1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2020

സ്വന്തം ലേഖകൻ: ലോക്ക് ഡൗണ്‍ മെയ് മൂന്നിന് ശേഷവും തുടരാന്‍ സാധ്യത. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരു സംസ്ഥാനം ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചു. കേന്ദ്രം എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നാണ് മിക്ക സംസ്ഥാനങ്ങളും നിലപാടെടുത്തിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനം കുറഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, ഹോട്ട് സ്‌പോട്ടുകള്‍ ആയി തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മാത്രം ലോക്ക് ഡൗണ്‍ നീട്ടിയാല്‍ മതിയെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള ചര്‍ച്ച.

ലോക്ക് ഡൗണ്‍ മെയ് 16വരെ നീട്ടണമെന്നാണ് ദില്ലിയില്‍ മുഖ്യമന്ത്രി കെജ്രിവാള്‍ അഭിപ്രായപ്പെട്ടത്. തൊട്ടുപിന്നാലെയാണ് മറ്റു അഞ്ച് സംസ്ഥാനങ്ങള്‍ സമാനമായ അഭിപ്രായം മുന്നോട്ടുവച്ചത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചമ ബംഗാള്‍, പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങലും ലോക്ക് ഡൗണ്‍ നീട്ടുന്നതിനെ അനുകൂലിച്ചു.

ഹോട്ട്‌സ്‌പോട്ട് ആയി കണ്ടെത്തിയ സ്ഥലങ്ങളില്‍ നിര്‍ബന്ധമായും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് അഞ്ച് സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. ഗുജറാത്ത്, ആന്ധ്ര, തമിഴ്‌നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പാലിക്കുമെന്ന് അറിയിച്ചു.

അസം, കേരളം, ബിഹാര്‍ എന്നിവര്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ച കഴിഞ്ഞ ശേഷം തീരുമാനം അറിയിക്കും. ചര്‍ച്ചയിലെ പൊതുവികാരം പരിശോധിച്ചാണ് ഇവര്‍ തീരുമാനമെടുക്കുക. തെലങ്കാന നിലവില്‍ ലോക്ക് ഡൗണ്‍ മെയ് ഏഴ് വരെ നീട്ടിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ നീട്ടിയ ഏക സംസ്ഥാനം തെലങ്കാനയാണ്.

രോഗം വ്യാപകമായി കണ്ട സോണുകളില്‍ ലോക്ക് ഡൗണ്‍ നിര്‍ബന്ധമായും തുടരണമെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ അഭിപ്രായപ്പെട്ടു. മുംബൈയിലും പൂനെയിലും ലോക്ക് ഡൗണ്‍ തുടരണമെന്നാണ് മന്ത്രി പറയുന്നത്. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത 92 ശതമാനം രോഗങ്ങളും ഈ രണ്ട് പ്രദേശങ്ങളിലാണ്.

മെയ് മൂന്നിന് ശേഷം 15 ദിവസം വരെ ലോക്ക് ഡൗണ്‍ നീട്ടുന്നതിനെ അനുകൂലിക്കുന്നുവെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. ഗ്രാമങ്ങളിലെ കടകള്‍ തുറക്കാമെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കേണ്ട എന്നാണ് മഹാരാഷ്ട്രയുടെ തീരുമാനം.

കടകള്‍ തുറക്കുന്നിനെ ഉത്തര്‍ പ്രദേശ് സര്‍ക്കാരും അനുകൂലിച്ചിട്ടില്ല. രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല. പലചരക്ക് കടകളും ഫാര്‍മസികളും തുറക്കാന്‍ അനുമതിയുണ്ട്. കൂടാതെ 11 വ്യവസായങ്ങള്‍ക്കും അനുമതി നല്‍കി. ഈ സാഹചര്യത്തില്‍ കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു.

ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാന്‍ ആയിട്ടില്ലെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ നിലപാട്. കൊല്‍ക്കത്ത, ഹൗറ, നോര്‍ത്ത് 24 പര്‍ഗാനാസ്, ഹൂഗ്ലി, ഈസ്റ്റ് മിഡ്‌നാപൂര്‍, ഈസ്റ്റ് ബര്‍ദ്വാന്‍, നാദിയ തുടങ്ങിയ ജില്ലകളെല്ലാം റെഡ് സോണിലാണ്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ മാത്രം ലോക്ക് ഡൗണ്‍ നിലനിര്‍ത്തി ബാക്കി സ്ഥലങ്ങളില്‍ ഇളവ് നല്‍കാന്‍ സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.