1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2020

സ്വന്തം ലേഖകൻ: ഇറാനിയൻ വിവാദ സോഷ്യൽമീഡിയ താരത്തിനും കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട്. പ്ലാസ്റ്റിക് സർജറി നടത്തിയ മുഖവുമായി സോഷ്യൽമീഡിയയിലെത്തിയതിനെ തുടർന്നാണ് സഹർ തബാർ എന്ന യുവതി അറസ്റ്റിലായത്. അവരുടെ വക്കീലാണ് യുവതിക്ക് ജയിലിൽ നിന്ന് കൊറോണ വൈറസ് ബാധിച്ചതായി അറിയിച്ചത്.

ഹോളിവുഡ് താരം അഞ്ജലിന ജോളിയെ പോലെയാകാനായി മുഖത്ത് നിരവധി പ്ലാസ്റ്റിക് സർജറികൾ വിധേയമാക്കുകയായിരുന്നു യുവതി. എഡിറ്റ് ചെയ്ത തന്റെ ഫോട്ടോകൾ യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. തുടർന്നാണ് സാമൂഹിക–സാംസ്കാരിക കുറ്റം ചുമത്തി യുവതിയെ അറസ്റ്റ് ചെയ്തത്. അനധികൃതമായി പണം സമ്പാദിച്ചതിനും യുവതിക്കെതിരെ കേസെടുത്തിരുന്നു.

ടെഹ്റാനിലെ സൈന ആശുപത്രിയിലെ വെൻഡിലേറ്ററിലായിരുന്നു യുവതി എന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇപ്പോൾ ജയിലില്‍ ക്വാറന്റീന്‍ സെക്ഷനിലാണ് യുവതി. ‘ഇത്തരത്തിലൊരു സാഹചര്യം നേരിടേണ്ടി വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഈ സമയത്ത് കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണം. ഈ സാഹചര്യത്തിൽ അവരെ ജയിലിൽ നിന്ന് മാറ്റിപാർപ്പിക്കണം.’ യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

അതേസമയം അഭിഭാഷകന്റെ വാദം ജയിൽ ഡയറക്ടർ തള്ളി. കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണ്ട സാഹചര്യമില്ലെന്ന് ഡയറക്ടർ കോടതിയെ അറിയിച്ചു.

രാഷ്ട്രീയ തടവുകാരടക്കം 85,000ത്തോളം പേരെ കഴിഞ്ഞമാസം ഇറാൻ താത്കാലികമായി ജയിൽ മോചിതരാക്കിയിരുന്നു. രാജ്യം കൊറോണ വൈറസ് വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലായിരുന്നു നടപടി. മധ്യപൂർവ രാജ്യങ്ങളിൽ കൊറോണ വൈറസ് ഏറ്റവും മോശമായി ബാധിച്ച പ്രദേശമാണ് ഇറാൻ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.