1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2020

സ്വന്തം ലേഖകൻ: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഒരു മലയാളി കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം 123 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനേഴായിരം കടന്നു. വരുന്ന രണ്ടാഴ്ച നിര്‍ണ്ണായകമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഷാർജ പബ്ലിക് ട്രാൻസ്പോർട്ട് ഇന്ന് മുതൽ മുഴുവൻ ഇന്റർസിറ്റി ബസ് സർവീസുകളും നിർത്തിവെച്ചു. അൽജുബൈലിലെ ബസ് സ്റ്റേഷനും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടും.

യുഎഇയിലെ ഷാര്‍ജയിൽ ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ കുടുമ്പാംഗം ഷാജി സക്കറിയയാണ് മരിച്ചത്. 51 വയസ്സായിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ ഇലെക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന ഷാജിയെ പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹത്തില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി.

യു.എ.ഇയിൽ ഒരു എമിറേറ്റിൽ നിന്ന് മറ്റൊരു എമിറേറ്റുകളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ദുബൈ, അബൂദബി എമിറേറ്റുകളാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. ദുബൈ എമിറേറ്റുകളിലെ തൊഴിലാളികളെ എമിറേറ്റിന് പുറത്തെ ജോലികൾക്കായി കൊണ്ടുപോകാനും പാടില്ല. കോവിഡ് രോഗം പരടരുന്ന സാഹചര്യത്തിൽ കൂടുതലും നിർമാണ മേഖലയിലെ തൊഴിലാളികളെ ഉദ്ദേശിച്ചാണ് നടപടി.

യാത്രക്കാർക്ക് റാപിഡ് കോവിഡ് ടെസ്റ്റ് നടത്തുന്ന ലോകത്തെ ആദ്യ വിമാനകമ്പനി എന്ന ഖ്യാതി ദുബൈയുടെ ‘എമിറേറ്റ്സ്’ സ്വന്തമാക്കി. ദുബൈ വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിലാണ് ഇതിന് സൗകര്യം ഏർപ്പെടുത്തിയത്. ഗ്രൂപ്പ് ചെക്ക് ഇൻ ഏരിയയിൽ യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കും.

പത്ത് മിനിറ്റകം പരിശോധനാ ഫലം നൽകുമെന്നും അധികൃതർ അറിയിച്ചു. ഇന്ന് തുനീഷ്യയിലേക്ക് പുറപ്പെട്ട മുഴുവൻ യാത്രക്കാരിലും കോവിഡ് പരിശോധന നടത്തിയാണ് വിമാനത്തിലേക്ക് പ്രവേശിപ്പിച്ചത്. ദുബൈ ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെയാണ് യാത്രക്കാരിൽ റാപിഡ് ടെസ്റ്റ് നടത്തുന്നത്. വിമാനത്താവളത്തിലെ ചെക്ക് ഇൻ മേഖലയിൽ സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എമിറേറ്റ്സ് അറിയിച്ചു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. കുവൈത്തിലുള്ള വിദേശികള്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിന് സര്‍വീസുകള്‍ നടത്തുന്നതിന് വിമാന കമ്പനികള്‍ക്ക് കഴിഞ്ഞ ദിവസമാണ് വ്യോമയാന വകുപ്പ് അനുമതി നല്‍കിയത്. ഇതനുസരിച്ചാണ് ഖത്തര്‍ എയര്‍വേയ്സും, തുര്‍ക്കിഷ് എയര്‍വേയ്സും ചൊവ്വാഴ്ച വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.

രാജ്യത്ത് കുടുങ്ങി കിടക്കുന്നവര്‍ക്കും മറ്റു അത്യാവശ്യക്കാര്‍ക്കും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിന് ഇതോടെ അവസരം ഒരുങ്ങുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് വിവരം. ലുഫ്താന്‍സ എയര്‍, ജസീറ എയര്‍വേയ്‌സ് എന്നിവ ഏപ്രില്‍ 16 മുതല്‍ കുവൈത്തില്‍ നിന്ന് പുറത്തേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും.

ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനായും നിരവധി വിമാന കമ്പനികള്‍ ഇതിനകം മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ത്യയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നതിന് നിലവില്‍ കുവൈത്തില്‍ യാതൊരു തടസ്സവുമില്ല. എന്നാല്‍, ഇന്ത്യയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഈ സര്‍വീസുകള്‍ സാധ്യമാകൂ.

50 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കുവൈത്തിലെ കോവിഡ് കേസുകളുടെ എണ്ണം 1405 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 32 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 785 ആയി. ചികിത്സയിലുണ്ടായിരുന്നവരിൽ 30 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തു കോവിഡ് രോഗം ഭേദമായവരുടെ എണ്ണം 206 ആയി. കോവിഡ് മൂലം ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്നു പേരാണ് രാജ്യത്തു ഇതുവരെ മരിച്ചത്.

