1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് . മൂന്ന് പേര്‍ക്കും വൈറസ് ബാധ ഉണ്ടായത് സമ്പര്‍ക്കം മൂലമാണ് . മൂന്ന് പേരും വയനാട്ടിലുള്ളവരാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ പോയി വന്ന വാ​ഹനത്തിൻ്റെ ഡ്രൈവർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും ഇദ്ദേഹത്തിൻ്റെ സഹായിയായി പോയ ക്ലീനറുടെ മകനുമാണ് ഇപ്പോൾ രോ​ഗം വന്നിരിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ പോയി വരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളിൽ പാളിച്ചകൾ വന്നാലുണ്ടാവുന്ന അപകടമാണ് ഇതിലൂടെ കാണിക്കുന്നത്.

ഇന്ന് സംസ്ഥാനത്ത് ചികിത്സയിലുള്ള ആരുടേയും ഫലം നെ​ഗറ്റീവായിട്ടില്ല. ഇതുവരെ 502 കേസുകൾ റിപ്പോർട്ട് ചെയ്തു. 37 പേർ നിലവിൽ ചികിത്സയിലുണ്ട്. 21342 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 21034 പേർ വീടുകളിലും 308 പേർ ആശുപത്രിയിലുമാണ്. ഇന്നു മാത്രം 86 പേരെ ആശുപത്രിയിലേക്ക് മാറ്റി. 33800 സാംപിളുകൾ ഇതുവരെ പരിശോേധനയ്ക്ക് അയച്ചു. 33605 എണ്ണം നെ​ഗറ്റീവാണ്. 1024 ടെസ്റ്റ് ഇന്ന് നടത്തി.

സാമൂഹികവ്യാപന പരിശോധനയുടെ ഭാ​ഗമായി മുൻ​ഗണനാപട്ടികയിൽപ്പെട്ട 2512 സാംപിളുകൾ പരിശോധിച്ചതിൽ 1979 എണ്ണം നെ​ഗറ്റീവാണ്. ഇന്ന് പുതുതായി ഒരു സ്ഥലവും ഹോട്ട്സ്പോട്ടിൽ ഇല്ല. കണ്ണൂർ 18, കോട്ടയം 6, വയനാട് 4, കൊല്ലം 3, കാസ‍ർകോട് 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒരോരുത്തർ വീതം ഇങ്ങനെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം.

അതിനിടെ ലോക്ഡൗണിലുള്ള മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. മലയാളികള്‍ക്ക് അതിർത്തി കടക്കാൻ അനുമതി കിട്ടിയെങ്കിലും സ്വന്തം നാട്ടിലെത്താൻ കടമ്പകൾ അനവധിയാണ്. തിരികെ വരുന്നവരെ നാട്ടിലെത്തിക്കുന്നതിനായി സ്വകാര്യ വാഹനങ്ങൾക്ക് ജില്ലകൾ കടന്ന് പോകാനുള്ള അനുമതി നിഷേധിക്കുന്നതാണ് പ്രധാന പ്രശ്നം.

ഇതോടെ ഇവരെ തിരിച്ചെത്തിക്കാൻ സർക്കാർ തന്നെ യാത്രാ സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. തിരുവനന്തപുരത്തും കാസര്‍കോടും അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളില്‍ കേരളത്തിലേക്ക് കടക്കുന്നതിനായി അനുമതി കാത്ത് നിര്‍ക്കുകയാണ് മലയാളികള്‍. ഇതിന് പുറമേ തമിഴ്നാട് സര്‍ക്കാറിന്‍റെ പാസ് ഇല്ലായെന്ന കാരണത്താല്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പലര്‍ക്കും കേരളാ അതിര്‍ത്തി കടക്കാനായില്ല.

തമിഴ്നാട്ടില്‍ കുടുങ്ങികിടക്കുന്ന മലയാളികളുടെ നാട്ടിലേക്കുള്ള മടക്ക കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. തമിഴ്നാട് സര്‍ക്കാരിന്‍റെ പാസ് ലഭിക്കാത്തതിനാല്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തിരിച്ചു വരവ് സാധ്യമായിട്ടില്ല. തമിഴ്നാട് വെബ്സൈറ്റില്‍ അപേക്ഷ നല്‍കാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. അര ലക്ഷത്തിലേറെ മലയാളികളാണ് തമിഴ്നാട്ടില്‍ കുടുങ്ങിയിരിക്കുന്നത്.

