1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്. കോഴിക്കോട് 1264, എറണാകുളം 1209, തൃശ്ശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനെയാണ് ജില്ലകളിലെ ഇന്നത്തെ രോഗബാധയുടെ കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6486 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

128 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറം 30, തിരുവനന്തപുരം 15, പാലക്കാട്, കണ്ണൂര്‍ 14 വീതം, കാസര്‍ഗോഡ് 13, ആലപ്പുഴ 11, കോട്ടയം 10, തൃശ്ശൂര്‍, കോഴിക്കോട് 8 വീതം, എറണാകുളം 2, കൊല്ലം, പത്തനംതിട്ട, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7082 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്:

ഇന്നലെ വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്‍തത് 3,10,140 കേസുകളാണ്. 93,837 ആക്ടീവ് കേസുകളുണ്ട്. 2,15,149 പേർ രോഗമുക്തി നേടി. 1067 പേർ മരിച്ചു. കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പത്ത് ലക്ഷത്തിൽ 8911 കേസുകൾ എന്ന നിലയ്ക്ക് സംസ്ഥാനത്തുണ്ട്. ദേശീയ ശരാശരി 6974 ആണ്. ടെസ്റ്റുകൾ നമ്മൾ കൂട്ടി. കേരളത്തിൽ ടെസ്റ്റ് പെർ മില്യൺ 1,07,820 ആണ്. ഇന്ത്യയിൽ അത് 86,792 മാത്രമാണ്.

രോഗവ്യാപനം കൂടിയെങ്കിലും മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ കേരളത്തിൽ വളരെ കുറവാണ്. ദേശീയതലത്തിൽ മരണനിരക്ക് 1.6 ശതമാനമാണ്. കേരളത്തിൽ 0.34 ശതമാനം മാത്രമാണ്. രാജ്യത്ത് 10 ലക്ഷത്തിൽ 106 പേർ മരണപ്പെട്ടപ്പോൾ കേരളത്തിലത് 31 മാത്രമാണ്. നമ്മുടെ ആരോഗ്യസംവിധാനത്തിന്‍റെ മികവാണിത്.

തിരുവനന്തപുരത്ത് മികച്ച പ്രതിരോധം തുടരുന്നതിനാൽ രോഗബാധിതരുടെ എണ്ണം കുറവാണ്. ഉറവിടമറിയാത്തവരും കുറഞ്ഞു. രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം. കിടക്കകൾ തിരുവനന്തപുരത്ത് കുറവില്ല. 14,250 ആണ് ജില്ലയിലെ കേസ് പെർ മില്യൺ. എ കാറ്റഗറിയിൽ 1026 കിടക്കകൾ. ബി കാറ്റഗറിയിൽ 223 കിടക്കകൾ. സി കാറ്റഗറിയിൽ 117 കിടക്കകൾ എന്നിങ്ങനെ ഒഴിഞ്ഞുകിടക്കുന്നു.

മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് കൊല്ലം ജില്ലാ ഭരണകൂടം പുരസ്കാരം നൽകും. ജില്ലയിലെ ആദ്യത്തെ 3 തദ്ദേശസ്ഥാപനങ്ങൾ, ജില്ലയിലെ ആദ്യ മൂന്ന് തദ്ദേശവാർഡ്, ഡിവിഷൻ, കൗൺസിൽ എന്നിങ്ങനെ തിരിച്ച് അംഗീകാരം നൽകും. ആദ്യം കൊവിഡ് മുക്തമാകുന്ന തദ്ദേശ സ്ഥാപനങ്ങൾക്കും സമ്മാനം. തുടർച്ചയായി മൂന്നാഴ്ച കൊവിഡ് മുക്തമായിരിക്കണം.

ആലപ്പുഴയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഹൗസ്ബോട്ടുകൾ ഞായറാഴ്ച മുതൽ പ്രവർത്തിക്കുന്നു. ഇ- ജാഗ്രത പോർട്ടൽ വഴി ഹൗസ് ബോട്ടിൽ വരുന്നവർ രജിസ്റ്റർ ചെയ്യണം. വലിയ ഹൗസ് ബോട്ടിലടക്കം പത്ത് പേരിൽ കൂടുതൽ പാടില്ല. എല്ലാ ലഗ്ഗേജും അണുവിമുക്തമാക്കണം. ഹൗസ് ബോട്ടുകൾ മൊത്തത്തിലും അണുവിമുക്തമാക്കണം. ജീവനക്കാരുമായി അധികം ഇടപെടരുത്.

