1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2020

സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 941 പേ‍ർക്ക് കൂടി കൊവിഡ് ബാധിക്കുകയും 37 പേ‍ർ വൈറസ് ബാധയെ തുട‍ർന്ന് മരണപ്പെടുകയും ചെയ്തതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം 12380 ആയി. ആകെ മരണങ്ങൾ 438 ആയും ഉയർന്നു. ‌

രാജ്യത്ത് ഇതുവരെ 2,90,401 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. രോഗവ്യാപന തോത് 12.02 ആയി ഉയർന്നിട്ടുണ്ട്. കേരളത്തിലെ കോട്ടയം അടക്കം രാജ്യത്തെ 325 ജില്ലകളിൽ ഒരു കൊവിഡ് കേസ് പോലും റിപ്പോർട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊവിഡ് പ്രതിരോധത്തിനുള്ള മികച്ച മാർഗ്ഗം എന്ന നിലയിൽ ലോക്ക് ഡൗൺ തുടരണമെന്നും ആരോ​ഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. രണ്ട് ചൈനീസ് കമ്പനികളിൽ നിന്നായി അഞ്ച് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഇന്ന് ഇന്ത്യയിലെത്തിയതായി കേന്ദ്രആരോ​ഗ്യമന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ലാവ് അ​ഗ‍ർവാൾ അറിയിച്ചു.

അതേസമയം സമയം റാപ്പി‍ഡ് ടെസ്റ്റുകൾ വ്യാപകമായി നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഐസിഎംആ‍ർ അറിയിച്ചു. ഹോട്ട്സ്പോട്ട് മേഖലകളിലാവും റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോ​ഗിച്ച് കൂടുതലായി പരിശോധന നടത്തുകയെന്നും ഐസിഎംആ‍ർ വ്യക്തമാക്കി. ഇന്നലെ മാത്രം 30,043 ടെസ്റ്റുകളാണ് രാജ്യത്ത് നടന്നത്. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമം പരമാവധി തുടരുകയാണെന്നും ഐസിഎംആ‍ർ അറിയിച്ചു.

രാജ്യത്താകമാനം കൊറോണ വൈറസ് രോഗത്തിനെതിരെ പ്രതിരോധ നടപടികള്‍ ശക്തിമാക്കുന്തോറും കൂടുതല്‍ ആശങ്കയിലാവുകയാണ് മഹാരാഷ്ട്ര. ഇന്ന് മാത്രം 165 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഒപ്പം ആകെ കൊറോണ ബാധിതരുടെ എണ്ണം 3081 ആയി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഒപ്പം ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും മൂവായിരത്തിലധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടില്ലയെന്നതും ആശങ്കപ്പെടുത്തുന്നതാണ്.

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ 107 ഉം മുംബൈയിലാണ്. 19 പേര്‍ പൂനെയിലും 11 പേര്‍ നാഗ്പൂരിലും 13 പേര്‍ താനെയിലും നാല് പേര്‍ നാഷികിലും നവി മുംബൈലിലുമാണ്. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കെറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ കാലാവധി മെയ് മൂന്ന് വരെ നീട്ടാനാണ് തീരുമാനം. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയും ശേഷം ചില മേഖലകളില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ ജില്ലകളെ മൂന്ന് സോണുകളാക്കി തിരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഹോട്ട്സ്പോട്ടുകള്‍, നോണ്‍ ഹോട്ട്സ്പോര്‍ട്ടുകള്‍, ഗ്രീന്‍ സോണുകള്‍ എന്നിങ്ങനെ മൂന്ന് സോണുകളായാണ് ജില്ലകളെ തരം തിരിച്ചത്. ഒരു ജില്ലയിലേയും കൊറോണ വ്യാപനത്തിന്റെ തീവ്രതയനുസരിച്ചാണ് ഇതിനെ പട്ടികപ്പെടുത്തിയത്.

രാജ്യത്തെ 700 ജില്ലകളില്‍ 170 ജില്ലകളാണ് തീവ്രഹോട്ട്സ്പോര്‍ട്ട്കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുതലുള്ള ജില്ലകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഹോട്ട്സ്പോര്‍ട്ടായി തീരുമാനിച്ച ജില്ലകളിലം രോഗികള്‍ പൂര്‍ണ്ണമായും സുഖപ്പെട്ട ശേഷം അടുത്ത 28 ദിവസം വരെ എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രണ്ടാം ലോക്ക് ഡൗണിനെ സംബന്ധിച്ചുളള സാമ്പത്തിക മേഖലയുടെ ആശങ്കകൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തു. പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ചവർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

പരീക്ഷണ സമയത്തെ നേരിടാൻ ദരിദ്രർക്കും ദുർബലർക്കും സാധ്യമായ എല്ലാ സഹായങ്ങളും ലഭിക്കണമെന്നത് ഞങ്ങളുടെ ഉറച്ച തീരുമാനമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 1.75 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രധാൻ മന്ത്രി ഗരിബ് കല്യാൺ നേരത്തെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ധനകാര്യം രം​ഗത്ത് കൂടുതൽ ഇളവുകളും വ്യവസായ രം​ഗത്തിന് സഹായകരമായി ആശ്വാസ പാക്കേജും ഉടനുണ്ടായേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന

ഗ്രാമീണ മേഖലയിലെ ചില വ്യവസായങ്ങൾ, ഇ-കൊമേഴ്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി (ഐടി), കൃഷി എന്നിവ ഏപ്രിൽ 20 ന് ശേഷം അനുവദിക്കുമെന്ന് സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ അറിയിച്ചു. പ്രധാനമന്ത്രി മോദി രാജ്യവ്യാപകമായി കൊറോണ വൈറസ് ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടിയതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്.

ഗ്രാമീണ മേഖലയിലെ റോഡുകളുടെയും കെട്ടിടങ്ങളുടെയും നിർമാണവും ഐടി ഹാർഡ്‌വെയർ നിർമ്മാണവും അനുവദിക്കുന്നത് നീണ്ട പോകുന്ന ലോക്ക് ഡൗണിന്റെ സമയത്ത് ദശലക്ഷക്കണക്കിന് ആളുകളുടെ ദുരിതം കുറയ്ക്കുന്നതിന് സഹായകരമാണെന്ന് സർക്കാർ കണക്കാക്കുന്നു. അതിനാലാണ് അവയ്ക്ക് ഇളവുകൾ അനുവദിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.