1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2020

സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെയാണ് സോണുകള്‍.

റെഡ് സോണ്‍: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍. മേയ് മൂന്നുവരെ സമ്പൂര്‍ണ അടച്ചിടല്‍ നടപ്പാക്കും.

ഓറഞ്ച് സോണ്‍ എ: പത്തനംതിട്ട, എറണാകുളം, കൊല്ലം. ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഭാഗികമായ ഇളവുകള്‍ നല്‍കും.

ഓറഞ്ച് സോണ്‍ ബി: ആലപ്പുഴ, തിരുവനന്തപുരം,പാലക്കാട്, വയനാട്, തൃശ്ശൂര്‍. ഏപ്രില്‍ 20വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഭാഗികമായ ഇളവുകള്‍.

ഗ്രീന്‍ സോണ്‍- കോട്ടയം, ഇടുക്കി. ഏപ്രില്‍ 20 വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഇളവുകള്‍.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 20 മുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാൻ ഒറ്റ, ഇരട്ട നമ്പർ ക്രമീകരണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഒറ്റ, ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുകളുള്ള വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ റോഡിലിറങ്ങാൻ അനുവദിക്കുന്ന രീതിയാണിത്.

ഹോട്ട്‌സ്‌പോട്ടുകളിലും രോഗം കൂടുതൽ ബാധിച്ച ജില്ലകളിലും പൂർണ പ്രതിരോധം ഒരുക്കും. ഈ മേഖലകളിൽ കടുത്ത നിയന്ത്രണങ്ങളുമുണ്ടാവും. അവശ്യ സേവനങ്ങളല്ലാതെയുള്ള എല്ലാ നീക്കങ്ങളും മറ്റു സ്ഥലങ്ങളിൽ നിയന്ത്രിക്കും. അതിർത്തികളിലും നിയന്ത്രണം തുടരും. അടിയന്തരപ്രാധാന്യമുള്ള യാത്രകൾ, ചരക്കുനീക്കം എന്നിവ മാത്രം അതിർത്തികളിൽ അനുവദിക്കും.

സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട നമ്പർ ക്രമീകരണം ഏർപ്പെടുത്തി അനുമതി നൽകും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ നമ്പർ വാഹനങ്ങൾക്ക് നിരത്തിലിറങ്ങാൻ അനുമതി ലഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട നമ്പർ വാഹനങ്ങൾ അനുവദിക്കും. അടിയന്തര സേവന വിഭാഗത്തിലെ വാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വനിതാ ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കി.
നാലുചക്രവാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ടു പേരെ അനുവദിക്കും. ഇരുചക്രവാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ പിന്നിലിരുന്ന് യാത്ര ചെയ്യാൻ അനുവദിക്കും. യാത്രക്കാർ മാസ്‌ക്കുകൾ ധരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഒഴിവാകുന്ന സ്ഥലങ്ങളിൽ കർശന വ്യവസ്ഥകൾക്ക് വിധേയമായി ബസ് യാത്ര അനുവദിക്കും.

തിങ്കളാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസുകള്‍ ആരംഭിക്കും. ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളിലാണ് ബസുകള്‍ ഓടിത്തുടങ്ങുക. ബസില്‍ നിന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. ടൂവീലറുകളില്‍ കുടുംബാംഗങ്ങളാണെങ്കില്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാം. ഓറഞ്ച് എ, ബി മേഖലകളില്‍ സിറ്റി ബസുകള്‍ ഓടിക്കാം. ഒരു ട്രിപ്പ് 60 കിലോമീറ്ററില്‍ കൂടരുത്. അതിര്‍ത്തി കടക്കാനും പാടില്ല. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.