കോട്ടയത്ത് ടെസ്റ്റ് പോസിറ്റിവിറ്റിയിൽ കാര്യമാ‍യ വർദ്ധനയില്ല. പക്ഷേ നഗരമേഖലയിൽ കൂടുതൽ രോഗികളുണ്ട്. കുട്ടികളും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും കൂടുന്നു. ഇത് ആശങ്കയുണ്ടാക്കുന്നതാണ്. എറണാകുളത്തെ 7 എഫ്എൽടിസികൾ എസ്എൽടിസികളാക്കും. കറുകുറ്റിയിലെ അഡ്ലക്സ് കൺവെൻഷൻ സെന്‍ററിലെ എഫ്എൽടിസി സ്പെഷ്യൽ കൊവിഡ് കെയർ സെന്‍ററാക്കും. നാല് താലൂക്ക് ആശുപത്രികൾ കൊവിഡ് സംശയിക്കുന്നവരെയും പ്രത്യേക പരിചരണം ആവശ്യമുള്ളവരെയും പാർപ്പിക്കാനായി സജ്ജമാക്കും.

പാലക്കാട്ട് കൊവിഡ് വ്യാപനം കൂടിയാൽ ഉപയോഗിക്കാൻ 6 ഡോമിസിലറി കെയർ സെന്‍ററുകൾ പ്രവർത്തനം തുടങ്ങി. വയനാട്ടിലും ഇത്തരം സെന്‍ററുകൾ തുടങ്ങും. വീടുകളിൽ ഐസൊലേഷനിൽ കഴിയാൻ സൗകര്യമില്ലാത്തവർക്ക് ഇവിടെ കഴിയാം. ആദ്യഘട്ടത്തിൽ എഫ്എൽടിസികളോട് ചേർന്നാണ് സെന്‍ററുകൾ സ്ഥാപിക്കുക. കോഴിക്കോട് തീരദേശമേഖലയിൽ രോഗികൾ കൂടി. ഇവിടെ കർശന നിയന്ത്രണത്തിന് പ്രത്യേക ടീം രൂപീകരിച്ചു. പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടുത്തി ജാഗ്രതാ സമിതികൾ രൂപീകരിച്ചു.

കണ്ണൂരിൽ പരിയാരം ഗവ. മെഡി. കോളേജിൽ സ്രവ പരിശോധനയ്ക്ക് തിരക്ക് ഒഴിവാക്കാൻ പുതിയ ക്രമീകരണം ഉൾപ്പെടുത്തും. ഇതിനായി ഓപ്പൺ ഓഡിറ്റോറിയത്തിൽ പുതിയ രണ്ട് കിയോസ്കുകൾ ഉണ്ടാകും. കാസർകോട്ട് തെയ്യം അനുഷ്ഠാനങ്ങൾ പരമാവധി 20 പേരെ പങ്കെടുപ്പിച്ച്, ഒരു സ്ഥലത്ത് ഒരിടത്ത് മാത്രം നടത്താം. ആശുപത്രികളിൽ രോഗികളുടെ എണ്ണം കൂടുമ്പോൾ സൗകര്യങ്ങൾ കൂട്ടാനാണ് ശ്രമം. ഈ ഘട്ടത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എത്ര ബെഡ്ഡുകളുണ്ടെന്ന കണക്കെടുക്കുന്നു. സർക്കാർ സംവിധാനത്തിൽ 960 വെന്‍റിലേറ്ററുകള്‍ പുതുതായി ഒരുക്കി. ഓരോ ജില്ലയിലും സ്വകാര്യ ആശുപത്രികളിൽ 10 ശതമാനത്തിൽ കുറയാത്ത ബെഡ്ഡുകൾ കൊവിഡ് രോഗികൾക്കായി മാറ്റി വയ്ക്കും.