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചുവരാണ് കർണാടക ഷിരൂർ ചെക്‌പോസ്റ്റിൽ കുടുങ്ങിയത്. കേരളം അനുവദിച്ച പാസുമായാണ് ഇവർ യാത്ര തിരിച്ചത്. 40 ഓളം വരുന്ന മലയാളികളാണ് അതിർത്തിയിലുള്ളത്. ഗുജറാത്ത്‌, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് കർണാടകത്തിലേക്ക് കടക്കാൻ ജില്ല കളക്ടർമാരുടെ അനുമതി നിർബന്ധമാണ്. ഇതാണ് ചെക്പോസ്റ്റിൽ തടയാൻ കാരണം.

അതിർത്തി കടക്കാൻ ടാക്സി സൗകര്യങ്ങൾ കിട്ടാത്തതാണ് മറ്റൊരു പ്രതിസന്ധി. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 1.70 ലക്ഷം പേരാണ് നോർക്ക വഴി തിരിച്ചെത്താൻ അപേക്ഷ നൽകിയത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുളളവരാണ് കൂടുതൽ. കണ്ണൂർ, മലപ്പുറം ജില്ലകളിലേക്കാണ് കൂടുതൽ പേർ മടങ്ങുന്നത്. ഓരോ സംസ്ഥാനങ്ങളിലും കുടുങ്ങി കിടക്കുന്നവരുടെ കൃത്യമായ കണക്ക് നോർക്കയിൽ നിന്ന് ശേഖരിച്ച ശേഷം അന്തിമ രൂപ രേഖ സർക്കാർ തയ്യാറാക്കും.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ നിന്ന്…

വിദേശത്ത് നിന്നും നമ്മുടെ പ്രവാസി സഹോദരങ്ങൾ നാട്ടിലേക്ക് വരാനുള്ള പ്രാരംഭനടപടികൾ കേന്ദ്രം തുടങ്ങിയിട്ടുണ്ട്. എന്നാൽ ആളുകളുടെ എണ്ണം താരത്മ്യപ്പെടുത്തിയാൽ വളരെ കുറച്ചു പേരെ മാത്രമേ ആദ്യഘട്ടത്തിൽ കൊണ്ടു വരുന്നുള്ളൂ. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം 2250 പേർ എത്തും. കേന്ദ്രസർക്കാർ കേരളത്തിലേക്ക് ആകെ കൊണ്ടുവരുന്നത് 80,000 പേരെയാണ് എന്നും ഒരു വിവരമുണ്ട്. പക്ഷേ അടിയന്തരമായി നാട്ടിൽ എത്തിക്കേണ്ടവരുടെ മുൻ​ഗണനാപട്ടിക കേരളം തയ്യാറാക്കിയപ്പോൾ 169130 പേരുണ്ട് എന്നാണ് കണ്ടത്. തിരിച്ചു വരാൻ നോർക്ക വഴി താത്പര്യം അറിയിച്ചത് 4.42 ലക്ഷം പേരാണ്.

തൊഴിൽ നഷ്ടപ്പെട്ടവർ, തൊഴിൽ കരാർ പുതുക്കി കിട്ടാത്തവർ, ജയിൽ മോചിതർ, ​ഗർഭിണികൾ, ലോക്ക് ഡൗൺ കാരണം മാതാപിതാക്കളിൽ നിന്നും വിട്ടു നിൽക്കുന്നവർ, കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ, വീസാ കാലവധി കഴിഞ്ഞവർ ഇവരെയെല്ലാം നാട്ടിലേക്ക് കൊണ്ടു വരണം എന്നാണ് കേരളം ആവശ്യപ്പെട്ടത്. ഈ പട്ടിക കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ തന്നെ ഇവരെയെല്ലാം നാട്ടിലേക്ക് കൊണ്ടു വരണം എന്നാണ് നമ്മൾ ആവശ്യപ്പെട്ടത്. സംസ്ഥാനം ഔദ്യോ​ഗിക വെബ്സൈറ്റ് വഴി ശേഖരിച്ച വിവരങ്ങൾ കേന്ദ്രസർക്കാരിനും ബന്ധപ്പെട്ട എംബസികൾക്കും കൈമാറേണ്ടതുണ്ട്. എന്നാൽ വിവരങ്ങൾ കൈമാറേണ്ട സംവിധാനം ഇതുവരെ നിലവിൽ വന്നിട്ടില്ല കേന്ദ്രസർക്കാരോ എംബസിയോ വിവരങ്ങൾ തന്നിട്ടില്ല.

