1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2020

സ്വന്തം ലേഖകൻ: ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വിലക്കുകളും നിയന്ത്രണങ്ങളും ദീർഘിപ്പിച്ചേക്കും. ലേബർ ക്യാമ്പുകളിലെ രോഗവ്യാപനം തടയാൻ മിക്ക രാജ്യങ്ങളും ബദൽ ക്രമീകരണം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ്. അതിനിടെ യു.എ.ഇയിൽ കുടുങ്ങി കിടക്കുന്ന പൌരന്‍മാരെ തിരികെ കൊണ്ടുപോകാന്‍ പാകിസ്താന്‍ തീരുമാനിച്ചു. ഒമാനില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ഗൾഫിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 10 പേരാണ് മരണപ്പെട്ടത്. സൗദിയിൽ ആറും യു.എ.ഇയിൽ മൂന്നും കുവൈത്തിൽ ഒരാളും. ഇതോടെ ഗൾഫിലെ കോവിഡ് മരണം 109 ആയി. ഗൾഫിൽ ഇന്നലെ മാത്രം 1528 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം ഇത്രയും രോഗികൾ കൂടുന്നതും ഇതാദ്യമാണ്. പതിനാറായിരത്തിനും മുകളിലാണ് മൊത്തം കോവിഡ് രോഗികൾ.

എന്നാൽ ഇവരിൽ മൂവായിരത്തോളം പേർക്ക് രോഗവിമുക്തി ലഭിച്ചു എന്നത് പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്. സൗദി അറേബ്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. സൗദിയിൽ 4934 ഉം യു.എ.ഇയിൽ 4521 ഉം ഖത്തറിൽ 3231ഉം കുവൈത്തിൽ 1300ഉം ബഹ്റൈനിൽ 1342ഉം ഒമാനിൽ 727ഉം ആണ് രോഗികളുടെ എണ്ണം. കുവൈത്തിലെ മൊത്തം രോഗികളിൽ നല്ലൊരു പങ്കും ഇന്ത്യക്കാരാണ്.

രോഗികളുടെ എണ്ണം എല്ലാ രാജ്യങ്ങളിലും ക്രമാതീതമായി ഉയരുന്ന പ്രവണത പ്രവാസികൾക്കിടയിലും ആശങ്ക വർധിപ്പിക്കുന്നുണ്ട്. എന്നാൽ വ്യാപകമായി നടക്കുന്ന കോവിഡ് ടെസ്റ്റുകളും വർധനക്ക് കാരണമാണെന്ന് അധികൃതർ വിശദീകരിക്കുന്നു. സൗദി അറേബ്യയിൽ ലേബർ ക്യാമ്പുകളിൽ നിന്ന് ആളുകളെ മാറ്റൽ പ്രക്രിയ പുരോഗമിക്കുന്നു. യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളും ലേബർ ക്യാമ്പുകളിൽ രോഗവ്യാപനം തടയാൻ മുൻകരുതൽ നടപടി ശക്തമാക്കി.

യു.എ.ഇയിലുള്ള സന്ദർശകരുടെയും താമസക്കാരുടെയും വിസാ കാലാവധി ഡിസംബർ വരെ നീട്ടി. മാർച്ച് ഒന്നിനിപ്പുറം കാലാവധി അവസാനിച്ചവർക്കാണ് ആനുകൂല്യം. പുറത്തുള്ള തങ്ങളുടെ എല്ലാ പൗരൻമാരെയും ഉടൻ തിരിച്ചെത്തിക്കാൻ സൗദിയും കുവൈത്ത് നീക്കം ഊർജിതമാക്കി. കൂടുതൽ രാജ്യങ്ങൾ ഗൾഫിൽ കുടുങ്ങി കിടക്കുന്ന തങ്ങളുടെ പൗരൻമാരെ തിരിച്ചു കൊണ്ടുപോകാനും നീക്കമാരംഭിച്ചു.

എമിറേറ്റ്സ് വിമാന ടിക്കറ്റുകൾ യാത്രക്കാർക്ക് 24 മാസം വരെ മാറ്റിയെടുക്കാം. ബുക്ക് ചെയ്ത ദിവസം മുതൽ 24 മാസം വരെ ടിക്കറ്റിനു സാധുതയുണ്ടാകും. ബുക്ക് ചെയ്ത സ്ഥലത്തേക്ക് അനുയോജ്യമായ ഏതു ദിവസവും യാത്ര ചെയ്യാനാകും. ഇതിന് അധിക ഫീസ് ഈടാക്കില്ലെന്നും അറിയിച്ചു. മേയ് 31 മുതൽ ജൂൺ ഒന്നു വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ആനുകൂല്യം. ജൂൺ ഒന്നിനുശേഷമുള്ള നിരക്കിൽ അന്നത്തെ സാഹചര്യമനുസരിച്ച് വ്യത്യാസമുണ്ടാകും.