ഓരോ ദിവസവും ആശുപത്രിയിൽ എത്ര ബെഡ് സൗകര്യമുണ്ടെന്നും ഐസിയു വെന്‍റിലേറ്റര്‍ ഉണ്ടെന്നും കണക്കെടുക്കും. സർക്കാർ സംവിധാനത്തിൽ പ്രദർശിപ്പിക്കും. അതനുസരിച്ച് തയ്യാറെടുപ്പ് നടത്താം. സർക്കാർ ആവശ്യപ്പെടുന്ന വിവരം സ്വകാര്യ ആശുപത്രികൾ നൽകിയേ തീരൂ. ദിവസം പ്രതി തന്നെ ഈ കണക്കുകൾ നൽകണം.

ഗ്ലോബൽ ഹാൻഡ് വാഷിംഗ് ഡേ കൈകളുടെ ശുചിത്വം ഓർമിപ്പിക്കുന്നതാണ്. ലോകത്തെങ്ങും 70 രാജ്യങ്ങളിലെ 12 കോടിയിൽ കൂടുതൽ കുട്ടികൾ ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് അടക്കം എതിരെ ഒരുമിച്ച് കൈ കഴുകി ഈ ദിനം ആചരിച്ചു. കൊവിഡ് കാലത്ത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരുന്നത് ഇതിലൂടെ ഒഴിവാക്കാം. ബ്രേക്ക് ദ ചെയ്ൻ ആരംഭിച്ചപ്പോൾ ആദ്യം നമ്മൾ മുന്നോട്ടുവച്ച മുദ്രാവാക്യം കൈവിടാതിരിക്കാൻ കൈ കഴുകൂ എന്നതാണ്. ഇത് പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലാ മേഖലകളിലുള്ളവരും ഇത് ഒന്നിച്ച് ഏറ്റെടുത്തു. പിന്നീട് ലോക്ക്ഡൗണിലേക്ക് പോയി.

അതിന് ശേഷം രണ്ടാംഘട്ടത്തിൽ മാസ്ക് ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും ക്യാംപെയ്ൻ നടത്തി. എന്നാൽ എവിടെയോ വച്ച് നമ്മളിൽ നല്ലൊരു ഭാഗം ഈ പ്രവർത്തനങ്ങളിൽ നിന്ന് പിൻമാറി. ആ പല സംവിധാനങ്ങളും ഇന്ന് ഉപയോഗശൂന്യമായി കിടക്കുന്നു. കൈ കഴുകുന്നതിലൂടെ ശ്വാസകോശസംബന്ധമായ രോഗങ്ങളിലൂടെ മരണം 25 ശതമാനവും വയറിളക്ക സംബന്ധമായ അസുഖങ്ങളിലൂടെയുള്ള മരണം 50 ശതമാനവും കുറയ്ക്കാം.

മെയ് ജൂൺ വരെയുള്ള കണക്ക് നോക്കിയാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണം കൂടി. ജാഗ്രതയും ഇതിനായുള്ള പ്രവർത്തനങ്ങളും കൂട്ടണം. എല്ലാവരും ഇതിനായി സഹകരിക്കണം. കൊവിഡ് പ്രതിരോധത്തിൽ നാമിപ്പോൾ പുതിയ സംവിധാനം ഏർപ്പെടുത്തി. സെക്ടർ മജിസ്ട്രേറ്റുമാരെ ഏർപ്പെടുത്തി. എല്ലാ പ്രദേശങ്ങളിലും ഗസറ്റഡ് ഓഫീസർമാർ ഈ ചുമതലയിൽ വന്നു. പൊലീസടക്കമുള്ള സംവിധാനങ്ങളുടെ സഹകരണത്തോടെ ഇവർ പ്രവർത്തിക്കും. അതിന് നല്ല ഫലമുണ്ടാകുന്നു. ഇത്തരം ഓഫീസർമാർ കൂടുതൽ സന്നദ്ധത കാണിക്കണം.

