1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. രോഗ മുക്തി നേടിയത് 60 പേരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് വന്നത്. 9 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനം തുടങ്ങിയത്. സ്ഥിതി രൂക്ഷമാവുകയാണ്, രോഗലക്ഷണമില്ലാത്തതും ഉറവിടം കണ്ടെത്താനാവാത്തതുമായ കേസുകള്‍ ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചവര്‍:

ഡല്‍ഹി-16, തമിഴ്‌നാട്-14, മഹാരാഷ്ട്ര-9, പശ്ചിമ ബംഗാള്‍-2, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക-2, ഹരിയാണ-2, ആന്ധ്രപ്രദേശ്-2, മധ്യപ്രദേശ്-1, മേഘാലയ-1, ഹിമാചല്‍ പ്രദേശ്-1.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

പത്തനംതിട്ട-27, പാലക്കാട്-27, ആലപ്പുഴ-19, തൃശ്ശൂര്‍-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂര്‍-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

മലപ്പുറം-15, കോട്ടയം-12, തൃശ്ശൂര്‍-10, എറണാകുളം-6, പത്തനംതിട്ട-6, കൊല്ലം-4, തിരുവനന്തപുരം-3, വയനാട്-3, കണ്ണൂര്‍-1.

4,473 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ 3,451 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 1620 പേരാണ്. 1,50,196 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,206 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് 275 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,44,649 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3,661 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 39,518 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 38,551 സാമ്പിളുകള്‍ നെഗറ്റീവായി. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആയി. വിവിധ ജില്ലകളില്‍ 100 ല്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുണ്ട്. മലപ്പുറം- 201 പാലക്കാട്- 154, കൊല്ലം- 150, എറണാകുളം- 127, പത്തനംതിട്ട- 126, കണ്ണൂര്‍- 120, തൃശ്ശൂര്‍- 113, കോഴിക്കോട്- 107, കാസര്‍കോട്- 102 എന്നിങ്ങനെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേയ് നാലിനു ശേഷം റിപ്പോർട്ട് ചെയ്ത 2811 കേസുകളിൽ 2545 പേർ മറ്റു രാജ്യങ്ങളിൽ നിന്നോ സംസ്ഥാനങ്ങളിൽ നിന്നോ വന്നവരാണ്. ജൂൺ 15 മുതൽ 22 വരെയുള്ള വിവരങ്ങൾ പ്രകാരം ആകെ രോഗികളിൽ 95 ശതമാനവും പുറത്തുനിന്നു വന്നവരാണ്. തിരുവനന്തപുരം ജില്ലയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് ഉൾപ്പെടെ 8 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി ആർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടില്ല. രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത കേസുകൾ പലയിടത്തായി ഉണ്ടാകുന്നു, വിദഗ്ധർ പറയുന്നത് അതിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ്. കോവിഡ് റിപ്പോർട്ട് െചയ്ത രാജ്യങ്ങളി‍ൽ 60 ശതമാനം കേസുകളിലും ലക്ഷണങ്ങൾ പ്രത്യക്ഷമോ അപ്രത്യക്ഷമോ ആണ്. 20 ശതമാനം കേസുകളിലും ലക്ഷണങ്ങൾ മിതമായി കാണുന്നു. തീവ്രമായ തോതിൽ ലക്ഷണങ്ങൾ കാണിക്കുന്നത് ബാക്കിയുള്ള 20 ശതമാനത്തിലാണ്. അവരിൽ അഞ്ചു ശതമാനം പേരിലാണ് അതിതീവ്രമാകുന്നത്. അവരെയാണ് ഐസിയുവിൽ അഡിമിറ്റ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആശങ്കയുയർത്തി വീണ്ടും കൊവിഡ് മരണം

അതിനിടെ സംസ്ഥാനത്ത് ആശങ്കയുയർത്തി വീണ്ടും കൊവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. 68 വയസായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. ഡൽഹിയിൽ നിന്ന് തിരിച്ചെത്തി പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വിദേശത്തു നിന്ന് വരുന്നവർക്ക് പരിശോധന നിർബന്ധം

വിദേശരാജ്യങ്ങളിൽ നിന്നു കേരളത്തിലേക്കു മടങ്ങുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. രോഗവ്യാപനത്തിന്റെ തോത് തടയാൻ സാധ്യമായ എല്ലാ നടപടികളും ചെയ്യുന്നതിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളിൽ നിന്നു വരുന്നവരെ രോഗ ബാധിതരെയും രോഗമില്ലാത്തവരെയും വേർതിരിച്ച് കൊണ്ടുവരണമെന്ന തീരുമാനത്തിൽ എത്തിയതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും തുടർച്ചയായ കത്തുകൾ അയച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ വിമാന യാത്രികരെ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് വിവധ രാജ്യങ്ങളിലെ അധികൃതരുമായി ബന്ധപ്പെട്ടു. ഇതിന്റെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഎഇയാണ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നത്. ഖത്തറിൽ ഒരു പ്രത്യേക മൊബൈൽ ആപ് ഉപയോഗിച്ചാണ് പരിശോധന. ഇതിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ യാത്ര അനുവദിക്കൂ. കുവൈറ്റിൽ 2 ടെർമിനലിൽ മാത്രമാണ് പരിശോധന ഉള്ളത്. അത് അവിടുത്തെ എയർലൈൻ കമ്പനികളുടെ ആവശ്യാനുസരണം കൂടുതൽ ടെർമിനലിലേക്ക് വ്യാപിപ്പിക്കാനാകും എന്നാണു വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

ഒമാനിൽ ആർടിപിസിആർ ടെസ്റ്റുകളാണ് ഉള്ളത്. സ്വകര്യ ആശുപത്രികളെ എംബസി സമീപിച്ചിട്ടുണ്ട്. എന്നാൽ ജൂൺ 25ന് ഇതു ക്രമീകരിക്കാൻ സാധിക്കില്ലെന്നാണു വിവരം. സൗദിയിലും ആന്റി ബോഡി ടെസ്റ്റ് സ്വകാര്യ ആശുപത്രികളാണു നടത്തുന്നത്. എന്നാൽ ഇത് സർക്കാർ അംഗീകരിച്ചിട്ടില്ല. ബഹ്റൈനിൽ ഇത് പ്രാവർത്തികമല്ലെന്നാണ് അറിയിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ്

കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി സന്ദര്‍ശിച്ച കടകളും നടുവണ്ണൂരിലെ പെട്രോള്‍ പമ്പും അടച്ചിടും. ഈ മാസം പതിനാറിന് കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന വ്യക്തിക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ രോഗബാധിതര്‍ നാലര ലക്ഷത്തിലേക്ക്

ഇയാള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടവരോട് പതിനാല് ദിവസം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ടെര്‍മിനല്‍ മാനേജര്‍ക്ക് ‍കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മാനേജരുമായി അടുപ്പമുണ്ടായിരുന്ന 35 ലേറെ ഉദ്യോഗസ്ഥരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 14933 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 312 പേരാണ് കഴിഞ്ഞ ദിവസം മാത്രം രോഗം ബാധിച്ച് മരിച്ചത്. 14,030 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 441,948 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഗോള അടിസ്ഥാനത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ നാലാമതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.