1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുള്ള ആറ് പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

സംസ്ഥാനത്ത് നാല് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,127 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,665 പേര്‍ വീടുകളിലും 462 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 99 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 22,954 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 21,997 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. പുതുതായി 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍ക്കാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 87 ആയി.

അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നവർക്കിടയിൽ കൊവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തിൽ അതി‍ർത്തിയിൽ പരിശോധന കർശനമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ജില്ലാ കളക്ടർമാരുടെയും എസ്പിമാരുടെയും ഡിഎംഒമാരുടെയും സംയുക്ത വീഡിയോ കോൺഫറൻസിംഗ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഹോട്ട്സ്പോട്ടുകളിൽ എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്.

കേന്ദ്രഇളവനുസരിച്ച് ഇന്ന് സംസ്ഥാനത്ത് ചെറിയ കടകളും ഫാൻസി ഷോപ്പുകളും തീവ്രബാധിതമേഖലകൾ അല്ലാത്തയിടത്ത് തുറന്നിരുന്നു. ഇന്നത്തെ സാഹചര്യങ്ങൾ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വിലയിരുത്തി.

തമിഴ്നാടും കർണാടകയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ വലിയ ആശങ്കയാണ് ഇപ്പോഴും നിലനിൽക്കുന്നത്. കൊല്ലത്തും പാലക്കാടും ഇടുക്കിയിലും അയൽസംസ്ഥാനങ്ങളിൽ പോയി വന്നവർക്ക് പലർക്കും രോഗം സ്ഥിരീകരിച്ചു. ഇത് തടയാനാണ് ചെറുവഴികളിലും ഊടുവഴികളിലും കർക്കശമായ പരിശോധന നടത്താൻ മുഖ്യമന്ത്രി നി‍ർദേശിക്കുന്നത്. നിലവിൽത്തന്നെ അതിർത്തിയിലെ വഴികളിൽ പലതിലും പൊലീസ് ഡ്രോണുപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. ഇതിന് പുറമേ, ചെറുവഴികളിലേക്ക് കൂടി പരിശോധന ശക്തമാക്കും.

അതോടൊപ്പം വടക്കൻ സംസ്ഥാനങ്ങളിലടക്കം ശക്തമായ നിയന്ത്രണങ്ങളാണ് നിലവിൽ നിലനിൽക്കുന്നത്. ട്രിപ്പിൾ ലോക്ക് ഉള്ള കണ്ണൂർ അടക്കമുള്ള ഇടങ്ങളിൽ ആർക്കും ഭക്ഷണം ഇല്ലാതിരിക്കരുത്. അതിനായി നടപടികളെടുക്കണമെന്നും ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം കൊവിഡ് പരിശോധന ശക്തമാക്കാനാണ് ഡിഎംഒമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ദിവസം മൂവായിരം പരിശോധനകളെങ്കിലും നടത്തണമെന്നാണ് സർക്കാർ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.