1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2020

സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യക്കാര്‍ക്ക് സഹായ ഹസ്തം നീട്ടി കുവൈത്ത് ഭരണകൂടം. സൗജന്യമായി നാട്ടിലെത്തിക്കുമെന്നാണ് കുവൈത്ത് സര്‍ക്കാരിന്റെ പ്രഖ്യാപനം. കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസമാണ് പുതിയ തീരുമാനം. 45000 ഇന്ത്യക്കാരെ ഒരു പക്ഷേ കുവൈത്ത് അവരുടെ വിമാനത്തില്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.

കൊറോണ പ്രതിസന്ധിയില്‍ പെട്ട കുവൈത്തിന് നേരത്തെ ഇന്ത്യ സഹായം എത്തിച്ചിരുന്നു. ഇന്ത്യയുടെ സൈനിക മെഡിക്കല്‍ രംഗത്തെ വിദഗ്ധരുടെ സഹായമാണ് കുവൈത്തിന് ലഭ്യമാക്കിയത്. തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം.

കുവൈത്തില്‍ അടുത്തിടെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആനുകൂല്യം ഒട്ടേറെ ഇന്ത്യക്കാര്‍ക്കും ലഭിച്ചിട്ടുണ്ട്. രേഖകളില്ലാതെയും വിസാ കാലാവധി കഴിഞ്ഞും കുവൈത്തില്‍ കുടങ്ങിയ ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് ലഭിച്ചു. ഇവര്‍ കുവൈത്ത് സര്‍ക്കാരിന്റെ പ്രത്യേക ഔദാര്യത്തില്‍ നിലവില്‍ കുവൈത്തില്‍ കഴിയുകയാണ്.

എല്ലാവരെയും സൗജന്യമായി ഇന്ത്യയിലെത്തിക്കാമെന്നണ് കുവൈത്തിന്റെ വാഗ്ദാനം. കുവൈത്ത് അംബാസഡര്‍ ജാസിം അല്‍ നജീം ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യക്കാരെ മാത്രമല്ല, മറ്റു വിദേശികളെയും സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാന്‍ കുവൈത്ത് സന്നദ്ധ പ്രകടിപ്പിച്ചു.

കുവൈത്തിന്റെ വിമാനത്തില്‍ സൗജന്യമായി അവരുടെ നാട്ടിലെത്തിക്കുമെന്നാണ് അംബാസഡര്‍ നജീം പറയുന്നത്. കേന്ദ്രസര്‍ക്കാരുമായി വിഷയം കുവൈത്ത് ചര്‍ച്ച ചെയ്തുവരികയാണ്. വന്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിനാണ് കുവൈത്ത് തുടക്കമിടുന്നത്. മെയ് മൂന്നിന് ശേഷം തുടര്‍കാര്യങ്ങള്‍ വേഗത്തിലാകും.

അതേസമയം, ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ കുവൈത്തിന്റെ തീരുമാനത്തില്‍ നടപടികള്‍ വൈകുമോ എന്ന കാര്യം വ്യക്തമല്ല. കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം 45000 ഇന്ത്യക്കാര്‍ക്ക് ലഭിച്ചുവെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കില്‍ ഇത്രയും പേര്‍ക്ക് സൗജന്യ യാത്ര കുവൈത്ത് ഒരുക്കും.

കൊറോണയെ തുടര്‍ന്ന് നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി ശേഖരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെയാണ് പൊതുമാപ്പ് ലഭിച്ചവരുടെ തിരിച്ചുവരവ് കുവൈത്ത് അധികൃതരുമായി എംബസി ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

അതേസമയം ഇന്ത്യയില്‍ കുടുങ്ങികിടക്കുന്ന കുവൈത്ത് പൗരന്മാരെ നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നടപടിയില്‍ അംബാസിഡര്‍ ജാസിം അല്‍ നജീം നന്ദി അറിയിച്ചു. കുവൈത്തിലേക്ക് കൊവിഡിനെ ചെറുക്കാന്‍ ഇന്ത്യയില്‍ നിന്നും മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്. 15 പേരടങ്ങുന്ന സംഘത്തെയാണ് അയച്ചത്. കുവൈത്തിന് മരുന്നും ഭക്ഷണവും എത്തിച്ചതിനും മെഡിക്കല്‍ സംഘത്തെ അയച്ചതിനും അംബാസിഡര്‍ നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.