1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ക്വാറന്റൈനില്ലാതെ ഏഴ് ദിവസം വരെ തങ്ങാന്‍ അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. ബിസിനസ്, ഔദ്യോഗിക, വ്യാപാര, ചികിത്സാ, കോടതി, വസ്തു വ്യവഹാരം പോലുള്ള ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍, പെയ്ഡ് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും.

കോവിഡ്-19-ന്റെ പശ്ചാത്തലത്തില്‍ ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്നവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഇളവ് അനുവദിക്കുന്നത്. ഇവര്‍ കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ നിന്നും പാസെടുക്കണം. ഹ്രസ്വ സന്ദര്‍ശനത്തിന് എത്തുന്നവര്‍ എട്ടാം ദിവസം സംസ്ഥാനം വിടണം. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി 14 ദിവസത്തിനകം കോവിഡ് ബാധിച്ചാല്‍ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണം.

പരീക്ഷകള്‍ക്കായും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായും വരുന്നവര്‍ ഈ ആവശ്യം നടത്തേണ്ട തീയതിക്ക് മുമ്പ് മൂന്ന് ദിവസവും ശേഷം മൂന്ന് ദിവസവും സംസ്ഥാനത്ത് തങ്ങാന്‍ അനുവാദമുണ്ട്. സന്ദര്‍ശകര്‍ തങ്ങളുടെ പ്രാദേശിക യാത്രാ വിവരങ്ങളും യാത്രയുടെ ഉദ്ദേശവും എവിടെയാണ് താമസിക്കുന്നതെന്നും പ്രാദേശികമായി ബന്ധപ്പെടേണ്ട ആളുകളുടെ വിവരങ്ങളും നല്‍കണം. ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ തക്കതായ കാരണങ്ങള്‍ പറഞ്ഞു കൊണ്ട് അധികൃതരെ വിവരം അറിയിക്കണം.

സന്ദര്‍ശകന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രാദേശികമായി ബന്ധപ്പെടുന്ന വ്യക്തി, കമ്പനി, സ്ഥാപനം, സ്‌പോണ്‍സര്‍ ആയിരിക്കും. സന്ദര്‍ശകന്‍ നേരിട്ട് ഹോട്ടലിലോ താമസിക്കുന്ന ഇടത്തോ പോകണം. മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പാടില്ല. യാത്രാ ഉദ്ദേശവുമായി ബന്ധപ്പെട്ട് അനുവാദം ലഭിച്ചിട്ടില്ലാത്ത വ്യക്തികളുമായി കൂടിക്കാഴ്ച പാടില്ല. ആശുപത്രിയിലോ പൊതു സ്ഥലങ്ങളിലോ സന്ദര്‍ശനം നടത്താന്‍ പാടില്ല.

സന്ദര്‍ശനത്തിനിടെ രോഗലക്ഷണം കണ്ടെത്തിയാല്‍ ദിശയുടെ ഹെല്‍പ്‌ലൈന്‍ നമ്പരായ 1056-ല്‍ വിവരം അറിയിക്കണം. പ്രാദേശിക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ മുറിക്ക് പുറത്തിറങ്ങരുത്. ഈ സാഹചര്യത്തില്‍ സന്ദര്‍ശകരെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയും പരിശോധനകള്‍ നടത്തി ചികിത്സ നല്‍കുകയും ചെയ്യും.

60 വയസ്സിന് മുകളിലുള്ളവരെയും കുട്ടികളേയും സന്ദര്‍ശിക്കാന്‍ പാടില്ല. പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ത്ഥികളും നേരെ തങ്ങളുടെ മുറിയിലേക്ക് പോകണം. സന്ദര്‍ശകര്‍ മാസ്‌ക് ധരിക്കുക, കൈകഴുകുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.