1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2020

സ്വന്തം ലേഖകൻ: ദുബായിയില്‍ പുറത്തിറങ്ങുന്നതിനുള്ള അനുമതിക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നേരത്തേ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം ആശുപത്രി, ഫാര്‍മസി,ഗ്രോസറി, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്ക് പോകാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ മൂന്ന് ദിവസത്തില്‍ ഒരിക്കലേ ഇത്തരം ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി കിട്ടുള്ളൂ.

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് അഞ്ചു ദിവസത്തിലൊരിക്കലേ അനുമതി ലഭിക്കൂ. പുറത്തിറങ്ങാനുള്ള അനുമതിക്ക് ദുബായ് പൊലീസിന്റെ dxbpermit.gov.ae/home എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കൊവിഡ്- 19 പ്രതിരോധത്തിനായി സാമൂഹിക അകലം പാലിക്കാന്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

സൗദിയില്‍ നാല് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 518 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മക്കയിലാണ് രണ്ട് പേര്‍ മരിച്ചത്. മദീനയിലും ജിദ്ദയിലും ഓരോ മരണങ്ങള്‍ സ്ഥിരീകരിച്ചു. 71 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6380 ആയി. നിലവില്‍ ചികിത്സയില്‍ തുടരുന്നത് 5307 പേരാണ്. രോഗമുക്തി ഇന്ന് ലഭിച്ചത് 59 പേര്‍ക്കാണ്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 990 ആയി. ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് ജിദ്ദയിലാണ്. 195 പേര്‍ക്ക്.

ഖത്തറില്‍ 392 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4103 ആയി. 9 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 415 ആയി ഉയര്‍ന്നു.

1897 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ള രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയത്. പുതിയ രോഗികളില്‍ ചിലര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരും ബാക്കിയുള്ളവര്‍ പ്രവാസി തൊഴിലാളികളുമാണ്. എല്ലാവര്‍ക്കും ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

കുവൈത്തിൽ 119 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 1524 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 860 ആയി. പുതിയ രോഗികളിൽ 68 ഇന്ത്യക്കാർ ഉൾപ്പെടെ 102 പേർ നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നു നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരാണ്.

7 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ചികിത്സയിലുണ്ടായിരുന്നവരിൽ 19 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തു കോവിഡ് രോഗം ഭേദമായവരുടെ എണ്ണം 225 ആയി. നിലവിൽ 1296 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 32 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.