1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം ഒരു ദിവസം 7000 കടന്നു. 169,011 പേര്‍ക്കാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതില്‍ 71,105 പേര്‍ക്ക് രോഗം ഭേദമായി. 89,987 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,820 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ മാത്രം മരണപ്പെട്ടത് 175 പേരാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. 60000 ത്തിലേറെ രോഗികളാണ് ഇവിടെയുള്ളത്. 1982 പേരാണ് മഹാരാഷ്ട്രയില്‍ മാത്രം മരണപ്പെട്ടത്.
ഇന്ത്യയില്‍ നാലാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യ അഞ്ചാം ഘട്ട ലോക്ക് ഡൗണിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാലാം ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് നിംഹാന്‍സ് ന്യൂറോ വൈറോളജി തലവന്‍. ദേശീയ മാനസികാരോഗ്യ ന്യൂറോ വിഭാഗം തലവന്‍ ഡോ. വി രവിയാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ രൂക്ഷ വര്‍ധനയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

‘കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനക്ക് രാജ്യം സാക്ഷിയായിട്ടില്ല. ജൂണോട് കൂടി കോവിഡ് ബാധിതരുടെ എണ്ണം സാമൂഹിക വ്യാപനത്തോടെ വര്‍ധിക്കും. ഡിസംബര്‍ അവസാനത്തോടെ ഇന്ത്യന്‍ ജനസംഖ്യയുടെ പകുതി പേര്‍ക്കും വൈറസ് ബാധയേല്‍ക്കും. പക്ഷെ ഇതിലെ നല്ല കാര്യമെന്തൊണെന്ന് വെച്ചാല്‍ ഇതില്‍ 90 ശതമാനം പേര്‍ക്കും വൈറസ് ബാധയേറ്റ കാര്യം മനസ്സിലായിട്ടുണ്ടാകില്ല എന്നതാണ്’; ഡോ. രവി പറഞ്ഞു.

ഇങ്ങനെ കോവിഡ് ബാധിക്കുന്ന അഞ്ച് തൊട്ട് പത്ത് ശതമാനം ആളുകള്‍ക്ക് മാത്രമായിരിക്കും ഓക്സിജന്‍ സംവിധാനത്തോടെയുള്ള ചികിത്സ അത്യാവശമായിരിക്കുക. അഞ്ച് ശതമാനം പേര്‍ക്ക് മാത്രമാകും വെന്‍റിലേറ്റര്‍ സഹായം വേണ്ടി വരികയെന്നും രവി പറയുന്നു.

അടുത്ത കുറച്ച് ദിവസങ്ങളില്‍ ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ സംസ്ഥാനങ്ങള്‍ മെ‍ഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കി വര്‍ധിക്കുന്ന ഈ കോവിഡ് വര്‍ധനയെ അഭിമുഖീകരിക്കണമെന്ന് ഡോ. രവി പറയുന്നു. നേരത്തെ കോവിഡിനെ നേരിടാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലകളില്‍ ഏറ്റവും കുറഞ്ഞത് രണ്ട് കോവിഡ് ടെസ്റ്റിങ് ലബോറട്ടറികള്‍ വേണമെന്ന് ഐ.സി.എം.ആര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ബുധനാഴ്ച്ചയോടെ കര്‍ണാടക 60 ലബോറട്ടറികളുമായി ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറുകയും ചെയ്തു. ഏപ്രില്‍ 15ന് പതിഞ്ച് ടെസ്റ്റിങ് ലബോറട്ടറികളില്‍ നിന്നാണ് കര്‍ണാടക 60 എന്ന അതിശയിപ്പിക്കുന്ന ടെസ്റ്റിങ് ലബോറട്ടറി കണക്കുകളിലേക്ക് എത്തിചേര്‍ന്നത്.

രാജ്യത്തെ മരണനിരക്ക് മൂന്ന് തൊട്ട് നാല് വരെ ശതമാനമാണെന്നും ആറ് ശതമാനത്തോടെ ഗുജറാത്താണ് മരണനിരക്കില്‍ മുന്നിട്ട് നില്‍ക്കുന്നതെന്നും ഡോ. രവി വെളിപ്പെടുത്തി. അടുത്ത വര്‍ഷം മാര്‍ച്ച് വരെയെങ്കിലും കോവിഡ് വാക്സിന് വേണ്ടി കാത്തിരിക്കേണ്ടി വരുമെന്നും എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളോടെയും കോവിഡിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു എന്നും ഡോ.രവി പറഞ്ഞു. എബോള, മെഴ്സ്,സാര്‍സ് പോലെ കൊറോണ അപകടകാരിയല്ലെന്നും ഡോ.രവി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.