1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത്  95,918 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 66228 സാമ്പിൾ പരിശോധിച്ചു. 7570 പേർ രോഗമുക്തി നേടി.  10,471 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

ഇന്ന് 952 ഉറവിടം അറിയാത്ത കേസുകളുണ്ട്. 116 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഒക്ടോബർ നവംബർ മാസങ്ങൾ സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെയും മരണനിരക്കിനെയും സംബന്ധിച്ച് നിർണ്ണായകമാണെന്നും . കൂടുതൽ ഫലപ്രദമായി പ്രതിരോധ പ്രവർത്തനം നടത്തേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്,

ടെസ്റ്റുകളുടെ എണ്ണം കൂട്ടി. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ നിൽക്കുന്നു. ഇത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കാണിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ പകർച്ച വ്യാധി ശക്തമായി തുടരുന്നു. രോഗവ്യാപനം ഉച്ഛസ്ഥായിയിലെത്തുന്നത് വൈകിപ്പിക്കാൻ കേരളത്തിന് സാധിച്ചു. രോഗവ്യാപന തോത് പിടിച്ചുനിർത്തിയതിലൂടെ അടിസ്ഥാന സൗകര്യമൊരുക്കാൻ സാധിച്ചു. ആരോഗ്യ സംവിധാനം ശക്തമാക്കാനും സാവകാശം കിട്ടി.

തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ പ്രാഥമിക ചികിത്സ കേന്ദ്രവും പതിനായിരക്കണക്കിന് ബെഡ്, ലാബ്, കൊവിഡ് ആശുപത്രികൾ എല്ലാം ഉണ്ട്. കൃത്യമായ ആസൂത്രണം നടന്നു. രോഗികളെ ചികിത്സിക്കാൻ സൗകര്യമൊരുക്കി. മരണം കുറയാൻ കാരണം ആസൂത്രണ മികവും ആരോഗ്യ പ്രവർത്തകരുടെ അർപ്പണ ബോധവും അധ്വാനവുമാണ്.

മെയ് മാസത്തിൽ 0.77 ശതമാനമായിരുന്നു കേരളത്തിലെ മരണനിരക്ക്. ആഗസ്റ്റിലത് 0.45 ശതമാനവും സെപ്തംബറിൽ 0.37 ശതമാനവുമായി കുറഞ്ഞു. രണ്ട് ദിവസം മുൻപത്തെ കണക്ക് 0.22 മാത്രമായിരുന്നു. കേസുകൾ കൂടിയിട്ടും മരണനിരക്ക് ഉയരാത്തത് രോഗവ്യാപനം പരമാവധിയിലെത്താനെടുക്കുന്ന സമയം ദീർഘിപ്പിച്ചതും അതിനിടയിൽ ആരോഗ്യസംവിധാനം ശക്തമാക്കിയതും കൊണ്ടാണ്.

അയൽ സംസ്ഥാനങ്ങളിൽ കേരളത്തെ അപേക്ഷിച്ച് പത്തിരട്ടി മരണങ്ങൾ നടന്നു. വിദഗ്ദ്ധർ പറഞ്ഞത് പോലെ ഇപ്പോൾ രോഗ പ്രതിരോധ പ്രവർത്തനം ശക്തമാക്കണം. എട്ട് മാസങ്ങളായി അവിശ്രമം പ്രവർത്തിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകർ. അവർ ക്ഷീണിതരാണ്. പൊതുജന പിന്തുണ അവർക്ക് ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അത് പരിപൂർണ്ണമായും അവർക്ക് നൽകണം. അവരുടെ നിർദ്ദേശം അക്ഷരം പ്രതി പാലിക്കണം. രോഗവ്യാപനം തടയാൻ ഒരുമിച്ച് നിൽക്കണം. അതിന് എല്ലാവരും സന്നദ്ധരാവണം.

കൊവിഡ് ബ്രിഗേഡിൽ 18957 പേർ രജിസ്റ്റർ ചെയ്തു. ഇവരിൽ 9325 പേർ മെഡിക്കൽ വിഭാഗത്തിൽ പെട്ടവരാണ്. എംബിബിഎസ് ഡോക്ടർമാർ 543 പേരാണ്. ഈ ഘട്ടത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം അത്യാവശ്യമാണ്. കൂടുതൽ ഡോക്ടർമാർ കൊവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യണം. സേവനം നാടിന് അനിവാര്യമായ ഘട്ടമാണ്. 

രോഗവ്യാപനം തടയാൻ വേണ്ട നടപടികൾ ജനങ്ങൾ ഏറ്റെടുക്കണം. പലയിടത്തും പ്രഖ്യാപിച്ച നിയന്ത്രണത്തോട് പൂർണ്ണമായി സഹകരിക്കുന്നുണ്ട്, അത് തുടരണം. എന്നാൽ പുറത്തിറങ്ങുന്നവരിൽ 10 ശതമാനം പേർ മാസ്ക് ധരിക്കുന്നില്ല. ഇത് ദൗർഭാഗ്യകരമാണ്. മാസ്ക് ധരിക്കൽ ഏറ്റവും പ്രധാനമാണ്. മാസ്ക് ധരിക്കുന്നവരിൽ രോഗം ബാധിച്ചാലും തീവ്രത കുറയും. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ ഇതാണ് വ്യക്തമാക്കുന്നത്. നിർബന്ധമായും പൊതുസ്ഥലത്ത് എല്ലാവരും മാസ്ക് ധരിക്കുക.

കൊവിഡ് മുക്തരായ 30 ശതമാനം പേരിൽ രോഗലക്ഷണം പിന്നെയും കുറേക്കാലം നിൽക്കുന്നുവെന്നാണ് പഠനങ്ങൾ. ഇവരിൽ പത്ത് ശതമാനം പേർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. കുട്ടികളിൽ തീവ്രത കുറവാണെങ്കിലും മറ്റൊരു സങ്കീർണ രോഗാവസ്ഥ ഉടലെടുക്കുന്നുണ്ട്.

കൊവിഡ് വന്ന് പോയാലും ചിലരിൽ ദീർഘമായ ആരോഗ്യപ്രശ്നമുണ്ടാവുന്നു. തുടക്കത്തിൽ കാണിച്ച ജാഗ്രത കൂടുതൽ കരുത്തോടെ വീണ്ടെടുക്കണം. പ്രതിരോധത്തിനുള്ള ഫലപ്രദമായ മാർഗം അതാണെന്ന തിരിച്ചറിവ് വേണം. ഒൻപത് മണിക്കൂർ ത്വക്കിന്റെ പ്രതലത്തിൽ കൊവിഡ് രോഗാണുവിന് നിലനിൽക്കാനാവും. അതുകൊണ്ടാണ് ബ്രേക് ദി ചെയിൻ ക്യാമ്പെയിൻ ശക്തമാക്കേണ്ടത്. അത് ഫലപ്രദമായ മാർഗ്ഗമാണ്. 

റോഡരികിലും മാർക്കറ്റുകളിലും കടകളിലും ആളുകൾക്ക് കൈ കഴുകാൻ സൗകര്യം സജ്ജമാക്കണം. ആള് കൂടുന്നിടത്ത് കൈ കഴുകാനും സാനിറ്റൈസർ ഉപയോഗിക്കാനും സൗകര്യം വേണം. ഈ സൗകര്യം എല്ലാവരും ഉപയോഗിക്കണം. രോഗവ്യാപനം വർധിക്കാതിരിക്കാൻ ഇത്തരം ക്രമീകരണം സഹായിക്കും. പല ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ നൂതന പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട്. അത്തരം ഇടപെടലുകൾ സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.