1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2020

സ്വന്തം ലേഖകൻ: കൊവിഡ് 19 മായി ബന്ധപ്പെട്ട് ലണ്ടനിലെ ഒരു യുവ വനിതാ ഡോക്ടര്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുന്നു. ഇംഗ്ളണ്ടിലെ ദേശീയ ആരോഗ്യ പരിപാലന സംവിധാനമായ നാഷനല്‍ ഹെല്‍ത്ത് സ്‌കീമില്‍ പ്രവര്‍ത്തിക്കുന്ന 25 കാരിയായ ഡോക്ടര്‍ റോസി ഹ്യൂസ് ദ ഗാര്‍ഡിയനില്‍ എഴുതിയ കുറിപ്പാണ് പരക്കെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കഴിഞ്ഞ എട്ടു മാസമായി എന്‍ എച്ച് എസില്‍ പ്രവര്‍ത്തിക്കുകയാണ് ഡോക്ടര്‍ റോസി. മെഡിക്കല്‍ മേഖലയിലെ തൊഴില്‍ വെല്ലുവിളിയായിരിക്കും എന്നറിയാമായിരുന്നെങ്കിലും കൊവിഡ് പോലൊരു മഹാമാരായുമായി ഏറ്റുമുട്ടേണ്ടിവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് റോസി പറയുന്നു. കൊവിഡ് 19 ബാധിച്ച് വരുന്ന രോഗികളെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത് മുതല്‍ അവരുടെ മരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ റോസിക്ക് കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്.

“ജോലി സമയം കഴിഞ്ഞിട്ടും അവരുടെ അടുത്ത് ഇരുന്നിട്ടുണ്ട്. അവര്‍ അവസാന ശ്വാസമെടുക്കുന്നത് നിസ്സഹായയായി നോക്കി നിന്നിട്ടുണ്ട്. പലപ്പോഴും രോഗികളുടെ ബന്ധുക്കളെ വിളിച്ച് അവരുടെ പ്രിയപ്പെട്ടവര്‍ എന്നെന്നേക്കുമായി ഈ ലോകം വിട്ടുപോവുകയാണെന്ന് പറയേണ്ടി വന്നിട്ടുണ്ട്. അണുബാധയുടെ പ്രശ്നമുണ്ടെന്നും അതുകൊണ്ട് തന്നെ അവസാനമായൊന്ന് കാണാനായി അവര്‍ക്ക് ആസ്പത്രിയിലേക്ക് വരാനാവില്ലെന്നും ക്ഷമ ചോദിക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും വ്യക്തിഗത സംരക്ഷണ സംവിധാനമില്ലാതെ സര്‍ജിക്കല്‍ മാസ്‌കുകളും പ്ലാസ്റ്റിക് ഉടുപ്പുകളും മാത്രം ധരിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നത്.”

”ഞങ്ങളുടെ ഇന്റന്‍സിവ് തെറാപ്പി യൂണിറ്റ് ഇപ്പോള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഞങ്ങളുടെ രണ്ട് സഹപ്രവര്‍ത്തകര്‍ കൊറോണ വൈറസ് കാരണം മരിച്ചു. കൂടുതല്‍ പേര്‍ ഇതിനിരയാകുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.”

“കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം എനിക്ക് തളര്‍ച്ചയും ക്ഷീണവുമുണ്ടായി. രുചിയും മണവും അറിയാനുള്ള കഴിവ് നഷ്ടപ്പെട്ടതായി ഞാന്‍ തിരിച്ചറിഞ്ഞു. കൊവിഡ് 19 ന്റെ ലക്ഷണങ്ങളാണെന്ന് ഇവയെന്ന് പൊതുവെ തിരിച്ചറിയപ്പെട്ടിട്ടുണ്ട്,” എന്ന് പറഞ്ഞാണ് ഡോക്ടര്‍ റോസി കുറിപ്പ് അവസാനിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.