ഇക്കാര്യം കേന്ദ്രസർക്കാരിനെ ഔദ്യോ​ഗികമായി അറിയിച്ചിട്ടുണ്ട്. മുൻ​ഗണനാലിസ്റ്റിലുള്ളവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണം എന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലൂടേയും പ്രവാസികളെ കൊണ്ടു വരാം എന്നിരിക്കേ കണ്ണൂർ വിമാനത്താവളം വഴി ആരേയും കൊണ്ടു വരുന്നില്ല. നോർക്കയിൽ രജിസ്റ്റർ ചെയ്തവരിൽ 69120 പേർ കണ്ണൂരിലേക്ക് വരാനാണ് താത്പര്യപ്പെട്ടത്. ഈ ലോക്ക് ഡൗണിൻ്റെ കാലത്ത് മറ്റിടങ്ങളിൽ വിമാനം ഇറങ്ങിയാൽ അവർക്കുണ്ടാവുന്ന ബുദ്ധിമുട്ട് ഊഹിക്കാം. ഇക്കാര്യവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

പ്രവാസികൾ മടങ്ങി വരുമ്പോൾ വലിയ തോതിൽ കൊവിഡ് ടെസ്റ്റ് നടത്തണം. ഇതിനായി കേരളം രണ്ട് ലക്ഷം കിറ്റുകൾക്ക് ഓർഡർ കൊടുത്തു. ദുബായിൽ നിന്നും മാലിദ്വീപിൽ നിന്നും കപ്പലുകൾ വഴി ഉടനെ പ്രവാസികൾ മടങ്ങിയെത്തും. കൊച്ചിയിലേക്കാണ് കപ്പലുകൾ വരുന്നത്. ഈ സാഹചര്യത്തിൽ തുറമുഖത്തും ആവശ്യമായ സൗകര്യം ഒരുക്കും. കൊച്ചി പോർട്ട് ട്രസ്റ്റുമായും നാവികസേനയുമായും സഹകരിച്ച് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കും. ഇങ്ങനെ വരുന്നവരുടെ കൂട്ടത്തിൽ അന്യസംസ്ഥാനക്കാരും ഉണ്ടാകും. അവരെ ആ സംസ്ഥാനങ്ങളിലേക്ക് അയക്കും.

വിമാനത്താവളങ്ങളോട് ചേർന്നുള്ള നിരീക്ഷണകേന്ദ്രങ്ങൾ കൂടാതെ അവരുടെ ജില്ലയിലെ ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് ത്നനെ അവരെ കൊണ്ടു പോകും. ഇതുവരെ രണ്ടരക്ഷം കിടക്കുകൾ ഈ രീതിയിൽ കണ്ടെത്തിയിട്ടുണ്ട്. അതിൽ 1.63 ലക്ഷം കിടക്കൾ ഇപ്പോൾ തന്നെ സജ്ജമാണ്. ബാക്കിയുള്ളവയും ഉടനെ തയ്യാറാക്കും.

വികേന്ദ്രീകൃതമായാവും ആളുകളെ ക്വാറന്റൈൻ ചെയ്യുക സംസ്ഥാനത്തെ ഒഴി‍ഞ്ഞു കിടക്കുന്ന വീടുകളും ക്വാറൻ്റൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. 45000-ത്തിൽ അധികം പിസിആർ ടെസ്റ്റ് കിറ്റുകൾ ഇവിടെയുണ്ട്. കൂടുതൽ കിറ്റുകൾ ഓർഡർ കൊടുത്തു. ഈ മാസത്തിൽ തന്നെ 60000 പരിശോധനകൾ നടത്തും. അടുത്ത മാസത്തോടെ വിമാനസർവ്വീസുകളുടെ എണ്ണം കൂടിയേക്കാം എന്നാണ് വിവരം. ആഴ്ചയിൽ അറുപതിനായിരം പേരെങ്കിലും ഇതോടെ കേരളത്തിലേക്ക് എത്തും ഇതോടൊപ്പം അന്യസംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ കേരളത്തിലേക്ക് എത്തും. ഇവരെയെല്ലാം പരിശോധിക്കാൻ സംസ്ഥാനം സജ്ജമാണ്. 1,85 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തത്. അതിൽ 25000 പേർക്ക് പാസ് നൽകിയെങ്കിലും 3330 പേർ മാത്രമാണ് തിരിച്ചു വന്നത്.

