1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2020

സ്വന്തം ലേഖകൻ: ലോക്ക്ഡൌൺ അന്തമില്ലാതെ തുടരുന്നതോടെ കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതം നരകതുല്യമായിരിക്കുകയാണ്. കോവിഡ്–19നെ തുടർന്ന് മാർച്ച് 26 മുതല്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികൾ പെരുവഴിയിലായി.

620 രൂപ മാസവാടക പോലും നൽകാൻ കഴിയാത്ത അവസ്ഥയിൽ അഞ്ച് രൂപയ്ക്കാണ് ശരീരം വിൽക്കുന്നതെന്ന് ലൈംഗിക തൊഴിലാളികൾ പറയുന്നു. ശകതിയായി ഒരു കാറ്റു വീശിയാൽ തകരുന്ന മുറികളുടെ മേൽക്കൂരയ്ക്ക് താഴെ ഭയത്തോടെയാണ് ഓരോ ദിനവും കഴിഞ്ഞു കൂടുന്നതെന്നും അവർ പറയുന്നു.

“ആളുകൾ വരാതായതോടെ ജീവിതം വഴിമുട്ടി. ഭക്ഷണത്തിനോ മറ്റ് അവശ്യസാധനങ്ങൾക്കോ കയ്യിൽ പണമില്ല,” അവര്‍ നിസ്സഹായതയോടെ പറയുന്നു.

പാവപ്പെട്ടവർക്കും മറ്റും സർക്കാർ ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും ലൈംഗിക തൊഴിലാളികൾ ഇതിൽ നിന്നെല്ലാം പുറത്താണ്. ലൈംഗിക തൊഴിൽ ഇന്ത്യയിൽ നിയമവിരുദ്ധമല്ലെങ്കിലും അതിൽ ഏർപ്പെടുന്നവരിൽ ഭൂരിപക്ഷവും ദയനീയമായ ജീവിതസാഹചര്യങ്ങളിലാണ് ജീവിക്കുന്നത്.

യുഎൻ എയ്ഡ്സ് 2016ൽ നടത്തിയ സർവെ പ്രകാരം ഇന്ത്യയിൽ 6,57,800 ലൈംഗിക തൊഴിലാളികളുണ്ടെന്നായിരുന്നു കണക്ക്. ലോക്കഡൌൺ കഴിഞ്ഞാലും ഇവരുടെ ജീവിതം ആശങ്കയിലാണെന്ന് ന്യൂ ലൈറ്റ് (കുട്ടികള്‍ക്കും ലൈംഗിക തൊഴിലാളികൾക്കുമായി കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന സംഘടന) സ്ഥാപക ഉർമി ബസു പറയുന്നു.

“ലോക്ഡൗൺ പിൻവലിച്ചാൽ ഉടൻ തന്നെ ഇവരെ തേടി ആവശ്യക്കാർ എത്തും. ആരൊക്കെയാണ് വൈറസ് ബാധിതരായി എത്തുന്നതെന്നു പോലും അറിയാൻ സാധിക്കില്ല. എച്ച്ഐവിയും എയ്ഡ്സും പോലെ ക്വാണ്ടം ഉപയോഗിച്ചു തടയാൻ കഴിയുന്നതല്ലല്ലോ. എങ്ങനെയാണ് ഇവരെ സംരക്ഷിക്കേണ്ടതെന്ന കാര്യത്തിൽ ആശങ്കയുണ്ട്,” അവർ പറയുന്നു.

200–300 രൂപവരെയാണ് ഇവർ ഒരാളിൽ നിന്നും പ്രതിദിനം വാങ്ങിയിരുന്നത്. മൂന്നോ നാലോ പേർ അവരെ തേടി എത്താറുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുകകൊണ്ടാണ് ആശ്രിതരുടെ ചിലവും വാടകയും അവർ നൽകുന്നത്. ഈ സാഹചര്യത്തിലാണ് അഞ്ച് രൂപയ്ക്ക് പോലും ശരീരം വിൽക്കാൻ ഇവരിൽ ചിലർ തയ്യാറാകുന്നത്.

“അവർ പട്ടിണിയിലാണ്. ജനൽ പോലുമില്ലാത്ത ഇടുങ്ങിയ മുറികളിലാണ് അവർ ജീവിക്കുന്നത്. ശുദ്ധവായു പോലും അവർക്ക് നിഷേധിക്കപ്പെടുകയാണ്. ശുദ്ധജലം പോലും ലഭിക്കാതെ നരകതുല്യമാണ് ആ ജീവിതം,” അപ്നെ ആപ്പ് വുമൻ വേൾഡ് വൈഡ് എന്ന സംഘടനയുടെ നേതാവ് രുചിര ഗുപ്ത പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.