തുലാമാസപൂജകൾക്കായി ശബരിമല നട നാളെ തുറക്കും. ദർശനം സുഗമമായി നടക്കും. വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്ക് ഒരു ദിവസം ദർശനം നൽകാം. രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനകം കിട്ടിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഭക്തർ കരുതണം. ഇത് ബുദ്ധിമുട്ടുണ്ടാക്കാനല്ല. കൊവിഡ് വന്ന് പോയവർ പലർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാകാറുണ്ട്. പ്രധാനപ്പെട്ട ചിലത് മല കയറുമ്പോൾ വന്നേക്കാം. മല കയറാൻ ആരോഗ്യമുണ്ട് എന്ന് വ്യക്തമാക്കുന്നത് നല്ലതാണ്. രോഗമില്ലാത്തവരായാലും കൊവിഡ് കാലത്ത് പലരും വീട്ടിൽത്തന്നെ കഴിഞ്ഞവരാണ്. അതിന്‍റെ ഭാഗമായി പെട്ടെന്ന് മല കയറിയാലും പ്രശ്നമുണ്ടാകാം.

പത്ത് വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ദർശനത്തിന് അനുവാദമുള്ളത്. വിർച്വൽ ക്യൂവിൽ ബുക്കിംഗ് നടത്തിയപ്പോൾ ദർശനത്തിന് നൽകിയ സമയവും തിയതിയും കൃത്യമായി പാലിക്കണം. ദർശനത്തിന് വരുന്നവർ എല്ലാവിധ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങളും പാലിക്കണം. സാനിറ്റൈസർ, മാസ്ക്, കയ്യുറകൾ എല്ലാം കരുതണം. അവ യഥാവിധി ഉപയോഗിക്കണം.

ഭക്തർ കൂട്ടം ചേർന്ന് സഞ്ചരിക്കരുത്. നിശ്ചിത അകലം പാലിച്ചേ ദർശനത്തിന് എത്താവൂ. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമേ ശബരിമലയിലേക്ക് എത്താനാകു. മറ്റെല്ലാ വഴികളും അടച്ചു. മല കയറുമ്പോ മാസ്ക് ധരിക്കൽ പ്രയാസമാണ്. മറ്റെല്ലാ സമയത്തും മാസ്ക് ധരിക്കുകയും വേണം. മല കയറുമ്പോഴും ദർശനസമയത്തും പൊലീസ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം.

ശബരിമലയിൽ തുലാമാസ പൂജയുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കി. ഇവിടേക്കുള്ള ജീവനക്കാരെ നിയമിച്ചു. 48 മണിക്കൂർ മുമ്പേയുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ പ്രവേശിപ്പിക്കു. പമ്പയിൽ കുളിക്കാനാവില്ല. കുളിക്കാൻ പ്രത്യേക ഷവറുകളുണ്ടാകും.

സംസ്ഥാനത്തെ ആരോഗ്യരംഗത്ത് വലിയൊരു നേട്ടം ഇന്നുണ്ടായി. തോന്നക്കൽ ലൈഫ് സയൻസ് പാർക്കിൽ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം തുടങ്ങി. ലോകനിലവാരത്തിലേക്ക് ഈ സ്ഥാപനം ഉയരും. നിപ എന്ന മാരകവൈറസിനെ പിടിച്ചു നിർത്താനും കൊവിഡിനെ ഒരു പരിധി വരെ പിടിച്ചുനിർത്താനും നമുക്ക് കഴിഞ്ഞത് നമ്മുടെ പൊതുജനാരോഗ്യസംവിധാനത്തിന്‍റെ മികവാണ്. അതുകൊണ്ട് മാത്രം ഇന്ന് അഭിമുഖീകരിക്കുന്ന ജീവിത ശൈലീരോഗങ്ങൾ ഉൾപ്പടെയും പുതിയ രോഗങ്ങളെയും തടയാനാകില്ല. അതിനാണ് ഇത്തരം സ്ഥാപനങ്ങൾ അനിവാര്യമാകുന്നത്.

