1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2020

സ്വന്തം ലേഖകൻ: മദീനയിലെ പ്രധാന ഭാഗങ്ങള്‍ പൂര്‍ണമായും അടച്ചു. അവശ്യ വസ്തുക്കൾക്കായി പോലും പുറത്തിറങ്ങാൻ പാടില്ല. ഇവിടെ വീടുകളിലേക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും മന്ത്രാലയം നേരിട്ടെത്തിക്കും. അല്‍ശുറൈബാത്ത്, ബനീളഫര്‍, ഖുര്‍ബാന്‍, അല്‍ജുമുഅ, ഇസ്‌കാനിലെ ഒരു ഭാഗം, ബനീ ഖുദ്ര എന്നീ മേഖലകളിലാണ് കര്‍ഫ്യൂ കര്‍ശനമാക്കി അടച്ചത്. അനിശ്ചിത കാലത്തേക്കാണ് തീരുമാനം. മദീനയില്‍ ഇന്ന് 78 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗബാധിതര്‍ ആകെ 498 ആയി. എന്നാല്‍ നാല് പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്. 19 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.

സൗദിയില്‍ ഇന്ന് മൂന്ന് മരണവും 364 പുതിയ കേസുകളും സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 3651 ഉം മരണം 47 ഉം ആയി ഉയര്‍ന്നു. 19 പേര്‍ക്കാണ് രോഗമുക്തി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 685 ആയി ഉയര്‍ന്നു. റിയാദില്‍ മാത്രം രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. 90 പേര്‍ക്ക് മക്കയില്‍ മാത്രം പുതുതായി അസുഖം സ്ഥിരീകരിച്ചു.

യുഎഇയില്‍ 2990 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലത്തെ 3 അടക്കം 14 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറും കോവിഡിനെതിരായ അണുനശീകരണം നടക്കുന്ന ദുബായിലെ യാത്രാ നിയന്ത്രണം ഇതര എമിറേറ്റുകളിലേക്കുള്ള വാഹന ഗതാഗതത്തെ ബാധിക്കാതിരിക്കാൻ ക്രമീകരണം. റഡാറുകളുടെയും ക്യാമറകളുടെയും ഭീഷണിയില്ലാതെ 5 പാതകളിലൂടെ കടന്നുപോകാം.

ഷെയ്ഖ് സായിദ്, എമിറേറ്റ്സ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, ദുബായ്-അൽഐൻ, ദുബായ്-ഹത്ത റോഡുകളാണിവയെന്നു ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സെയിഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. എന്നാൽ വേഗപരിധി ലംഘിച്ചാൽ റഡാറുകളും ക്യാമറകളും രേഖപ്പെടുത്തും. വിവിധ എമിറേറ്റുകളിലേക്കുള്ള വാഹനങ്ങൾക്കു മാത്രമാണ് ഇളവ്.

ഈ വാഹനങ്ങൾ ദുബായിൽ നിർത്തരുത്. കാൽനട, സൈക്കിൾ യാത്രക്കാരടക്കം മുൻകൂട്ടി അനുമതി വാങ്ങണം. അത്യാവശ്യ സേവന മേഖലകളിലുള്ളവരെ ഒഴിവാക്കിയെങ്കിലും തൊഴിലുടമയുടെ അനുമതി പത്രം കാണിക്കണം. ഇവർക്കു ജോലിക്കു പോയി വരാൻ മാത്രമാണ് ഇളവ്.

നിയമം ലംഘിച്ചു പുറത്തിറങ്ങിയാൽ 2,000 ദിർഹം പിഴ ചുമത്തും. വാഹനങ്ങളുടെ നിയമലംഘനം റഡാറിൽ രേഖപ്പെടുത്തിയാൽ പിഴ ചുമത്തിയതിനെക്കുറിച്ച് മൊബൈലിൽ സന്ദേശമെത്തും. പൊതുജനങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതിക്കായുള്ള ഹോട്ട് ലൈൻ: 800737648. അപേക്ഷിക്കാനുള്ള സൈറ്റ്: https://dxbpermit.gov.ae/permits. കോവിഡ് സംശയ നിവാരണത്തിനുള്ള വാട്സാപ്: 800342 (സേവ് ചെയ്ത് ‘Hi’ എന്ന സന്ദേശമയയ്ക്കണം).

ബഹ്റൈനിൽ കോവിഡ് ബാധയിൽ ഒരാൾ കൂടി മരിച്ചു. ഇറാനിൽ നിന്നെത്തിയ 63 വയസുകാരനായ സ്വദേശി പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം ആറായി. ഇന്ന് രാജ്യത്ത് 26 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു. 377 പേരാണ്​ നിലവിൽ ചികിത്സയിൽ കഴിയുന്നത്. പുതുതായി 11 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 530 ആയി.