യാത്ര മാറ്റിവയ്ക്കുന്നതിന്റ പേരിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാതെ മറ്റൊരു ദിവസം യാത്രക്കാരനു തിരഞ്ഞെടുക്കാം. ഈ വിവരം അറിയിക്കണം. യാത്ര ചെയ്തില്ലെന്ന പേരിൽ ടിക്കറ്റ് റദ്ദാകില്ല. ടിക്കറ്റിന്റെ തുകയ്ക്കു തുല്യമായ ട്രാവൽ വൗച്ചർ വാങ്ങാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു വർഷമാണ് വൗച്ചറിന്റെ കാലാവധി. ഒരു വർഷത്തേക്കു കൂടി പുതുക്കാം. യാത്ര ചെയ്യുന്നില്ലെങ്കിൽ എമിറേറ്റ്സിന്റെ മറ്റു സേവനങ്ങൾക്ക് വൗച്ചർ ഉപയോഗപ്പെടുത്താം.

യുഎഇ വീസകളുടെയും എമിറേറ്റ്സ് ഐഡിയുടെയും കാലാവധി വർഷാവസാനം വരെ നീട്ടി നൽകുമെന്ന് ഫെ‍ഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് അറിയിച്ചു. യുഎഇക്ക് അകത്തും പുറത്തുമുള്ളവരുടെ മാർച്ച് 1ന് ശേഷം കാലപരിധി തീരുന്ന വീസയുടെയും തിരിച്ചറിയൽ കാർഡുകളുടെയും കാലാവധിയാണ് ഡിസംബർ 31 വരെ പുതുക്കി നൽകുകയെന്ന് താമസ കുടിയേറ്റ വകുപ്പ് വക്താവ് കേണൽ ഖാമിസ് അൽ കാബി പറഞ്ഞു.

മലയാളികൾ ഉൾപ്പെടെ നാട്ടിൽ കഴിയുന്ന യുഎഇ വീസക്കാർക്കും സന്ദർശക, ടൂറിസ്റ്റ് വീസയിലും മറ്റും രാജ്യത്തെത്തി വീസാ കാലാവധി കഴിഞ്ഞവർക്കും ഈ ആനുകൂല്യം ലഭിക്കും. ഇവർക്ക് ഡിസംബർ 31 വരെ രാജ്യത്തു തുടരുന്നതിനുള്ള അനുമതിയാണ് ഇതിലൂടെ ലഭിക്കുക. അതുപോലെ നാട്ടിൽ കഴിയുന്നവർക്ക് വീസ കാലാവധി നീട്ടി ലഭിക്കുന്നതോടെ കോവിഡ് ഭീതിയെല്ലാം മാറി സാവകാശം വരാനുള്ള സമയവും ലഭിക്കും. വീസ, എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐഡി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

തൊഴിലാളികൾക്കു വേതനം നൽകാതിരിക്കാൻ നിർബന്ധിത അവധി എടുപ്പിക്കുന്നത് നിയമലംഘനമാണെന്നു ജനറൽ ഫെഡറേഷൻ ഒാഫ് ഒമാൻ വർക്കേഴ്സ് (ജിഎഫ്ഒഡബ്ല്യു). 80 നിയമലംഘനങ്ങൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒമാനിലെ വിവിധ മേഖലകളിലെ തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയാണ് ജിഎഫ്ഒഡബ്ല്യു. ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന നീക്കമാണിത്.

ശമ്പളം തടഞ്ഞുവയ്ക്കുകയോ വെട്ടിക്കുറയ്ക്കുയോ ചെയ്യുക, വേതനം നൽകാതെ നിർബന്ധിത അവധിയെടുപ്പിച്ച് തൊഴിലാളികളെ നാട്ടിലേയ്ക്കയയ്ക്കുക, വീട്ടിലിരുന്നു ജോലിചെയ്യാൻ അവസരമൊരുക്കാതിരിക്കുക, തൊഴിലിടങ്ങളിൽ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കാതിരിക്കുക, ക്വാറന്റീനിൽ കഴിഞ്ഞ ദിവസങ്ങൾ വാർഷിക അവധിയിൽ നിന്നു കുറയ്ക്കുക, തൊഴിൽനിയമം ഉറപ്പുവരുത്തുന്ന താമസസൗകര്യവും ഭക്ഷണവും മറ്റും നിഷേധിക്കുക. തുടങ്ങിയവ ഗുരുതര നിയമലംഘനങ്ങളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.