1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2020

സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് 19 ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു. 472 പേര്‍ക്കാണ് ഇന്ന് പുതുതായി അസുഖം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4934 ഉം മരണം 65 ഉം ആയി. ഇന്ന് 44 പേര്‍ക്ക് കൂടി രോഗമുക്തി ആയതോടെ ആകെ എണ്ണം 805 ആയി. റിയാദിലും മക്കയിലും മദീനയിലുമാണ് ഇന്ന് രോഗികളുടെ എണ്ണത്തിൽ വർധന.

റിയാദില്‍ കര്‍ഫ്യൂ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഏകീകൃത പാസ് സംവിധാനം നിലവില്‍ വന്നു. ഇന്നു മുതല്‍ ആഭ്യന്തര മന്ത്രാലയം ഓരോ മന്ത്രാലയങ്ങളുമായും സഹകരിച്ച് നല്‍കുന്ന പ്രത്യേക പാസുപയോഗിച്ചേ കര്‍ഫ്യൂവില്‍ ഇളവുള്ളവര്‍ക്കു പോലും ജോലിക്കും പുറത്തും പോകാനാകൂ. അവശ്യസര്‍വീസുകള്‍ക്ക് തൊട്ടടുത്ത കടകള്‍ ഉപയോഗപ്പെടുത്താം. ഇതല്ലാതെ വാഹനത്തില്‍ പുറത്ത് പോകണമെങ്കില്‍ പാസുകള്‍ നിര്‍ബന്ധമാണ്. നാളെ മുതല്‍ എല്ലാ സമയവും ഈ നിയമം റിയാദില്‍ ബാധകമാണ്. മക്കയിലും മദീനയിലും നിയമം നാളെ മുതല്‍ പ്രാബല്യത്തിലാകും.

പാസിനായി പ്രത്യേക അപേക്ഷ ഫോറത്തില്‍ സ്ഥാപനത്തിന്റെ കൊമേഴ്ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള മതിയായ രേഖകളോടെ മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷ അതത് മന്ത്രാലയങ്ങളും ബലദിയ്യയും സ്വീകരിച്ചാല്‍ മൊബൈലില്‍ എസ്എംഎസ് ലഭിക്കും. അപേക്ഷ പരിശോധിച്ച് അന്തിമ തീര്‍പ്പിനു ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ സീലോടെ പാസ് ലഭിക്കും. ഓരോ ഡ്രൈവര്‍ക്കും വാഹനത്തിനും പ്രത്യേക പാസ് നല്‍കും. പാസില്‍ കാണിക്കുന്ന റൂട്ടിലൂടെ മാത്രമേ വാഹനം ഓടാവൂ. നിര്‍ദേശം ലംഘിക്കപ്പെട്ടാലും പിഴലഭിക്കും.

ഓരോ വിഭാഗം ജീവനക്കാര്‍ക്കും അതത് വിഭാഗത്തിന് കീഴിലാണ് പാസിന് അപേക്ഷിക്കേണ്ടത്. ഇതിനായി കമ്പനിയുമായോ സ്ഥാപനവുമായോ ബന്ധപ്പെട്ട് പാസ് കരസ്ഥമാക്കണം. പുതിയ പാസ് കൈവശമില്ലാതെ പുറത്തിറങ്ങിയാല്‍ ആദ്യം പതിനായിരം രണ്ടാം വട്ടം പിടിക്കപ്പെട്ടാല്‍ ഇരുപതിനായിരവും പിഴയടക്കേണ്ടി വരും. ഓരോ വിഭാഗം ജീവനക്കാര്‍ക്കും പാസുകള്‍ സ്വന്തമാക്കാന്‍ പ്രത്യേകം രീതികളാണ് ഉള്ളത്. വെബ്സൈറ്റ് ലിങ്ക്: https://balady.gov.sa

യു എ ഇയിൽ മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 25 ആയി. അതേസമയം, യു എ ഇയിൽ രോഗം ഭേദമാവുന്നവരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. 172 പേർക്ക് രോഗം ഭേദമായി. രോഗവിമുക്തി നേടിയവരുടെ എണ്ണം 852 ആയി. രോഗബാധിതരുടെ എണ്ണം ഏറ്റവും ഉയർന്നതോതിലെത്തി താഴുന്ന പ്രവണത കാണിക്കേണ്ടതുണ്ട്. അത്തരം മാറ്റങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരീദ അൽ ഹുസ്നി പറഞ്ഞു. എല്ലാവരും ജാഗ്രതയോടെ തുടരണം. ഗ്ലൗസും, മാസ്കും, ശുചിത്വപാലനവും കരുതലോടെ തുടരണം. പരമാവധി വീട്ടിൽ തന്നെ തുടരാൻ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.

രാജ്യത്തിനകത്തുള്ള സന്ദർശകരുടെയും താമസക്കാരുടെയും വിസാ കാലാവധി ഡിസംബർ വരെ നീട്ടിയതായി യു എ ഇ അധികൃതർ വ്യക്തമാക്കി. മാർച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് ഫെഡറൽ അതോറ്റി വക്താവ് കേണൽ ഖമീസ് ആൽ കഅബി പറഞ്ഞു. രാജ്യത്തിന് പുറത്തുള്ള റെസിഡൻസി വിസക്കാരുടെ കാലാവധിയും മാർച്ച് ഒന്നിന് ശേഷം അവസാനിക്കുകയാണെങ്കിൽ അത് ഡിസംബർ വരെ നീട്ടിനൽകുമെന്നും അദ്ദേഹം അറിയിച്ചു. മാർച്ച് ഒന്ന് ശേഷം കാലാവധി അവസാനിച്ച് തിരിച്ചറിയൽകാർഡുകളുടെ കാലാവധിയും ഡിസംബർ വരെ നീട്ടിയിട്ടുണ്ട്.

ബഹ്റൈനിൽ പുതുതായി 212 പേർക്ക്​ കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇവരിൽ 206 പേർ പ്രവാസികളാണ്.​ കഴിഞ്ഞ ദിവസങ്ങളിൽ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ്​ ഇത്രയും പേർക്ക്​ രോഗം കണ്ടെത്തിയത്​. നിലവിൽ 751 പേരാണ്​ചികിത്സയിലുള്ളത്. ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്. 591 പേർക്ക് രോഗ വിമുക്തി ലഭിച്ചിട്ടുണ്ട്. ഇത് വരെയായി ആറ് പേർ കോവിഡ് ബാധയിൽ മരിച്ചു.

ഒമാനില്‍ 128 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 727 ആയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു. റൂവി ഹൈ സ്ട്രീറ്റിൽ രണ്ട് മലയാളികൾക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

അതേസമയം മത്രാ പ്രവിശ്യയിൽ ഏറ്റവും കൂടുതൽ വിദേശികൾ തിങ്ങിപ്പാര്‍ക്കുന്നതും ഏറ്റവും തിരക്കുള്ള സൂഖുകളിൽ ഒന്നുമാണ് റൂവി ഹൈ സ്ട്രീറ്റ് സൂഖ്. രോഗം സ്ഥിരീകരിച്ച വ്യക്തികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് മുമ്പ് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്ന സംശയം സ്ഥലത്തെ മലയാളികളെ ഉള്‍പ്പെടെയുള്ള പരിസരവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.