ബഹ്റൈനിൽ അനധികൃതമായി തങ്ങുന്ന പ്രവാസി തൊഴിലാളികൾക്ക്​ പൊതുമാപ്പ് പ്രഖ്യാപിച്ചു​. രേഖകൾ ശരിയാക്കി ഇവിടെ തന്നെ ജോലി ചെയ്യാനോ പിഴ അടക്കാതെ നാട്ടിലേക്ക്​ തിരിച്ചുപോകാനോ ഇതുവഴി അവസരം ലഭിക്കും. ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ആണ്​ പൊതുമാപ്പ്​ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്​. വർക്ക്​ പെർമിറ്റിന്റെ കാലാവധി കഴിയുകയോ റദ്ദാക്കപ്പെടുകയോ ചെയ്തവർക്കും സ്പോൺസറുടെ അടുത്ത്​ നിന്ന്​ മുങ്ങി നടക്കുന്നവർക്കും രേഖകൾ ശരിയാക്കാനുള്ള അവസരമാണിത്​.

ഏപ്രിൽ ആദ്യം പ്രാബല്യത്തിൽവന്ന പദ്ധതി ഈ വർഷം അവസാനം വരെ തുടരും. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച പൊതുമാപ്പിന്​ തുല്യമായ നടപടിയാണിതെന്ന്​ എൽ.എം.ആർ.എ ചീഫ്​ എക്സിക്യൂട്ടീവ്​ ഉസാമ അബ്ദുല്ല അൽ അബ്​സി ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു. നിലവിൽ കോടതിയിൽ കേസുള്ളവർ പൊതുമാപ്പിന്റെ പരിധിയിൽ വരില്ല. സന്ദർശക വിസയിലെത്തി കാലാവധിക്കുശേഷവും രാജ്യത്ത്​ തങ്ങിയവർക്കും യാത്രാ നിരോധനം നേരിടുന്നവർക്കും പൊതുമാപ്പിന്​ അപേക്ഷിക്കാൻ കഴിയില്ല. രേഖകൾ ശരിയാക്കി ബഹ്റൈനിൽതന്നെ തുടർന്നും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്​ പിഴ അടക്കാതെ ഇതിന്​ അവസരം ലഭിക്കും. നാട്ടിലേക്ക്​ തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർക്കും പിഴ അടക്കേണ്ടതില്ല. രാജ്യത്ത്​ രേഖകളില്ലാതെ തങ്ങുന്നവർക്കുള്ള ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന്​ എൽ.എം.ആർ.എ അറിയിച്ചു.

ഖത്തറില്‍ പുതുതായി 136 പേരില്‍ കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2512 ആയി. 21 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗം ഭേദമായവര്‍ 227 ആയി. പുതിയ രോഗികളുടെ നിരക്കില്‍ താരതമ്യേന കുറവു വരുന്നത് ആശ്വാസകരമാണ്.

ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 2195 പേരിലാണ് രോഗപരിശോധന നടത്തിയത്. മൊത്തം 45,339 പേരിലാണ് ഇതുവരെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് രോഗപരിശോധന നടത്തിയത്. ചികിത്സയിലുള്ളവര്‍ക്കെല്ലാം ക്വാറന്‍റൈന്‍ സെന്‍ററുകളില്‍ മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ പുതിയ ക്വാറന്‍റൈന്‍ സെന്‍റര്‍ കൂടി ഉംസലാല്‍ അലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഖത്തറിലെ മലയാളി പ്രവാസികള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനായി കേരളാ സര്‍ക്കാരിന് കീഴിലുള്ള നോര്‍ക്ക റൂട്ട്സ് പ്രത്യേക ഹെല്‍പ്പ്ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറം (ICBF)ന്‍റെ സഹകരണത്തോടെയാണ് ഹെല്‍പ്പ്ലൈന്‍റെ പ്രവര്‍ത്തനം. രണ്ട് നമ്പറുകളിലായി ഹെല്‍പ്പ്ലൈന്‍ സേവനം ലഭ്യമാകും.

33178494, 55532367 എന്നിവയാണ് ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഈ നമ്പറുകളിലേക്ക് വിളിക്കാം. നോര്‍ക്ക റൂട്ട്സ് ഖത്തര്‍ ഡയറക്ടര്‍മാരായ സിവി റപ്പായി, ജെ കെ മേനോന്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.