1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2020

സ്വന്തം ലേഖകൻ: രാജ്യത്തെ കോവിഡ് ബാധിതർ 21700 ആയി. ഇതിൽ 4325 പേർക്കു (19.93%) രോഗം ഭേദമായി. 686 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 1409 പേർക്കു രോഗം സ്ഥിരീകരിച്ചു; 34 പേർ മരിച്ചു. മുംബൈയിൽ മാത്രം രോഗികൾ 4000 പിന്നിട്ടു. രോഗവ്യാപനം ഗുരുതരമാകുമെന്ന സൂചനയാണു മുംബൈ സന്ദർശിച്ച കേന്ദ്രസംഘം നൽകുന്നത്.

നഗരത്തിലെ മാത്രം ജനസംഖ്യ 2 കോടിയോളം. ചേരികളടക്കം ജനം തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് രോഗികൾ ഏറെയെന്നതും ആശങ്ക കൂട്ടുന്നു. ആദ്യഘട്ടത്തിലെ പാളിച്ചയാണു മുംബൈയുടെ ദുരിതങ്ങളുടെ കാരണം. നൂറുകണക്കിന് ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലായതോടെ ആരോഗ്യമേഖലയുടെയും താളംതെറ്റി.

ചേരികളിലെ ക്രമീകരണങ്ങൾ പോരെന്നാണ് കേന്ദ്രസംഘത്തിന്റെ വിലയിരുത്തൽ. 10 ലക്ഷത്തിൽ അധികമാണ് ധാരാവിയിലെ ജനസംഖ്യ. നൂറുകണക്കിനു പേരാണ് ഒരു ശുചിമുറി ഉപയോഗിക്കുന്നത്. സാമൂഹിക അകലം പാലിക്കുക ദുഷ്കരം. മഹാരാഷ്ട്രയിൽ 75% പേർക്കും ലക്ഷണങ്ങളില്ലാതെയാണു രോഗം എന്നതും കടുത്ത വെല്ലുവിളി.

മഹാരാഷ്ട്ര ഭവനമന്ത്രി ജിതേന്ദ്ര ആവാഡിന് (54) കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ സംഘത്തിലെ ജീവനക്കാരനു കോവിഡ് കണ്ടെത്തിയതിനെ തുടർന്നു മന്ത്രിയും കുടുംബാംഗങ്ങളും വീട്ടിൽ ക്വാറന്റീനിലായിരുന്നു.

ദിവസവും പുതിയതായി ശരാശരി അഞ്ഞൂറോളം പേർക്ക് കോവിഡ് സ്ഥിരീകരിക്കുമ്പോഴും മഹാരാഷ്ട്രയിൽ ഹോട്സ്പോട്ടുകൾ 14ൽ നിന്ന് അഞ്ചായി കുറഞ്ഞത്. അതിഥിത്തൊഴിലാളികളെ നാടുകളിലെത്തിക്കാൻ മേയ് 3ന് േശഷം പ്രത്യേക ട്രെയിനുകൾ വേണമെന്ന് മഹാരാഷ്ട്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

ദക്ഷിണ കന്നഡ ജില്ലയിൽ 78 വയസ്സുകാരി കൂടി മരിച്ചതോടെ കർണാടകയിൽ കോവിഡ് മരണം 18. ഇവരുടെ മരുമകളും കോവിഡിനു കീഴടങ്ങിയിരുന്നു. രോഗികൾ 445. ചേരിയിൽ 10 പേർക്കു രോഗം കണ്ടെത്തിയതോടെ ബെംഗളൂരു ആശങ്കയിൽ. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവക്കു തടവുശിക്ഷ ഉറപ്പാക്കി കര്‍ണാടകയും ഓര്‍ഡിനന്‍സ് പാസാക്കി.

തമിഴ്നാട്ടിൽ രോഗികൾ 1683. 2 പേർ കൂടി മരിച്ചതോടെ മരണം 20. ഹോട്സ്പോട്ടായി ചെന്നൈ തുടരുന്നു, ആകെ രോഗികൾ 400. തമിഴ്നാട്ടിലെ 37 ജില്ലകളിൽ കോവിഡ് റിപ്പോർട്ട് ചെയ്യാത്തതു കൃഷ്ണഗിരിയിൽ മാത്രം.

കൊവിഡ് രോഗവ്യാപനവും പ്രതിസന്ധിയും സ്വയംപര്യാപ്തതയുടെ പാഠം കൂടി നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിൽ രാജ്യത്തെ പകുതിയോളം ഗ്രാമപഞ്ചായത്തുകളിൽ ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് കണക്ഷൻ സംവിധാനമുണ്ട്. ഇത് വഴി ഇപ്പോൾ സംസാരിക്കാൻ കഴിയുന്നത് സാങ്കേതികവിദ്യയുടെ ഗുണമാണെന്നും പഞ്ചായത്തീരാജ് ദിനവുമായി ബന്ധപ്പെട്ട് സർപഞ്ചുമാരുമായി സംസാരിക്കുമ്പോൾ മോദി പറഞ്ഞു.

ഇതോടൊപ്പം, പഞ്ചായത്ത് തലത്തിലുള്ള പ്രവർത്തനങ്ങളുടെ അക്കൗണ്ടിംഗ് ആപ്ലിക്കേഷനും വെബ് പോർട്ടലുമായ ഇ-ഗ്രാം സ്വരാജ് ആപ്പും പോർട്ടലും മോദി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ജനുവരി 1 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ആശ്വാസ ബത്തയും (ഡിആർ) 4% വർധിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചു. ജുലൈയിലും അടുത്ത ജനുവരിയിലുമുള്ള വർധനയും മരവിപ്പിച്ചതായി ധനമന്ത്രാലയം വ്യക്തമാക്കി. നിലവിലെ തോതിൽ ഡിഎ, ഡിആർ വിതരണം തുടരും.

48.34 ലക്ഷം ജീവനക്കാർക്കും 65.26 ലക്ഷം പെൻഷൻകാർക്കുമാണ് നടപടി ബാധകമാകുന്നത്. ഇപ്പോൾ മരവിപ്പിക്കുന്ന വർധന അടുത്ത വർഷം ജുലൈയിൽ മുൻകാല പ്രാബല്യമില്ലാതെ പുനഃസ്ഥാപിക്കും. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് നടപടിക്കു കാരണം. ഇതുവഴി സർക്കാരിന് 37,530 കോടി രൂപ ലാഭിക്കാമെന്നാണ് കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.