1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കാസർകോട് ജില്ലയിലുള്ള നാല് പേർക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോട് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്.

വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗ മുക്തി നേടിയത്. 27 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

വയനാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമായ കുഞ്ഞിനാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്നലെ വരെ 1307 പേരാണ് അടുത്തിടെ വിദേശത്ത് നിന്നും വന്നത്. ഇതില്‍ 650 പേര്‍ വീട്ടിലും 641 പേര്‍ കോവിഡ് കെയര്‍ സെന്ററിലും 16 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതില്‍ 229 പേര്‍ ഗര്‍ഭിണികളാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 27,986 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 157 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,858 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 37,098 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3842 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3791 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ആകെ 34 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ഒരു ഇടവേളയ്ക്ക് ശേഷം വയനാട്ടിൽ ഒരു കുഞ്ഞിനടക്കം എട്ട് പേ‍ർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എട്ട് പേരുടെയും രോഗത്തിന്‍റെ ഉറവിടം തമിഴ്നാട്ടിലെ കോയമ്പേട് പച്ചക്കറിച്ചന്തയാണെന്നതും ആശങ്കയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പച്ചക്കറിച്ചന്തയായ കോയമ്പേട് പച്ചക്കറിലോഡുമായി പോയി വന്ന ലോറി ഡ്രൈവറടക്കം രണ്ട് പേർക്കും ഇവരുടെ സമ്പർക്കത്തിൽ വന്ന ആറ് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അതിനിടെ മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരെ കര്‍ശനമായി നിരീക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ക്കുമുന്നില്‍ ക്വാറന്റീന്‍ സ്റ്റിക്കര്‍ പതിക്കും. വാര്‍ഡുതലനിരീക്ഷണ സ്ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും കടകംപള്ളി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.