1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ ലോക്ക്ഡൗണില്‍ നിബന്ധനകളോടെ ഇളവുകള്‍ പ്രഖ്യാപിച്ച് കേരളം. സംസ്ഥാനത്തെ തീവ്ര ബാധിത പ്രദേശങ്ങളിലൊഴികെ കടകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കടകളില്‍ പകുതി ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജീവനക്കാര്‍ മാസ്‌ക് ധരിക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കടകള്‍ വീണ്ടും തുറക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കോര്‍പറേഷനുകളുടെയും മുന്‍സിപാലിറ്റി കളിലേയും പരിധിക്ക് പുറത്ത് ചട്ടപ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ കടകള്‍ക്കും പ്രവര്‍ത്തിക്കാം. എന്നാല്‍ സിംഗിള്‍ ബ്രാന്‍ഡ്, മള്‍ട്ടി ബ്രാന്‍ഡ് മാളുകള്‍ക്ക് ഇളവ് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയതലത്തില്‍ പൊതുവായി ലോക്ക് ഡൗണ്‍ നിലനില്‍ക്കുകയാണ്. ഇതിനിടെ കേന്ദ്ര അഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച ചില ഇളവുകള്‍ സംസ്ഥാനത്തും അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ 15ലെ ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് സംസ്ഥാനത്ത് ഇളവുകള്‍ പ്രഖ്യാപിച്ചത്.

അതേസമയം സംസ്ഥാനത്ത് മെയ് ഒന്നാം തിയ്യതി മുതല്‍ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു.

കോവിഡ് -19 ഭീഷണിയെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒരുമാസം പിന്നിടുന്ന സമയത്താണ് വ്യാപാര സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവനുവദിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത്.

മുനിസിപ്പാലിറ്റികളുടെ പരിധിക്കുള്ളിലും ഗ്രാമീണ മേഖലകളിലുമുള്ള കടകൾക്ക് നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കുന്നതിനാണ് അനുമതി നൽകിയിട്ടുള്ളത്. പുതിയ ഉത്തരവ് പ്രകാരം ഗ്രാമപ്രദേശങ്ങളിലെ കമ്പോളങ്ങൾക്കും മുനിസിപ്പാലിറ്റികളിൽ റെസിഡൻഷ്യൽ പ്രദേശങ്ങളിലെ കടകൾക്കും തുറന്ന് പ്രവർത്തിക്കാം.

എന്നാൽ ഷോപ്പിങ് കോംപ്ലക്സുകൾ, മാളുകൾ, മദ്യശാലകൾ എന്നിവ അടഞ്ഞ് തന്നെ കിടക്കും. ഹോട്ട്സ്‌പോട്ടുകൾക്കും കോവിഡ് ബാധിത പ്രദേശങ്ങൾക്കും ഇളവുകൾ ബാധകമല്ല. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്രസർക്കാർ വെള്ളിയാഴ്ച പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ് കേരളം. ഇവിടെ ന​ഗരവത്കൃതമായ ​ഗ്രാമങ്ങളാണ്. ഹോട്ട് സ്പോട്ടിന് പുറത്തുള്ള ​കടകൾ തുറക്കാൻ ഇതോടെ അനുവദിക്കേണ്ടി വരും. ഉത്തരവ് വന്നാൽ ഉടനെ കട തുറക്കാം എന്ന് കരുതരുതെന്നും തുറക്കുന്നതിന് മുമ്പ് കട ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് നമ്മുടെ വ്യാപാരികൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇതിന് വേണ്ട മാർ​ഗ നിർദേശങ്ങളോട് കൂടിയ ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിക്കും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.