രാജ്യത്ത് പലയിടത്തും കൊവിഡ് ബാധ രൂക്ഷമാണ്. കൊവിഡ് അതിതീവ്രമായി ബാധിച്ച പത്ത് ജില്ലകൾ കണ്ടെത്തിയിട്ടുണ്ട് അവിടെ നിന്നും വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. മറ്റു സംസ്ഥാനങ്ങളിലെ റെഡ‍് സോണുകളിൽ നിന്നും വരുന്നവർ ഒരാഴ്ച നിർബന്ധമായും സർക്കാർ ഒരുക്കിയ ക്വാറൻ്റൈൻ കേന്ദ്രത്തിൽ കഴിയേണ്ടി വരും. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഏഴ് ദിവസത്തിന് ശേഷം പരിശോധന നടത്തി ഫലം നെ​ഗറ്റീവായാൽ ഇവർക്ക് വീട്ടിലേക്ക് പോകാം ബാക്കി ഏഴ് ദിവസം അവിടെ നിരീക്ഷണത്തിൽ കഴിയാം.

സംസ്ഥാനം വിട്ടു സഞ്ചരിക്കുമ്പോൾ പുറപ്പെടുന്ന സംസ്ഥാനത്തേയും എത്തിച്ചേരണ്ട സംസ്ഥാനത്തേയും സർക്കാരുകളുടെ പാസുകൾ വാങ്ങി വേണം യാത്ര ചെയ്യാൻ. അതിർത്തിയിൽ പലരും കുടുങ്ങി കിടക്കുന്ന സാഹചര്യമുണ്ട്, ഇതൊഴിവാക്കണം. അതിർത്തിയിൽ നിശ്ചയിക്കപ്പെട്ട ഉദ്യോ​ഗസ്ഥർ മാത്രം ഡ്യൂട്ടിക്ക് എത്തിയാൽ മതി. ഉദ്യോ​ഗസ്ഥർ അല്ലാതെ ആരും അവിടെ എത്തേണ്ടതില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് സ്വീകരണപരിപാടിയൊന്നും നടത്തേണ്ട.

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടു വരാൻ തീവണ്ടി ലഭ്യമാകാൻ ശ്രമം തുടരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ ദില്ലിയിലെത്തിച്ച് അവിടെ നിന്നും കേരളത്തിലേക്ക് കൊണ്ടു വരാനാണ് ശ്രമം. അന്തർസംസ്ഥാന യാത്രക്ക് വാഹനം കിട്ടുന്നില്ലെന്ന പരാതിയുണ്ട്. ഇതിനു പരിഹാരം കാണും. സംസ്ഥാനത്തെ അതിഥി തൊഴിലാളികളിൽ 16796 പേർ വിവിധ സംസ്ഥാനത്തേക്ക് മടങ്ങി. ഇന്ന് മൂന്ന് ട്രെയിനുകൾ കേരളത്തിൽ നിന്നും പോകുന്നുണ്ട്.

യാത്ര പാസുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം നിലനിൽക്കുന്നു. സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർക്കും ആരോ​ഗ്യപ്രവർത്തകർക്കും കുടുംബശ്രീ പ്രവർത്തകർക്കും ശുചീകരണതൊഴിലാളികൾക്കും സർക്കാർ ജീവനക്കാർക്കും ഐഎസ്ആർഒ ജീവക്കാർക്കും ഐടി പ്രൊഫഷണലുകൾക്കും ഡാറ്റാ സെൻ്റർ ജീവനക്കാർക്കും അന്തർജില്ലാ യാത്രകൾക്ക് പോലും പ്രത്യേകം പാസ് വാങ്ങേണ്ടതില്ല. രാത്രി ഏഴര കഴിഞ്ഞുള്ള യാത്രകൾക്കും ഇവർക്ക് നിയന്ത്രമണമില്ല.

