1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് മരണം 229 ആയി. 24 മണിക്കൂറിനിടെ 37 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 896 പേർക്ക് രോഗം പുതിയതായി സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം ബാധിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്.

6,725 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. അതേസമയം, രാജ്യത്ത് കൊവിഡ് 19 സമൂഹവ്യാപനം ഇതുവരെയില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച ഐസിഎംആറിന്റെ പഠനവും ആരോഗ്യമന്ത്രാലയവും ലോകാരോഗ്യ സംഘടനയും തള്ളിക്കളയുന്നു.

സാമൂഹിക വ്യാപനം ഉറപ്പിക്കുന്ന കേസുകൾ ഇതുവരെ ഇല്ലെന്ന് ആരോഗ്യമന്ത്രാലയവും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. ലോക്ക് ഡൗണ്‍ തീരുന്ന പതിനാലിന് മുന്‍പ് രണ്ടരലക്ഷം പരിശോധന പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കൊവിഡ് വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കുമോയെന്ന തീരുമാനം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും. അന്തിമ തീരുമാനത്തില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.

കൊവിഡ് 19 നെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഈ വരുന്ന ഏപ്രില്‍ 14 ന് അവസാനിക്കാനിരിക്കുകയാണ്‌. ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് പിന്‍വലിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അന്തിമ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.

അതേസമയം, ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യതയുണ്ടെങ്കിലും ഇത്തവണ നിരവധി മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവശ്യ സേവനങ്ങള്‍ ഒഴികെ അന്തര്‍സംസ്ഥാന യാത്രകള്‍ നിയന്ത്രിതമായി തുടരും. സ്‌കൂളുകളും കോളേജുകളും മതസ്ഥാപനങ്ങളും തുടര്‍ന്നും അടച്ചിടാന്‍ സാധ്യതയുണ്ട്.

നീണ്ടുനില്‍ക്കുന്ന ലോക്ഡൗണ്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള വന്‍ സാമ്പത്തിക തകര്‍ച്ച കണക്കിലെടുക്കുമ്പോള്‍, ചില മേഖലകളില്‍ പ്രത്യേക ഇളവ് അനുവദിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിലൂടെ ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിനുള്ള സാധ്യതകള്‍ കുത്തനെ മാറ്റിമറിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) ധനനയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് വ്യോമയാന മേഖലയാണ്. പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ക്രമേണ വിമാനക്കമ്പനികളെ അനുവദിക്കാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ എല്ലാ ക്ലാസുകളിലും മിഡില്‍ സീറ്റ് ഒഴിച്ചിടല്‍പോലുള്ള രീതികള്‍ സ്വീകരിച്ചേക്കാമെന്നും വൃത്തങ്ങള്‍ പറയുന്നു.

കൊവിഡിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. ഇതിനായി അഞ്ചോ ആറോ ആഴ്ച സമയം ഇനിയും വേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്.

രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഷ് വര്‍ദ്ധന്‍.

ഉച്ചയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കേന്ദ്രമന്ത്രിയുടെ ചര്‍ച്ച. കൊവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ചില സംസ്ഥാനങ്ങള്‍ വിമുഖത കാട്ടുന്നുവെന്ന് ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 4100 കോടി രൂപ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.