1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 29 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7013 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2128 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 72332 പേർ നിലവിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 59,157 സാംപിളുകൾ പരിശോധിച്ചു.

കൊവിഡ് പകർച്ചവ്യാധി സംസ്ഥാനത്ത് ഭീതിജനകമായി തൊഴിലില്ലായ്മ സൃഷ്ടിച്ചു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി സംയോജിത പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. അതിനായി 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 1000 ആളുകൾക്ക് 5 എന്ന തോതിൽ ഒരോ പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും കാർഷികേതര മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ലോക്ഡൗണിനു മുൻപേ തന്നെ ഇതു പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊവിഡ് ഇതിനു വിലങ്ങുതടിയായി. ഏതൊക്കെ മേഖലകളിൽ ഏതെല്ലാം ഏജൻസികളുടെ പരിധിയിലാണ് ഈ തൊഴിലവസരങ്ങൾ എന്ന് വിശദമായി രേഖ തയാറാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് വ്യാപനത്തിനിടെ അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ 1 മുതലാണ് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ സിനിമാ തിയേറ്ററുകള്‍ തുറക്കാം.

കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള തിയേറ്ററുകള്‍ക്കാണ് പ്രവര്‍ത്തനാനുമതി നല്‍കുക. തിയേറ്ററില്‍ പകുതി സീറ്റിലേക്ക് മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവൂ.

കായികതാരങ്ങള്‍ക്ക് പരിശീലിക്കാനുള്ള നീന്തല്‍കുളങ്ങള്‍, വിനോദകേന്ദ്രങ്ങള്‍ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാം. ഒക്ടോബര്‍ 15 ന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണം. സ്‌കൂളില്‍ പോകാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരാനുള്ള അനുമതിയുണ്ട്.

രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതപ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകേണ്ടത്. തുറന്നുപ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ നിര്‍ബന്ധമായും കൊവിഡ് മാനദണ്ഡം പാലിക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കണം.

നേരത്തെ അണ്‍ലോക്ക് 4 പ്രഖ്യാപിച്ചപ്പോള്‍ സെപ്തംബര്‍ 21 ന് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24 നാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.