സൗദിയില്‍ ഇതുവരെ 186 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എംബസി. രണ്ട് മലയാളികള്‍ മാത്രമാണ് ഇതുവരെ മരണപ്പെട്ടതെന്നും എംബസി അറിയിച്ചു. ഇന്ത്യക്കാരെ സഹായിക്കാന്‍ സേവനം വിപുലപ്പെടുത്തിയതായി ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ഔസാഫ് സഈദ്. എംബസി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സാഹചര്യം വിശദീകരിക്കുകയായിരുന്നു അംബാസിഡര്‍. നിലവിലെ രേഖകള്‍ പ്രകാരം സൌദിയിലുള്ളത് 13 ലക്ഷം മലയാളികളാണെന്നും അംബാസിഡര്‍ പറഞ്ഞു.

26 ലക്ഷ്യം ഇന്ത്യക്കാരാണ് നിലവില്‍ സൌദി അറേബ്യയില്‍ ഉള്ളത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളേയും ഉള്‍പ്പെടുത്തി വാട്ട്സ് അപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ പിന്തുടരുന്നതായും അംബാസിഡര്‍ അറിയിച്ചു. നിലവില്‍ ആളുകളെ ഒഴിപ്പിക്കാന്‍ പദ്ധതിയില്ല. രണ്ട് മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഒരാള്‍ മദീനയിലും ഒരാള്‍ റിയാദിലുമാണ് മരിച്ചത്.

നിലവില്‍ ആളുകളെ സൌദിയില്‍ നിന്നും നാട്ടിലേക്കയക്കാന്‍ പദ്ധതിയായിട്ടില്ല. വിമാന സര്‍വീസ് തുടങ്ങുന്ന മുറക്കേ ഇത് സാധിക്കൂ. നിലവില്‍ ലഭിച്ച അപേക്ഷകളെല്ലാം എംബസിയും കോണ്‍സുലേറ്റും ഇന്ത്യയിലെ സഹായ കേന്ദ്രത്തിലേക്ക് ക്രോഡീകരിച്ച് അയക്കുന്നുണ്ട്. പേര്, പാസ്പോര്‍ട്ട് നന്പര്‍, ഇഖാമ നമ്പര്‍, മൊബൈല്‍ നമ്പര്‍, ജോലി ചെയ്യുന്ന സ്ഥലം എന്നീ വിവരങ്ങള്‍ സഹിതം എംബസിയുടേയോ കോണ്‍സുലേറ്റിന്റേയോ നമ്പറില്‍ അയക്കുകയാണ് ചെയ്യുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സഹായ അഭ്യര്‍ഥനയും എംബസിക്ക് കൈമാറുന്നതാണ്.

റിയാദ് എംബസിയില്‍ സഹായത്തിന് വിളിക്കേണ്ട നമ്പര്‍: 0546103992. ജിദ്ദ കോണ്‍സുലേറ്റില്‍ സഹായത്തിനുള്ള നമ്പര്‍: 0556122301

ഖത്തറില്‍ പുതുതായി 283 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 3711 ആയി. 33 പേര്‍ക്ക് കൂടി രോഗം ഭേദമായി. മൊത്തം രോഗവിമുക്തി നേടിയവര്‍ 406 ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ ചിലര്‍ നേരത്തെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി ഇടപഴകിയിട്ടുള്ള സ്വദേശികളും സ്വദേശികളുമാണ്.

പ്രവാസി തൊഴിലാളികളിലും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാവര്‍ക്കും ക്വാറന്‍റൈന്‍ സെന്‍ററുകളില്‍ ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഏഴ് പേര്‍ മാത്രമാണ് ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 1862 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം ലക്ഷണങ്ങളെ തുടര്‍ന്ന് രോഗപരിശോധന നടത്തിയത്. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം ഇതോടെ 54484 ആയി.
ഒമാനിൽ കോവിഡ് 19 വ്യാപിക്കുന്നതിന് പിന്നാലെ പ്രവാസി തൊഴിലാളികള്‍ക്ക് തിരിച്ചടിയായി സര്‍ക്കാര്‍ ഉത്തരവ്. നിലവിലെ സാഹചര്യത്തില്‍ വിദേശ തൊഴിലാളികളെ പിരിച്ചുവിടാന്‍ സുപ്രീം കമ്മിറ്റി അനുമതി നല്‍കി. എന്നാല്‍, പിരിച്ചുവിടുന്ന തൊഴിലാളികള്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണം. കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തെ ശമ്പളം കുറയ്ക്കാം. ജോലി സമയത്തില്‍ കുറവ് വരുത്തി ആനുപാതികമായി ശമ്പളം കുറയ്ക്കുന്നതിനാണ് അനുമതി.

അടഞ്ഞുകിടക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള വാര്‍ഷിക അവധി നല്‍കാം. ഇതുപ്രകാരം ഈ കാലയളവ് അവധിയായി പരിഗണിക്കാം. അതേസമയം, കോവിഡിന്റെ പാശ്ചാത്തലത്തില്‍ ഒമാനി തൊഴിലാളികളെ പിരിച്ചുവിടാന്‍ പാടില്ലെന്നും സുപ്രീം കമ്മിറ്റി ബുധനാഴ്ച ചേര്‍ന്ന യോഗ തീരുമാനത്തില്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.