1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്നു ഏഴു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍ഗോഡും ഉള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്ന് കേരളത്തില്‍ 27 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസര്‍ഗോഡ് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 8 പേര്‍) കണ്ണൂര്‍ ജില്ലയിലുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയിലുള്ള 2 പേരുടേയും (ഒരാള്‍ കാസര്‍ഗോഡ്) എറണാകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്.

കേരളത്തില്‍ കോവിഡ്-19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 2 പേരും എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള 7 പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 8 പേരും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേരും വയനാട് ജില്ലയില്‍ നിന്നുള്ള 2 പേരുമാണ് ഡിസ്ചാര്‍ജായത്. ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടും. 7 വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് ആയത്.

കേരളത്തില്‍ ജനുവരി 30നാണ് ആദ്യ കേസുണ്ടായത്. ആദ്യ ഘട്ടത്തില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് ശേഷം മാര്‍ച്ച് 8 മുതലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 364 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 13,339 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

ലോക്ക്ഡൗണിൽ ചില സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും പ്രവർത്തിക്കാൻ ഉപാധികളോടെ സർക്കാർ അനുമതി നൽകി. എയർ കണ്ടീഷണർ, ഫാൻ എന്നിവ വിൽക്കുന്ന കടകൾ എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ വൈകീട്ട് 50 വരെ പരമാവധി 3 ജീവനക്കാരെ വച്ച് തുറന്നു പ്രവർത്തിക്കാം. കണ്ണടകൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ വൈകീട്ട് 5 വരെ പരമാവധി 2 ജീവനക്കാരെ വച്ച് തുറന്നു പ്രവർത്തിക്കാം.

മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളും തൊഴിലാളികളും പ്രവര്‍ത്തിക്കുമ്പോള്‍ കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കാനുള്ള ബ്രേക്ക് ദ ചെയിന്‍ പരിപാടിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.