക്കില്‍ എയര്‍ ഇന്ത്യ കുറവ് വരുത്തി. കഴിഞ്ഞ ദിവസം ദമ്മാമില്‍ നിന്നും കണ്ണൂരിലേക്കും കൊച്ചിയിലേക്കും ഈടാക്കിയിരുന്ന ഉയര്‍ന്ന നിരക്കിലാണ് കുറവ് വരുത്തിയത്. കണ്ണൂരിലേക്കും കൊച്ചിയിലേക്കും 34000 രൂപ ഈടാക്കിയിരുന്നിടത്ത് ശനിയാഴ്ച കോഴിക്കോട്ട് പോകുന്ന പുതിയ സര്‍വീസിന് 18000 രൂപ മാത്രമാണ് ഇപ്പോള്‍ ഈടാക്കുന്നത്.

അതേസമയം ലോകമെമ്പാടും കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. 7,497,062 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,805,726 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 419,842 ജീവനുകള്‍ ഇതുവരെ നഷ്ടമായി. ബ്രസീല്‍ അടക്കമുളള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് വന്‍ തോതില്‍ വ്യാപിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും ബ്രസീലില്‍ തന്നെ, 1,300. പുതുതായി രോഗം സ്ഥിരീകരിച്ചത് 33,100 പേര്‍ക്ക്.

ഇതോടെ രാജ്യത്ത് രോഗികള്‍ 7 ലക്ഷത്തി 75,000 പിന്നിട്ടു. മെക്സിക്കോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 596 പേര്‍ മരിച്ചു. അമേരിക്കയിലും യൂറോപ്പിലും കോവിഡ് മഹാമാരിയുടെ വ്യാപനനിരക്ക് കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ ഇന്നലെ മാത്രം 981 കോവിഡ് മരണം സ്ഥിരീകരിച്ചപ്പോള്‍ ബ്രിട്ടനില്‍ 245 പേര്‍ മരിച്ചു. അതേസമയം ബ്രിട്ടനില്‍ ലോക്ക്ഡൌണ്‍ ഒരാഴ്ച മുന്‍പ് ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം പകുതിയായിരിക്കുമെന്ന് മുന്‍ സര്‍ക്കാര്‍ ഉപദേഷ്ടാവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.