1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2020

സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന വര്‍ധനവ്. 5242 പേര്‍ക്കാണ് പുതുതായി ഒരു ദിവസത്തിനിടെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3,041 ആയി. ആകെ രോഗബാധിതരുടെ എണ്ണം 96,492 ആണ്. 36823 പേര്‍ക്ക് രോഗം ഭേദമായി. 56316 പേരാണ് ചികിത്സയിലുള്ളത്.

ലോക്ക് ഡൗണിന്റെ നാലാം ഘട്ടം കൂടുതല്‍ ഇളവുകളോടെ തുടങ്ങുമ്പോഴാണ് ആശങ്കപ്പെടുത്തുന്ന ഈ കണക്കുകള്‍ പുറത്തുവരുന്നത്. ജൂലൈ മാസത്തോടെ രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം വരെയാകാമെന്നാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ള കണക്ക്. മധ്യപ്രദേശിലെ ഇൻഡോറിൽ 95 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്‍ഡോറില്‍ ആകെ രോഗികളുടെ 2565 ആയി. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2347 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി കര്‍ണാടക. ഈ മാസം 31 വരെയാണ് വിലക്ക്. ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. നാലാംഘട്ട ലോക്ഡൗണിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തിന് ശേഷം കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെഡ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ഈ നാല് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി പ്രവേശന വിലക്കേര്‍പ്പെടുത്തുകയായിരുന്നു. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ ക്വാറന്റൈന്‍ ചെയ്യും. സംസ്ഥാനങ്ങള്‍ തമ്മില്‍ പരസ്പരം ധാരണയോടെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.

അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ച് ഞായറാഴ്ചകളില്‍ പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും യെദ്യൂരപ്പ അറിയിച്ചു. കണ്ടെയിന്‍മെന്റ് കര്‍ശമനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും മറ്റിടങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളും അനുവദിക്കും. സംസ്ഥാനത്തിനകത്ത് ഓടുന്ന എല്ലാ ട്രെയിനുകളും അനുവദിക്കും.

ഡല്‍ഹിയില്‍ ആകെ കോവിഡ് 19 കേസുകളുടെ എണ്ണം 10,000 കടന്നു. 299 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ സ്ഥിരീകരിച്ച കേസുകള്‍ 10054 ആയി. ഇതോടെ മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും തമിഴ്‌നാടിനും പിന്നാലെ കോവിഡ് കേസുകള്‍ 10000 കടക്കുന്ന സംസ്ഥാനമായി ഡല്‍ഹി മാറി. 5409 കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ആകെ മരണസംഖ്യ 160 ആയി ഉയര്‍ന്നുവെന്നും ഡല്‍ഹി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പറയുന്നു. 4485 രോഗികള്‍ക്ക് അസുഖം ഭേദമായി.

ജമ്മു കശ്മീരില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേര്‍ കോവിഡ് രോഗിയെ ചികിത്സിച്ചവരാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നതാണ് മറ്റൊരു ഡോക്ടര്‍. രോഗിയായ സ്ത്രീ ഞായറാഴ്ച രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. കശ്മീരില്‍ ഇതുവരെ 13 ഡോക്ടര്‍മാരും മൂന്ന് നേഴ്സുമാരും ഉള്‍പ്പെടെ 21 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 13 കോവിഡ് കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 1188 ആയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.