
സ്വന്തം ലേഖകൻ: ഇന്ത്യ പോലൊരു രാജ്യത്ത് ദീർഘകാലം ലോക്ക് ഡൗൺ തുടർന്നു കൊണ്ടുപോകുന്നത് അനുയോജ്യമാകില്ലെന്ന് വിദഗ്ധർ. ജനസംഖ്യയിൽ ഏറിയ പങ്കും യുവാക്കളുള്ള ഇന്ത്യയിൽ ലോക്ക്ഡൗണിന് പകരം കൊറോണയ്ക്കെതിരെ സാമൂഹിക പ്രതിരോധശേഷി ആർജിച്ചെടുക്കലാണ് ഉത്തമമെന്നാണ് പകർച്ചവ്യാധികളെപ്പറ്റി പഠിക്കുന്ന എപ്പിഡമോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.
ജനങ്ങളിൽ നല്ലൊരു ശതമാനം ആളുകളെ രോഗം ബാധിക്കാൻ അനുവദിക്കുകയും അവരുടെ രോഗം ഭേദമാകുകയും ചെയ്യുന്നതിലൂടെ രോഗത്തിനെതിരെ സമൂഹ പ്രതിരോധം ആർജിച്ചെടുക്കുന്ന രീതിയാണിത്. ഇതിനെ ഹെർഡ് ഇമ്യൂണിറ്റി എന്നാണ് വിശേഷിപ്പിക്കുക. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഈ രീതി ഫലപ്രദമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വൈറസ് വ്യാപനം തയാനായുള്ള ലോക്ക്ഡൗണിൽ വലിയൊരു വിഭാഗം ജനങ്ങളും സാമ്പത്തിക- സാമൂഹ്യ- ആരോഗ്യ അരക്ഷിതാവസ്ഥയും പ്രതിസന്ധിയും നേരിടുകയാണ്. ഇതുമൂലം സാമ്പത്തികമായി തന്നെ വലിയ ആഘാതം രാജ്യത്തിനുണ്ടാകും. ഇതിന് പകരം ഹെർഡ് ഇമ്യൂണിറ്റി തന്ത്രം ആവിഷ്കരിക്കുകയാണ് വേണ്ടതെന്നാണ് ഇവർ പറയുന്നത്.
പ്രായമായവരിൽ രോഗം ബാധിക്കാതെ തന്നെ ഹെർഡ് ഇമ്യൂണിറ്റി കൈവരിക്കാൻ കഴിയും. സമൂഹത്തിൽ കൂടുതൽ ആളുകളും രോഗത്തിനെതിരെ സ്വാഭാവിക പ്രതിരോധം നേടുന്നതോടെ വൈറസ് വ്യാപനം നിലയ്ക്കും.. ഇതുവഴി പ്രായമായവർ സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് പ്രമുഖ എപ്പിഡമോളജിസ്റ്റായ ജയപ്രകാശ് മുളിയിൽ പറയുന്നു.
ഇന്ത്യയിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച യുവാക്കളുടെ എണ്ണം വളരെ കൂടുതലായതിനാൽ ഈ രീതി പരീക്ഷിച്ച് വിജയിപ്പിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അമേരിക്കയിലെ പ്രിൻസ്ടൺ യൂണിവേഴ്സിറ്റി, ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡിസീസ് ഡൈനാമിക്സ് അൻഡ് എക്കണോമികസ് ആൻഡ് പോളിസി എന്ന സ്ഥാപനവും ചേർന്നുള്ള പഠനത്തിലാണ് ഈ നിഗമനത്തിലെത്തിയത്.
എഴു മാസം കൊണ്ട് നിയന്ത്രിത രീതിയിൽ വൈറസ് ബാധിക്കാൻ അനുവദിച്ചാൽ നംബറോടെ രാജ്യത്തെ 60% ആളുകളും രോഗത്തിനെതിരെ പ്രതിരോധ ശേഷി നേടുമെന്നും രോഗവ്യാപനം നിലയ്ക്കുമെന്നും ഗവേഷകർ പറയുന്നു. യുവാക്കളിൽ രോഗം വ്യാപിക്കാൻ അനുവദിക്കുന്നതിലൂടെ വൻതോതിലുള്ള ആശുപത്രി വാസം, മരണം എന്നിവ ഒഴിവാക്കാൻ സാധിക്കും. കാരണം യുവാക്കൾ വൈറസിനെതിരെ പ്രതിരോധിച്ച് നിൽക്കാൻ സാധിക്കുന്നവരാണ്. ഇന്ത്യയിൽ ഭൂരിഭാഗം ആളുകളും 65 വയസിൽ താഴെയുള്ളവരാണെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ചെറിയ സ്ഥലത്ത് വലിയ ആൾകൂട്ടം ഉണ്ടാകുന്ന ഗ്രാമങ്ങളും നഗരങ്ങളുമാണ് ഇന്ത്യയിലുള്ളത്. ഇവിടങ്ങളിൽ സാമൂഹ്യ അകലം പാലിക്കൽ അസാധ്യമാണ്. ഇതോടൊപ്പം പരിശോധനാ കിറ്റുകളുടെ ലഭ്യത കുറവും ഇന്ത്യ നേരിടുന്ന പ്രശ്നമാണ്. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ നടപ്പിലാക്കി ജനത്തെ ബുദ്ധിമുട്ടിക്കുന്നതിനേക്കാൾ മറ്റ് മാർഗങ്ങൾ നടപ്പിലാക്കുകയാണ് വേണ്ടതെന്നും ഗവേഷകർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല