1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് പതിനായിരത്തോളം പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 289,936 ആയി. അടുത്ത രണ്ട് ദിവസത്തിനകം ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടക്കും. ദിനംപ്രതി രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ഇന്ത്യയിൽ ആശങ്ക പരത്തുന്നു. രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. അമേരിക്കയാണ് ഒന്നാമത്. ബ്രസീൽ, റഷ്യ, യുകെ എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടുതലാണ്.

കോവിഡ് മഹാമാരി ഇന്ത്യയിൽ പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ആദ്യമായാണ് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തേക്കാൾ രോഗമുക്തർ ഉണ്ടാകുന്നത്. ഇത് രാജ്യത്തിനു ആശ്വാസ വാർത്തയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,991 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 142,954 ആയി. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,33,632 ആണ്. 8,143 പേരാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ മൂലം മരിച്ചത്.

കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തില്‍ ഡല്‍ഹി ജുമാ മസ്ജിദ് അടച്ചു. ജൂണ്‍ 30 വരെയാണ് അടച്ചത്. ഇന്ന് രാത്രി എട്ട് മണി മുതലാണ് പള്ളി അടക്കുകയെന്ന് ഇമാം സയ്യിദ് അഹമ്മദ് ബുഖാരി വ്യക്തമാക്കി. പള്ളി തുറന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അടയ്ക്കുന്നത്. ഷാഹി ഇമാമിന്റെ സെക്രട്ടറി അമാനുള്ളാഹ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ജൂണ്‍ മൂന്നിനായിരുന്നു അദ്ദേഹത്തെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

പണ്ഡിതന്മാരുടെയും പൊതു ജനത്തിന്റെയും അഭിപ്രായം തേടിയതിന് ശേഷമാണ് മസ്ജിദ് അടയ്ക്കാൻ തീരുമാനിച്ചതെന്നും ഇമാം അറിയിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന്‌ രണ്ട് മാസമായി അടച്ചിട്ട ഡല്‍ഹി ജുമാ മസ്ജിദ് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാമെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് തുറന്നത്.

അതേസമയം ഡല്‍ഹിയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുകയാണ്. ബുധനാഴ്ചത്തെ കണക്കുകള്‍ പ്രകാരം 1501 കോറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് 32,000 കേസുകളായി. രാജ്യത്ത് കൊറോണ കേസുകള്‍ കൂടുതലുള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് ഡല്‍ഹി. 984 പേരാണ് ഇതുവരെ മരിച്ചത്. കുറച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ ആയിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക്‌ഡൗണ്‍ വീണ്ടും വേണമെന്ന് ആവശ്യപ്പെട്ട് ചില സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനം പൂർണമായി അടച്ചിടാൻ ആലോചിക്കുകയാണ് മഹാരാഷ്‌ട്ര സർക്കാർ. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്. സമ്പൂർണ അടച്ചുപൂട്ടൽ തന്നെയാണ് കോവിഡ് പ്രതിരോധത്തിനു ഏറ്റവും നല്ല മരുന്നെന്നാണ് മിസോറാം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കാനുള്ള ആലോചനയിലാണ്.

അതിനിടെ രാജ്യത്ത് വലിയ വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുളള സാധ്യതയുണ്ടെന്ന് ഐസിഎംആര്‍. കോവിഡ് പ്രതിസന്ധി മാസങ്ങളോളം നീണ്ടുനില്‍ക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് ഐസിഎംആര് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയത്.

നഗരങ്ങളിലെ ചേരികളിലെ വൈറസ് വ്യാപനത്തിന് സാധ്യത കുടുതലാണ്. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായിരുന്നു. അതിനാല്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമാക്കണം. ഏതെങ്കിലും തരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ അത് ഗുരുതരമായ പ്രത്യഘാതങ്ങള്‍ക്ക് വഴിവെക്കും.

കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ട പഠനം സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച പഠനം തുടരുന്നു എന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇന്ത്യയില്‍ ഇതുവരെ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

ആഗോള തലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 73,57,794 ആയി. 4,16,116 പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായി. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,000 കടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.