അതേസമയം അവശ്യസർവ്വീസിനൊഴികെ ജനങ്ങൾ വൈകിട്ട് ഏഴര കഴിഞ്ഞ് പുറത്ത് ഇറങ്ങരുത്. അത്യാവശ്യ കാര്യങ്ങൾക്ക് സഞ്ചരിക്കാനാണ് ഇ പാസ്. എല്ലാ ദിവസവും ജില്ല വിട്ടു സഞ്ചരിക്കാൻ പാസ് ലഭിക്കില്ല. ഹോട്ട് സ്പോട്ടുകളിലേക്കും യാത്രാ പാസ് ലഭിക്കില്ല. പാസുകൾ ലഭിക്കാൻ സ്വന്തം പ്രദേശത്തെ പൊലീസ് സ്റ്റേഷനിലേക്ക് പോയാൽ മതി.

സംസ്ഥാനത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി കൊടുത്തു. എന്നാൽ പലയിടത്തും സാധനങ്ങൾക്ക് വില കൂടുതലാണെന്ന് പരാതി. കുറച്ചു ദിവസം വ്യാപാരം മുടങ്ങിയതിനാൽ അപ്പോൾ കിട്ടേണ്ട ലാഭം ഇപ്പോൾ ഒപ്പിക്കാം എന്നാരും കരുതേണ്ട ഇക്കാര്യത്തിൽ നടപടിയെടുക്കും. ഹോട്ട് സ്പോട്ടുകളിൽ ഒഴികെ എല്ലായിടത്തും നിർമ്മാണ പ്രവർത്തനങ്ങൾ തുടരാം. മുടങ്ങി കിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ടവരുടെ അനുവാദം വേണം.

അതിഥി തൊഴിലാളികളിൽ നാട്ടിൽ പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് അതിനു അവസരം ഒരുക്കും. എവിടെയാണോ എത്തേണ്ടത് അവിടുത്തെ സർക്കാർ കൂടി തീരുമാനിച്ചാൽ മാത്രമേ ഇവിടെ നിന്നും പോകാനാവൂ. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തി അതിഥി തൊഴിലാളികളെ തെരുവിലിറക്കാൻ ശ്രമം നടക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ജാ​ഗ്രത വേണം

ലോക്ക് ഡൗൺ കാരണം അഴീക്കൽ തുറമുഖത്ത് അറുപതോളം അന്യസംസ്ഥാന തൊഴിലാളികൾ കുടുങ്ങി കിടക്കുന്നുണ്ട്. അവർക്ക് ഇവിടം വിടാൻ സർക്കാർ അനുമതിയുണ്ട്. എന്നാൽ അവിടുത്തെ സർക്കാർ കൂടി സമ്മതിച്ചാൽ ഇവർക്ക് പോകാം. സ്വകാര്യ സ്ഥാപനങ്ങൾ ഹോട്ട് സ്പോട്ടുകളിൽ ഒഴികെ നിശ്ചിത എണ്ണം ജീവനക്കാരെ വച്ചു തുറക്കാം.

വാഹനങ്ങളോടിക്കാൻ ഒറ്റഇരട്ട നമ്പർ നിയന്ത്രണം കൊണ്ടു വരുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നു. ഈ നിയന്ത്രണം ഒഴിവാക്കുകയാണ് എല്ലാവർക്കും വാ​ഹനം ഉപയോ​ഗിക്കാം. സംസ്ഥാനത്ത് ചെങ്കല്ലിന് ക്ഷാമമുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടു. ചെങ്കല്ല് വെട്ടാൻ അനുമതി.നൽകുന്നു. അന്തർ സംസ്ഥാന യാത്ര ചെയ്യുന്നവർക്ക് ഇടയ്ക്ക് കടന്നു പോകേണ്ട സംസ്ഥാനങ്ങൾ കടന്നു പോകേണ്ടി വരുമ്പോൾ അവിടെ നിന്നും അനുമതി വാങ്ങ​ണം. ഇതു പലർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇക്കാര്യം കേന്ദ്രസർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുന്നു. ഐസ്ആർഒ ജീവനക്കാർക്ക് സ്ഥാപനത്തിൻ്റെ സ്വന്തം ബസിൽ ജോലിക്ക് പോകാം.

