
സ്വന്തം ലേഖകൻ: കണ്ണൂരിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്വാറന്റീൻ ലംഘിച്ചെന്ന പ്രചാരണത്തിൽ മനംനൊന്താണ് ആത്മഹത്യാശ്രമം. ന്യൂമാഹി പിഎച്ച്സിയിലെ ആരോഗ്യപ്രവർത്തയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇവർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. രക്തസമ്മർദ്ദത്തിനുള്ള 20 ഗുളികയാണ് ഇവർ ഒരുമിച്ച് കഴിച്ചത്.
അതേസമയം ഇവരുടേതെന്ന പേരിൽ വാട്സ്ആപ്പ് വഴി ആത്മഹത്യാക്കുറിപ്പും സംഭവത്തോടെ പ്രചരിക്കുന്നുണ്ട്. തന്റെ സഹപ്രവർത്തകർ ഉൾപ്പെടെ നാല് പേരാണ് മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പിൽ പറയുന്നതായാണ് റിപ്പോർട്ടുകൾ.
ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താൻ ജോലി ചെയ്തെന്ന് ചിലർ കുപ്രചരണം നടത്തുന്നുണ്ട്. അതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ മൂന്ന് മാസമായി അവധി പോലും എടുക്കാതെ രോഗികളെ പരിചരിക്കുന്ന തനിക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
തന്നെപ്പോലുള്ള കമ്മ്യൂണിറ്റി നഴ്സുമാരുടെ വളരെ കഷ്ടമാണെന്നും ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സ് കുറിപ്പിൽ പറയുന്നുണ്ട്. അതേ സമയം താൻ വീടുകളിലെത്തി രോഗികളെ പരിചരിക്കാറുണ്ടെങ്കിലും ഇവിടങ്ങളിൽ നിന്നൊന്നും ഇതുവരെയും പരാതികൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലഭിച്ചിട്ടില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്. നിരീക്ഷണത്തിൽ കഴിയേണ്ട ഇവർ ആശുപത്രിയിലെത്തി ജോലി ചെയ്യുകയാണെന്ന ആരോപണം ഉയർന്നതോടെ ഹെൽത്ത് സെന്ററിലെത്തുന്നവരെയും ഇത് ആശങ്കയിലാക്കുകയായിരുന്നു.
ന്യൂമാഹിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയെ നിരീക്ഷണത്തിലാക്കിയില്ല എന്നത് സംബന്ധിച്ച നടക്കുന്ന പ്രചാരണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതികരണം. യുഡിഎഫും ബിജെപിയുമാണ് ഇവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചില്ലെന്ന് കാണിച്ച് ആരോഗ്യ കേന്ദ്രത്തിന് മുമ്പിൽ ധർണ നടത്തിയത്.
ബെംഗളുരുവിൽ നിന്ന് മെയ് 20ന് തിരിച്ചെത്തിയ സഹോദരിയുമായി ആരോഗ്യ പ്രവർത്തക സമ്പർക്കത്തിൽ ഏർപ്പെട്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. കോൺഗ്രസും ബിജെപിയും സമരം നടത്തിയത് ഇക്കാര്യം ആരോപിച്ചാണ്. ആരോഗ്യപ്രവർത്തകയെ നിരീക്ഷണത്തിലാക്കുന്നതിന് പുറമേ അവരെയും ബെംഗളൂരുവിൽ നിന്ന് മടങ്ങിയെത്തിയ സഹോദരിയെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഇരു പാർട്ടികളും ഉന്നയിച്ചത്.
സഹോദരിയുമായി സമ്പർക്കം പുലർത്തിയ ആരോഗ്യ പ്രവർത്തകയെ ക്വാറന്റൈനിലാക്കാൻ നടപടി സ്വീകരിക്കാത്ത മെഡിക്കൽ ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യ പ്രവർത്തകയുടെ ഭാഗത്ത് തെറ്റില്ലെന്ന് തെളിഞ്ഞതായി പഞ്ചായത്ത് അധികൃതർ തന്നെയാണ് വ്യക്തമാക്കിയത്.
ബെംഗളൂരുവിൽ നിന്ന് മെയ് 20ന് മടങ്ങിയെത്തിയ ഇളയ സഹോദരിയെ അമ്മയാണ് വാഹനത്തിൽ മുത്തങ്ങ ചെക്ക് പോസ്റ്റിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. നാട്ടിലെത്തിയ സഹോദരിയെ മറ്റൊരു വീട്ടിലായിരുന്നു നിരീക്ഷണത്തിലാക്കിയത്. എന്നാൽ സഹോദരിക്കൊപ്പം യാത്ര ചെയ്ത അമ്മ ആരോഗ്യ പ്രവർത്തകയ്ക്ക് ഒപ്പം താസമിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്.
എന്നാൽ പിന്നീട് അമ്മ മാറിത്താമസിച്ചു. അമ്മയുമായി സമ്പർക്കത്തിലേർപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ലെന്നാണ് ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല