1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2020

സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് മരണം 66,502 ആയി. 12 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 1,224,935 പേർക്കാണ് ലോകമൊട്ടാകെ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 1048 പേരാണ്. സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടൻ എന്നിവടങ്ങളിലെല്ലാം മരണനിരക്ക് ഉയരുകയാണ്.

ബ്രിട്ടനിൽ മരണം 20% ഉയർന്നു.രോഗികൾ അരലക്ഷത്തോട് അടുക്കുന്നു. ആകെ മരണം 4,932. രണ്ടുലക്ഷത്തോളം പേർക്കാണ് ഇതുവരെ ബ്രിട്ടൻ രോഗപരിശോധന നടത്തിയത്. ലോക് ഡൗൺ നിയന്ത്രണങ്ങൾ മേയ് അവസാനം വരെ തുടർന്നേക്കും. 5 വയസ്സുള്ള കുട്ടിയും 104 വയസ്സുള്ള ആളും മരിച്ചവരിൽ ഉൾപ്പെടുന്നു.

അതിനിടെ കോവിഡ് പ്രതിരോധ പോരാട്ടത്തിൽ രക്തസാക്ഷികളായി ബ്രിട്ടനിലെ രണ്ടു നഴ്‌സുമാരും. നാഷനൽ ഹെൽത്ത് സർവീസസ് (എൻഎച്ച്എസ്) നഴ്സുമാരായ ഏയ്മീ ഓ റൂർക്കെയും (39) അരീമാ നസ്റീനുമാണു (36) രോഗികളെ പരിചരിക്കുന്നതിനിടെ കോവിഡ് ബാധിച്ചു മരിച്ചത്. കെന്റിലെ ക്വീൻ മദർ ഹോസ്പിറ്റലിലെ നഴ്സായിരിക്കെയാണു വ്യാഴാഴ്ച ഏയ്മിയുടെ മരണം. നസ്റീൻ ബിർമിങ്ങാം ആശുപത്രിയിലെ നഴ്സായിരുന്നു. ഇംഗ്ലണ്ടിന്റെ ചീഫ് നഴ്സ് റൂത്ത് മേയാണു വാർത്താസമ്മേളനത്തിൽ ഇരുവരോടുമുള്ള രാജ്യത്തിന്റെ ആദരവ് അറിയിച്ചത്.

അയര്‍ലന്‍റില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിനി ബീനയാണ് മരിച്ചത്. ഇവരുടെ കുടുംബം മരണവിവരം സ്ഥിരീകരിച്ചു. അതേ സമയം ന്യുയോർക്കിൽ കൊവിഡ് 19 ബാധിച്ച മലയാളി വിദ്യാർത്ഥിയും മരിച്ചു. തിരുവല്ല കടപ്ര വലിയപറമ്പിൽ തൈക്കടവിൽ ഷോൺ എബ്രഹാം (21) ആണ് മരിച്ചത്. ഒരാഴ്ചയായി കൊവിഡ് ചികിത്സയിലായിരുന്നു.

കൊവിഡ് ബാധിച്ച് സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ച വിവരം നേരത്തെ പുറത്തുവന്നിരുന്നു. മലപ്പുറം ചെമ്മാട് സ്വദേശി സ്വദേശി നടമ്മല്‍ പുതിയകത്ത് സഫ് വാനാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സഫ് വാൻ മരിച്ചത്. അഞ്ചു ദിവസം മുമ്പാണ് റിയാദിലെ സൗദി ജർമ്മൻ ആശുപത്രിയിൽ കൊവിഡ് ലക്ഷണങ്ങളുമായി സഫ് വാനെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച്ച ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നരത്തോടെ അസുഖം മൂര്‍ച്ഛിച്ചതായും രാത്രിയോടെമരണം സംഭവിച്ചുവെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

ന്യൂയോര്‍ക്കില്‍ രണ്ട് മലയാളികളാണ് മരിച്ചത്. തിരുവല്ല കടപ്ര സ്വദേശിയായ മലയാളി വിദ്യാര്‍ഥി ഷോണ്‍ എസ് എബ്രഹാം, തൊടുപുഴ സ്വദേശി തങ്കച്ചന്‍ എന്നിവരാണ് ന്യൂയോര്‍ക്കില്‍ മരിച്ചത്. ഇതോടെ രാജ്യത്തിന് പുറത്ത് ഇന്ന് മരിക്കുന്ന മലയാളികളുടെ എണ്ണം നാലായി.