കൊവിഡ് പ്രതിരോധത്തിൻ്റെ ഭാ​ഗമായി അടുത്ത മൂന്ന് മാസത്തേക്ക് 960 ഡോക്ടർമാരെ താത്കാലികമായി നിയമിക്കും. കൂടുതൽ പ്രവാസികൾ മടങ്ങി വരുന്നതും മഴക്കാലം തുടങ്ങുന്നതും കണക്കിലെടുത്ത് ആരോ​ഗ്യകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനാണ് ഈ നടപടി. നമ്മുടെ ആരോ​ഗ്യസംവിധാനത്തിൽ സ്വകാര്യ ആശുപത്രികളുടെ പങ്ക് വളരെ വലുതാണ്. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ വലിയ വെല്ലുവിളിയാണ് നേരിടേണ്ടത്. ഇതിനായി സ്വകാര്യ ആശുപത്രികളുടെ സേവനം അനിവാര്യമാണ്. സ്വകാര്യ ആശുപത്രി മനേജ്മെൻ്റുകളുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി.

കേരളത്തിലേക്ക് പുറത്തു നിന്നും കൂടുതൽ പേർ വരുന്ന സാഹചര്യത്തിൽ സർക്കാർ-സ്വകാര്യ ആശുപത്രികൾ ഒന്നിച്ചു നിൽക്കേണ്ട സന്ദർഭമാണ്. പല സ്വകാര്യ ആശുപത്രികളും നേരത്തെ തന്നെ അവരുടെ സൗകര്യങ്ങൾ പൊതു ആവശ്യത്തിന് വിട്ടു നൽകാൻ തയ്യാറായിരുന്നു. സർക്കാർ-സ്വകാര്യ ഡോക്ടർമാരെ ഒരു കുടക്കീഴിൽ കൊണ്ടു വരണം. ഇതിനായി പ്രാദേശിക അടിസ്ഥാനത്തിൽ നിരീക്ഷണസംവിധാനം വേണം.

പ്രായമായവർ, മറ്റുരോ​​ഗികൾ, വിദേശത്ത് നിന്നും വരുന്നവർ എന്നിവരുമായെല്ലാം സംവദിക്കാൻ ടെലിമെഡിസിൻ സംവിധാനം ഏർപ്പെടുത്തും. പദ്ധതിയുമായി സഹകരിക്കാൻ തയ്യാറുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കും. വികേന്ദ്രീകൃതമായ ഈ സംവിധാനം ശക്തിപ്പെടുത്താൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടു.

ആവശ്യമായ കിറ്റും ജീവനക്കാരുടെ സഹായവും അവർ ആവശ്യപ്പെട്ടു. പിപിഇ കിറ്റും മറ്റും ഇപ്പോൾ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. പ്രായമായവർ, മറ്റുരോ​​ഗികൾ, വിദേശത്ത് നിന്നും വരുന്നവർ എന്നിവരുമായെല്ലാം സംവദിക്കാൻ ടെലിമെഡിസിൻ സംവിധാനം ഏർപ്പെടുത്തും. പദ്ധതിയുമായി സഹകരിക്കാൻ തയ്യാറുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കും. വികേന്ദ്രീകൃതമായ ഈ സംവിധാനം ശക്തിപ്പെടുത്താൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടു. ആവശ്യമായ കിറ്റും ജീവനക്കാരുടെ സഹായവും അവർ ആവശ്യപ്പെട്ടു. പിപിഇ കിറ്റും മറ്റും ഇപ്പോൾ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്.

അടുത്ത മൂന്നോ നാലോ മാസത്തെ നിലവച്ചു പ്രതീക്ഷിക്കാവുന്ന അധിക ചികിത്സാഭാരം വച്ച് പിപിഇ കിറ്റി, എൻ 95 മാസ്ക്, ഓക്സിജൻ സിലിണ്ടർ, മറ്റു മെഡിക്കൽ ഉപകരങ്ങൾ എന്നിവ പരമാവാധി ശേഖരിച്ചു വയ്ക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.