1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് കേസുകൾ ഇരട്ടിക്കുന്നതിന്‍റെ തോത് കുത്തനെ കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് കൊവിഡ് രോഗവ്യാപനത്തിൽ 40 ശതമാനം കുറവുണ്ടായി. ലോക്ക് ഡൗണിന് മുമ്പ്, കൊവിഡ് കേസുകൾ മൂന്ന് ദിവസം കൊണ്ട് ഇരട്ടിയായെങ്കിൽ, ഇപ്പോഴതിന് 6.2 ദിവസം എടുക്കുന്നു. രോഗവ്യാപനത്തിൽ നാൽപത് ശതമാനം കുറവുണ്ടായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14,000ത്തോട് അടുക്കുകയാണ്. 23 കോവിഡ് ബാധിതർ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 452 ആയി ഉയർന്നു.
രാജ്യത്ത് 13,495 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 1748 പേർക്കാണ് രോഗം ഭേദമായത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,205 ആയി. മഹാരാഷ്ട്രയിലെ മരണസംഖ്യ 194 ആയി. മുംബെെയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,600 കടന്നു.

മുംബൈയില്‍ മലയാളി നഴ്‌സുമാര്‍ക്ക് വീണ്ടും കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. വോക്കാര്‍ഡ് ആശുപത്രിയിലെ 12 മലയാളി നഴ്‌സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12 മലയാളി നഴ്‌സുമാരടക്കം 15 നഴ്‌സുമാര്‍ക്കും ഒരു ഡോക്ടര്‍ക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ 50 മലയാളി നഴ്‌സുമാര്‍ക്ക് ഇതേ ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആശുപത്രി മുഴുവന്‍ ക്വാറന്റീനിലാക്കിയിരിക്കുകയാണ്. ഇവിടെ നിന്ന് പുറത്തേക്കോ അകത്തേക്കോ ആരെയും കടത്തിവിടുന്നില്ല. അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3000ത്തിനടുത്തെത്തി.
മുംബൈയില്‍ മാത്രം 1936 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കൊവിഡ് സാഹചര്യം ആര്‍.ബി.ഐ സൂക്ഷ്മമമായി വിലയിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരാശയുടെ അന്ധകാരത്തില്‍ പ്രതീക്ഷയുടെ തിരിനാളം കാത്തുസൂക്ഷിക്കണം. അടിയന്തരനടപടികള്‍ എടുക്കേണ്ട സാഹചര്യമാണ് നിലവിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ക് ഡൗണ്‍ കാലത്ത് ഇത് രണ്ടാം തവണയാണ് ആര്‍.ബി.ഐ. ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്നത്. ഇന്ത്യ 1.9 ശതമാനം വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.20 രാജ്യങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് ഇന്ത്യയ്ക്കായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും അവസരത്തിനൊത്തുയര്‍ന്നു. ലോക്ക് ഡൗണ്‍ കാലത്തും ജോലി ചെയ്ത സാമ്പത്തികമേഖലയിലെ ജീവനക്കാര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. മാര്‍ച്ചില്‍ വാഹനവിപണി ഇടിഞ്ഞു. രാജ്യത്തിന്റെ വിദേശനാണ്യശേഖരം ശക്തമാണ്. 2021-22 കാലയളവില്‍ 7.4 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് നിയന്ത്രണവിധേയമാക്കുന്നതിൽ ഏറെ മുന്നിലെത്തിയ കേരളത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയന്‍റ് സെക്രട്ടറി ലാവ് അഗർവാൾ ഐഎഎസ് പ്രശംസിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ്, കേരളം കൊവിഡിനെ നേരിട്ട മാതൃക പ്രശംസനീയമാണെന്ന് കേന്ദ്രസെക്രട്ടറി വ്യക്തമാക്കിയത്.

കേസുകൾ കണ്ടെത്തിയതും, അവയുടെ കോണ്ടാക്ട് ട്രേസ് ചെയ്തതും, അവരെ കൃത്യമായി ഐസൊലേറ്റ് ചെയ്ത് ചികിത്സ നൽകിയതും നേട്ടമായി. താഴേത്തട്ടിൽ അത്തരത്തിൽ മികച്ച പ്രവർത്തനം കേരളം കാഴ്ച വച്ചു. സമാനമായ നിരവധി മാതൃകകൾ രാജ്യത്തുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയന്‍റ് സെക്രട്ടറി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.