1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് 24 മണിക്കൂറിനിടെ 10956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 396 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഐസിയു, ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയ്ക്ക് കുറവുണ്ടാകുമെന്ന് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി.

മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. ദേശീയ ശരാശരി 2.8 ശതമാനമെങ്കില്‍ അഞ്ച് ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ ശരാശരി നിരക്ക്. കൊവിഡ് മാസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ വെന്‍റിലേറ്റര്‍, ഐസിയു അടക്കമുള്ള സംവിധാനങ്ങള്‍ ഓഗസ്റ്റോടെ നിറയുമെന്നും കൂടുതല്‍ കരുതല്‍ വേണമെന്നുമാണ് മുന്നറിയിപ്പ്.

രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,97,535 ആയി. നിലവിൽ 1,41,842 പേർ ചികിത്സയിലുണ്ട്. 1,47,195 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 50 ശതമാനം കടന്നു. കോവിഡ് സമൂഹ വ്യാപനം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനിടെ ഇന്ത്യ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് എത്തി. മേയ് 24ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ 18 ദിവസം കൊണ്ടാണ് നാലാം സ്ഥാനത്തായത്.

കോവിഡ് സ്ഥിരീകരിച്ചതിൽ 70 ശതമാനം രോഗികളും മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ ആകെ രോഗികൾ 97648ഉം മരണ സംഖ്യ 3590ഉം ആയി. ഡൽഹിയിലും സ്ഥിതി ഗുരുതരമാണ് ആകെ രോഗികൾ 34687ഉം മരിച്ചവരുടെ എണ്ണം 1085ഉം ആയി.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രിട്ടനെയാണ് ഇന്ത്യ മറികടന്നത്. റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തില്‍ ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. റഷ്യയില്‍ 4.93 ലക്ഷവും ബ്രസീലില്‍ 7.72 ലക്ഷവും അമേരിക്കയില്‍ 20 ലക്ഷത്തിലേറെ കോവിഡ് കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തത്.

അതേസമയം മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ വീണ്ടും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ ഇളവുകൾ അവസാനിപ്പിച്ച് ലോക്ക് ഡൗൺ കർശനമാക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ഉദ്ദവ് പറഞ്ഞിരുന്നു. ഈ നിലപാടിൽ നിന്നാണ് സർക്കാർ പിന്നോട്ട് പോയത് . ജനങ്ങൾ സാമൂഹ്യ അകലം പാലിച്ച് സർക്കാരിന്‍റെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദില്ലിയിലും ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ദില്ലിയില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഉണ്ടാവുമെന്ന ഊഹാപോഹം പരക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്. തമിഴ്‍നാട്ടിലും ചെന്നൈയിലും മറ്റ് ജില്ലകളിലും അടുത്ത 15 ദിവസത്തേക്ക് വീണ്ടും കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന വ്യാജപ്രചാരണത്തെ മുഖ്യമന്ത്രി പളനിസ്വാമി തള്ളി. വ്യാജ പ്രസ്‍താവനകള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പളനിസ്വാമി പറഞ്ഞു.

വെള്ളിയാഴ്ച 1982 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന കേസുകളുടെ എണ്ണമാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 18 പേരാണ് ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. 1342 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 40,698 ആയി. 367 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. 22, 047 പേര്‍ ഇതുവരെ രോഗമുക്തി നേടി.

ഡൽഹിയിൽ 2 മലയാളികൾ കൂടി മരിച്ചു

ഡൽഹിയിൽ രണ്ട് മലയാളികൾ കൂടി വെള്ളിയാഴ്ച മരിച്ചു. ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ അടൂർ സ്വദേശിയും ഡൽഹിയിൽ മദൻഗഡിയിൽ താമസിക്കുന്ന രാഘവൻ ഉണ്ണിത്താൻ (70) കോവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം നടത്തി.

ഡൽഹിയിൽ ലക്ഷ്മി നഗറിൽ താമസിക്കുന്ന കെ.ജി.ഷിബു മയൂർവിഹാർ ജീവൻ മാല അൻമോൽ ആശുപത്രിയിൽ മരിച്ചു. പനിയും, ചുമയുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിച്ചത്. കോവിഡ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഭാര്യ രമ ഡൽഹിയിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്സാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.