വൈറൽ അണുബാധയടക്കമുള്ളവയെക്കുറിച്ച് ഗവേഷണം നടത്താനാണ് ഈ സ്ഥാപനം. 2017-ൽ ലോകപ്രശസ്ത ശാസ്ത്രജ്ഞരും മലയാളികളുമായ ഡോ. എം വി പിള്ള, ഡോ. ശാർങധരൻ എന്നിവരാണ് ഇത്തരമൊരു സ്ഥാപനമില്ലാത്തതിന്‍റെ ന്യൂനത ചൂണ്ടിക്കാട്ടിയത്. ആ ശുപാർശ പരിഗണിച്ചാണ് ഇത് നിർമിക്കാൻ തീരുമാനിച്ചത്. ഡോ. റോബർട്ട് ഹാലോ, ഡോ. വില്യം ഹാൾ എന്നിവരടക്കമുള്ളവരും ഇന്ത്യയിലെ വിദഗ്ധരും ഇതുമായി സഹകരിച്ചു. ഡോ. വില്യം ഹാൾ ഇവിടം സന്ദർശിച്ച് നിർദേശങ്ങൾ നൽകി.

ഈ മേഖലയിൽ ഐസിഎംആർ, ആർജിസിബി, എൻഐഎസ്‍ടി അടക്കമുള്ളവരുടെ സഹകരണവും നമുക്ക് കിട്ടും. പ്രശസ്ത വൈറോളജി വിദഗ്ധനായ ഡോ. അഖിൽ ബാനർജി സ്ഥാപനമേധാവിയായി. ഇതിന്‍റെ വികസനം പുരോഗമിക്കുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണം ഏറ്റെടുക്കും. സ്വയംഭരണ സ്ഥാപനമായി ഇതിനെ ഉയർത്തും. 8 സയന്‍റിഫിക് ഡിവിഷനുകൾ ഇവിടെയുണ്ടാകും. ആകെ 80,000 ചതു. അടി വിസ്തീർണമുള്ള അത്യാധുനിക സൗകര്യമുള്ള കെട്ടിടമാണ് ഇതിന് തയ്യാറാക്കുക. ഹരിതകേരളമിഷന്‍റെ ആയിരം പച്ചത്തുരുത്തുകൾ നിർമിച്ചത് നേട്ടമായി. നിലവിൽ 484 ഏക്കർ സ്ഥലത്താണ് പച്ചത്തുരുത്തുള്ളത്. എല്ലാ വർഷവും ഈ മാതൃകയിൽ പച്ചത്തുരുത്തുകൾ സ്ഥാപിക്കണം.

ഇതിലൂടെ കേരളത്തെ കാർബൺ ന്യൂട്രൽ പ്രദേശമാക്കി മാറ്റണം. ഓരോ പ്രദേശത്തിനും അനുയോജ്യമായ വൃക്ഷത്തൈ തെരഞ്ഞെടുത്തു. ആദ്യത്തെ പച്ചത്തുരുത്തായ തിരുവനന്തപുരത്തെ വേങ്ങോടിൽ ഔഷധസസ്യ പച്ചത്തുരുത്തുണ്ടാക്കി. കായൽ കടലോരങ്ങളിൽ കണ്ടൽച്ചെടികളടക്കം നിർമിച്ചു. കാവുകളെ വിപുലീകരിച്ചു. കഴിഞ്ഞ ഒരു വർഷത്തിൽ ആവാസ വ്യവസ്ഥയിൽ വലിയ മാറ്റം വന്നു. കുമരകത്തെ പച്ചത്തുരുത്ത്, മത്സ്യസമ്പത്ത് കൂട്ടി.

വാട്ടർ ടാക്സിയുടെയും കറ്റമരം യാത്രാബോട്ടുകളുടെയും സർവീസ് ഉദ്ഘാടനം ആലപ്പുഴയിൽ നടന്നു. 3 കോടി 14 ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കുന്നത്. വാട്ടർ ടാക്സിയിൽ 10 പേർക്ക് വരെ ഒരേ സമയം യാത്ര ചെയ്യാം. മണിക്കൂറിന് 1500 രൂപയാണ് ചെലവ്. കറ്റമരം ബോട്ടുകളിൽ 100 പേർക്ക് യാത്ര ചെയ്യാം. 20.5 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള ബോട്ടാകും നീറ്റിലിറങ്ങുക. ആദ്യബോട്ട് സർവീസ് തുടങ്ങി. യാത്രക്കാർക്കും ജീവനക്കാർക്കും ഇൻഷുറൻസുമുണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.