1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അറുപതിനായിരത്തിലേക്ക് കുതിക്കുന്നു. 59,881 പേർക്കാണ് ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രോഗബാധ. 1990 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്നാട്ടിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

തുടർച്ചയായി നാലാം ദിവസമാണ് 3000 ഓളം രോഗികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും നൂറോളം പേർ മരിക്കുകയും ചെയ്യുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം അറുപതിനായിരത്തിനടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3320 പേർക്ക് രോഗം ബാധിക്കുകയും 95 പേർ മരിക്കുകയും ചെയ്തു. ചികിത്സയിലുള്ളത് 39,834 പേർ. എന്നാൽ രോഗം ഭേദമാകുന്നവരുടെ എണ്ണം 30% കടന്നു. 17846 പേർക്ക് രോഗം ഭേദമായി.

മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 731 പേരാണ് ഇതുവരെ മരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 700 ലധികം പൊലീസുകാർക്ക് രോഗം കണ്ടെത്തുകയും 5 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ ഇന്ന് 57 പുതിയ കേസുകൾ കൂടി കണ്ടെത്തി. ഒഡീഷയിൽ 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 15,25,000 ടെസ്റ്റുകൾ നടന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ് വർദ്ധൻ പറഞ്ഞു. 453 ലാബുകളിലായി പ്രതിദിനം 95,000 കോവിഡ് ടെസ്റ്റുകൾ നടക്കുന്നുണ്ട്.

പശ്ചിമബംഗാളിൽ അതിഥി തൊഴിലാളികളെ കയറ്റിവരുന്ന ട്രെയിനുകൾ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി മമതാ ബാനർജിക്ക് കത്തയച്ചു.

തമിഴ്നാട്ടിൽ കോവിഡ് രോഗികൾ 6009. ഇന്നലെ മാത്രം 600 പേർക്കാണ് സ്ഥിരീകരിച്ചത്. ഇവരിൽ 399 പേർ ചെന്നൈയിൽനിന്ന്. നഗരത്തിലെ കൂടുതൽ രോഗികൾ കോടമ്പാക്കം മേഖലയിൽ. ഇന്നലെ രോഗം കണ്ടെത്തിയവരിൽ കൂടുതൽ കോയമ്പേട് മാർക്കറ്റുമായി ബന്ധമുള്ളവർ.

ഇതുവരെയുള്ള രോഗബാധിതരിൽ 1589 പേർ കോയമ്പേടിലെ വ്യാപാരികളും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ്. മൂന്നു പേർ കൂടി മരിച്ചതോടെ ആകെ മരണം 40. രോഗ മുക്തി നേടിയവർ 1605. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾ 4361.

കർണാടകയിൽ 48 പേർക്കു കൂടി രോഗബാധ. ഇവരിൽ 6 പേർ ബെംഗളൂരുവിൽനിന്ന്. സംസ്ഥാനത്തെ ആകെ രോഗബാധിതർ 753. പുതിയ രോഗികളിൽ 13 വയസ്സിനു താഴെയുള്ള 10 കുട്ടികളുമുണ്ട്. ചികിത്സയിലുള്ളവർ 346. പ്രതിഷേധം വ്യാപകമായതിനെത്തുടർന്ന് അതിഥി തൊഴിലാളികൾക്ക് ജൻമ നാടുകളിലേക്കു യാത്ര ചെയ്യാനുള്ള പ്രത്യേക ട്രെയിനുകൾ പുനരാരംഭിച്ചു.

രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന പഠനത്തിനായി ഹോട്ട്സ്പോട്ടുകളടങ്ങുന്ന 75 ജില്ലകളെ ഐസിഎംആർ തെരഞ്ഞെടുത്തു. ഓരോ ജില്ലയിലും 400 പേരെ പരിശോധിക്കും. കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയില്ലെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നവരെയാണ് പരിശോധിക്കുക. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഗുജറാത്തില്‍ കോവിഡിനെ പിടിച്ചുകെട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ രംഗത്തിറങ്ങി. അമിത് ഷായുടെ നിര്‍ദേശ പ്രകാരം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഗുജറാത്തിലെത്തി. അഹമ്മദാബാദിലെ ആശുപത്രിയിലെത്തിയ ഡോ. രണ്‍ദീപ് ഗുലേറിയ, അവിടുത്തെ ഡോക്ടര്‍മാര്‍ക്ക് കോവിഡ് ചികിത്സയില്‍ നിര്‍ദേശങ്ങള്‍ നല്‍കി.

ഗുജറാത്തില്‍ രോഗബാധ കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് അമിത് ഷാ, എയിംസ് മേധാവിയെ തന്നെ രംഗത്തിറക്കിയത്. 7,403 കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 449 പേര്‍ മരിച്ചു. മഹാരാഷ്ട്രയ്ക്കു ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് ഗുജറാത്ത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 390 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,872 പേര്‍ രോഗമുക്തി നേടി.

കൊറോണ വൈറസുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ ജനങ്ങൾ പഠിക്കണമെന്ന് ആരോഗ്യമന്ത്രാലയം. തുടർച്ചയായി മൂന്നാംദിനവും കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നതോടെയാണ് ആശങ്ക നീളുമെന്നുറപ്പിക്കുന്ന പ്രതികരണം ആരോഗ്യമന്ത്രാലയം നൽകിയത്. നേരത്തെ 12 ദിവസം എന്ന നിരക്കിലായിരുന്നു രോഗബാധിതർ ഇരട്ടിച്ചിരുന്നത്. ഇപ്പോഴത് 10 ദിവസമായി.
നിലവിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നൽകിയ മാർഗനിർദേശങ്ങൾ പതിയെ പൊതുരീതിയായി മാറുമെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി.

ജൂൺ, ജൂലൈ മാസങ്ങളിൽ രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം പരമാവധിയിലെത്തുമെന്ന എയിംസ് ഡയറക്ടറുടെ മുന്നറിയിപ്പു തള്ളാതെയായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.