കോവിഡ് ഏറ്റവും വലിയ ആള്‍നാശം സൃഷ്ടിച്ച ഇറ്റലിയില്‍ ഇന്നലെ 681 പേര്‍ കൂടെ മരിച്ചതോടെ മരിച്ചവരുടെ എണ്ണം 15,362 ല്‍ എത്തി. ഫ്രാന്‍സിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 1053 പേര്‍. ആകെ മരണം 7560. സ്പെയിനില്‍ ഇന്നലെ 749 പേര്‍‌ മരിച്ചു. മരണനിരക്കില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ് രേഖപ്പെടുത്തിയതിനാല്‍ കോവിഡ് ബാധയുടെ പീക്ക് പിരീഡ് രാജ്യം അതിജീവിച്ചതായി പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.

ഇറ്റലിയിലും സ്‌പെയിനിലും ആളുകള്‍ മരിച്ചുവീഴുമ്പോള്‍ ജര്‍മനിയില്‍ നിന്ന് വേറിട്ട വിവരങ്ങളാണ് വരുന്നത്. ജര്‍മനിയില്‍ ഒട്ടേറെ പേര്‍ മരിച്ചിട്ടുണ്ടെങ്കിലും മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണ നിരക്ക് വളരെ കുറവാണ്. ഇന്നലെ 169 പേരാണ് മരിച്ചത്. ഇറ്റലി, സ്‌പെയിന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗമുള്ളവര്‍ ജര്‍മനിയിലാണ്. പക്ഷേ മരണനിരക്ക് 1.4 ശതമാനം മാത്രം.

സൗദിയിൽ കോവി‍ഡ് രോഗബാധിതരുടെ എണ്ണം 2,385 ആയി. ഇന്നലെ രാത്രി പുതുതായി 191 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 331 ആയി. ആകെ മരണം 34. 488 പേരുടെ രോഗം ഭേദമായി. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് രോഗികളുടെ എണ്ണം വര്‍ധിച്ചതായുള്ള കണക്ക് പുറത്ത് വിട്ടത്. മക്കയിലാണ് പുതിയ കേസുകളില്‍ 72 എണ്ണം റിപ്പോര്‍ട്ട് ചെയ്തത്.

കുവൈത്തിൽ 77 കോവിഡ് കേസുകളാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 556 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 60 പേർ ഇന്ത്യൻ പ്രവാസികളാണ്. കോവിഡ് ബാധിച്ച് കുവൈത്തിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 225 ആയി. രാജ്യത്തെ ആദ്യ കൊവിഡ് മരണം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 46 വയസ്സുള്ള ഗുജറാത്ത് സ്വദേശിയാണ് മരിച്ചത്. 99 പേർ ഇതുവരെ രോഗമുക്തരായി.

ഒമാനിൽ 21 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 298 ആയി ഉയർന്നു. ഇതിൽ രണ്ടുപേർ മരണപ്പെടുകയും ചെയ്തു. മസ്കത്ത് ഗവർണറേറ്റിൽ ചികിത്സയിലിരുന്ന രണ്ട് സ്വദേശി വൃദ്ധൻമാരാണ് മരിച്ചത്. 61 പേർക്ക് ഇതിനകം രോഗം സുഖപ്പെടുകയും ചെയ്തിട്ടുണ്ട്.

സ്വയം നിരീക്ഷണത്തിലുള്ളവരെ പിന്തുടരാൻ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച ബഹ്റൈനിൽ ഇതുവരെ 698 പേർക്കാണ് കൊവിഡ് ബാധിച്ചത്. 4 പേർ മരിച്ചപ്പോൾ 427 പേരുടെ രോഗം ഭേദമായി.

നിരീക്ഷണത്തിലുള്ള ആൾ ഫോണിന്റെ 15 മീറ്റർ പരിധിക്ക് പുറത്ത് പോയാൽ മോണിറ്ററിങ് സ്റ്റേഷനിൽ വിവരം ലഭിക്കുന്ന രീതിയിലാണ് മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ച കൈവള പ്രവർത്തിക്കുകയെന്ന് ബഹ്‌റൈൻ അധികൃതർ അറിയിച്ചു. സ്വയം നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികൾ കൈവള ധരിക്കണമെന്നാണ് അധികൃതരുടെ നിർദേശം. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് മാസത്തിൽ കുറയാത്ത തടവും 1000 ദിനാർ മുതൽ 10000 ദിനാർ വരെ പിഴയുമാണ് ശിക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.